Posts

Showing posts from 2012

തിരക്കഥ

Image
ചാരമാകുന്നതിനു മുന്‍പ് കുറിച്ചിട്ട ഒരു കഥയുണ്ട്  ഞാന്‍ ഞാനായും നീ നീയായും അഭിനയിക്കേണ്ടിയിരുന്ന  ഒരു തിരക്കഥ  ചലച്ചിത്രമെന്ന ആഗ്രഹമല്ല  കഥയെന്ന സ്വപ്നം... കൌതുകം! ക്യാമറയും ലൈറ്റ്സോനുമില്ല  ആദിത്യന് നേരെ , ആദിത്യന് കീഴെ  പിന്നെ കടല്‍കാറ്റും കാട്ടാറും  ഉള്ളടക്കം അത്രമാത്രം  മരണമില്ലെന്ന് കരുതിയ ഭ്രാന്തന്‍ ചിന്തകള്‍  മരിക്കില്ലെന്ന് കരുതിയ സങ്കല്പങ്ങള്‍  പ്രപഞ്ചത്തോട് തോന്നിയ  അതിരില്ലാത്ത അഭിനിവേശം  സാക്ഷാത്കാരങ്ങള്‍ക്കായുള്ള അലച്ചില്‍.. ... നക്ഷത്രങ്ങളുടെ  കണ്ണുനീരായിരുന്നു വില്ലന്‍ കഥ മഴയില്‍ കുതിര്‍ന്നു, മഷി പടര്‍ന്നു...  ഒഴുകിപ്പോയ അക്ഷരങ്ങള്‍ക്കിടയിലെവിടെയോ  ഉരുകിനീങ്ങിയ കഥാപാത്രങ്ങള്‍.. ...ഞാന്‍, നീ, നമ്മള്‍ മറന്നുപോയ കഥയില്‍ മനംനൊന്ത്  കഥാവശേഷനായി പാവം കഥാകാരന്‍... ...   

ഗൃഹാതുരത്ത്വം

Image
വീടുവിട്ടത് അനുഭൂതികളുടെ തീര്‍ഥാടനത്തിനായിരുന്നു  ബന്ധങ്ങളുടെ തേങ്ങലുകള്‍ ബാക്കിയാക്കി   ദ്രവിച്ചു തുടങ്ങിയ തുകല്‍ചെരിപ്പുകള്‍ അഴിച്ചു വെച്ച്‌, അവന്‍ പുതുമഴയുടെ മണം തേടിയിറങ്ങി. അനുയാത്രയില്ലാതെ,  പാപനാശിനിയിലേക്ക് ... പുതുമഴ രാത്രിമഴയായ് പെയ്ത നാള്‍  അവന്‍ വിഷം തീണ്ടി. വെളുത്ത  പാദങ്ങള്‍ നീലിച്ചു,  കറുത്ത രാത്രിയില്‍ കാര്‍മേഘങ്ങള്‍ തിളങ്ങി.  മഴയുടെ പ്രഹരങ്ങള്‍ ഏറ്റുവാങ്ങി,  അനുഭൂതികളുടെ വഴിയെ  അവന്‍  തിരിഞ്ഞുനടന്നു .. അമ്മ കാത്തിരിക്കും,  വീട്ടിലേക്കിനിയും ദൂരമേറെ... 

പാരിജാതം

Image
ജന്മാന്തരങ്ങള്‍ അവസാനിക്കുമ്പോള്‍  നമുക്ക് പാരിജാതത്തിന്റെ ചോട്ടില്‍  ഒരിക്കല്‍ക്കൂടി ചെന്നിരിക്കാം  കൂവളത്തിന്റെ മണം  നീയെനിക്ക് തരിക,  നിത്യഗര്‍ഭം ധരിച്ച മയില്‍‌പ്പീലി ഞാന്‍ നിനക്ക്  നല്‍കാം  നമുക്ക് നമ്മുടെ ലൈബ്രറിമുറിയെ ഓര്‍ക്കാം, റോബിന്‍സന്‍ ക്രൂസ്സോയെയും ഉതുപ്പാനെയും ഓര്‍ക്കാം..   നിലാവിനോ ടൊ ത്തു  നമുക്ക്  ചിരിക്കാം   പിന്നെ തോര്‍ത്തില്‍ കുടുങ്ങിയ മാനത്തുകണ്ണിയെ ഓര്‍ത്ത് കരയാം... ഒടുവില്‍ ചിറ്റയറിയാതെ പറിച്ച പാരിജാതങ്ങള്‍  സമ്മാനിക്കും ഞാന്‍  മുടിയില്‍ ചൂടരുത്, കാതില്‍ വയ്ക്കരുത്  അവ  നെഞ്ചോട്‌  ചേര്‍ത്ത്, നക്ഷത്രങ്ങളെ നോക്കി കിടക്കാം... ഒരിക്കലും ഉണരാതെ, സുഖമായുറങ്ങാം.....

തകരപ്പെട്ടി

Image
അനന്തപുരിയുടെ വിതുമ്പുന്ന വികസന സ്വപ്നങ്ങള്‍ക്കിടയില്‍ , ഓരോ വട്ടവും ജനിക്കാനായ്   സൂര്യന്‍ മരിക്കുമ്പോള്‍ , നെടുവീര്‍പ്പിട്ടുണരുന്ന ഒരു തെരുവുണ്ട് ... വാക്കുകള്‍ കൊണ്ട് ശപിക്കപ്പെടുകയും , സഹനം കൊണ്ട് അനുഗ്രഹിക്കപ്പെടുകയും ചെയ്ത ബ്രിട്ടീഷ് സ്ട്രീറ്റിനു നല്ല മുല്ലപ്പൂവി ന്‍റെ  മണമാണ്.    കാലുകള്‍ക്കിടയില്‍ ചോര വാര്‍ന്നോഴുകുമ്പോഴും , ഒരുകൂട്ടം “ അസംസ്കൃത വസ്തുക്കളെ ” പച്ചയായി വ്യഭിചരിക്കാന്‍ കൂട്ടുനില്‍ക്കുന്ന   മുല്ലപ്പൂവിന്‍റെ മണം . ******************** അധികം വികാരവ്യത്യാസങ്ങളൊന്നും ഇല്ലാതെയായിരുന്നു സുഹ്റ അതു കേട്ടത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം താനിതാ വീണ്ടും ഒരു വില്പ്പനച്ചരക്കായിരിക്കുന്നു. ഒന്‍പത് വര്‍ഷം തന്നെ "സംരക്ഷിച്ച" ആനുമ്മയെ ഉപേക്ഷിച്ച് അവളിന്ന് പടിയിറങ്ങുകയാണ്.   ഇനിയെന്തെന്ന ചോദ്യത്തിന് അവളെ സംബന്ധിച്ചടത്തോളം പ്രസക്തി തീരെ കുറവായിരുന്നു. താന്‍ അവസാനമായ് കണ്ട സ്വപ്നം ഓര്‍മിച്ചെടുക്കാന്‍ അവള്‍ ശ്രമിച്ചു - തെല്ലും നിരാശയില്ലാതെ , ഒരു നിശ്വാസത്തോടെ അവളതുപെക്ഷിക്കുകയും ചെയ്തു. ഇക്കാലമത്രെയും തനിക്കു കൂട്ടിരുന്ന

നിഴലിനോട്‌ ..

Image
ആദ്യ പാഠം 'അനുകരണമായിരുന്നു'. പിന്നീട്  'നില്‍ക്കാനും' 'ഒഴിയാനും' ഒരുപാട് ഗുണം ചെയ്ത ആദ്യ പാഠം! റിയലിസവും സര്‍റിയലിസവും അന്യരായിരുന്ന ആ കാലത്ത് , എന്‍റെ വിരലുകളെ നീ മാനും മീനും മറുതയുമാക്കി. മണ്ണെണ്ണ വിളക്കിനേം എമര്‍ജന്‍സി ലാംബിനേം , എന്തിന്? അഭിമാനിയായ സൂര്യനെ പോലും നീ ശിഘണ്ടിയാക്കി. പിന്നെ ധൈര്യമായും ഭയമായും, താങ്ങായും തെമ്മാടിയായും, പ്രത്യക്ഷനും അപ്രത്യക്ഷനുമായി . എങ്കിലും അന്നെനിക്ക് നിന്നോട് മതിപ്പായിരുന്നു. ഒരിക്കലെങ്കിലും നീയാകാന്‍  ഞാന്‍ കൊതിച്ചിരുന്നു... പിന്നീടെന്നോ കാലത്തിന്‍റെ ആര്‍ത്തവത്തിനു മുറ തെറ്റി . കണിക്കൊന്നയെയും വേണാട് എക്സ്പ്രേസ്സിനേം അത് ഒരുപോലെ വിഡ്ഢികളാക്കി. അങ്ങനെ നാം അപരിചിതരായി. നിന്നെ കണ്ടിട്ടും ഞാന്‍ കണ്ടില്ലെന്നു നടിച്ചു,  നീ  എന്നെയും.. പിന്നെ പ്രണയവും മുന്നേറ്റവുമായി, കെട്ടിപ്പടുക്കാന്‍ സ്വപ്നങ്ങളായി , ചവിട്ടി മെതിക്കാന്‍ ജീവനുകളായി. അപ്പോഴേക്കും ഞാന്‍ നിന്നെ വെറുത്തിരുന്നു. ചിരിക്കാനും കരയാനും അറിയാത്ത നിന്നെ ഓര്‍ത്ത്, ഞാന്‍  സ്വയം അഭിമാനിച്ചിരുന്നു . നിന്‍റെ കഴിവു