Posts

Showing posts from 2013

കടല്‍

Image
കാറ്റിനോട് പിണങ്ങിയാണ് കടല്‍ത്തീരത്തെത്തിയത്. വിഷമങ്ങള്‍ പറഞ്ഞു സംസാരിച്ചിരുന്നു നേരം പോയതറിഞ്ഞില്ല അവള്‍ തിരകള്‍ കൊണ്ട് തഴുകി, കണ്ണുനീര്‍ തുടച്ചു ഒടുവില്‍ ചുംബിക്കാനൊരുങ്ങി. കാറ്റിനെയോര്‍ത്ത് ഒഴിഞ്ഞുമാറി കടലിനു നൊന്തു. അവള്‍ പാറക്കെട്ടുകളില്‍ തിരതല്ലിക്കരഞ്ഞു. ആപ്പോഴേക്കും കാറ്റ് പിണക്കം മറന്നു തിരികെ വന്നു ഞങ്ങള്‍ കൈപിടിച്ച് വീട്ടിലേക്ക്  നടന്നു.      ***** വര്‍ഷങ്ങള്‍ കടന്നുപോയി വീണ്ടും കടല്‍ത്തീരത്തെ ത്തേ ക്ക്... ഇടംകൈയില്‍ കാറ്റ് കൂടെയുണ്ട് ഒപ്പം പരിഭവങ്ങള്‍, കുറ്റബോധങ്ങള്‍ കടല്‍ ഇന്നും തിരതല്ലിക്കരയുന്നു. കണ്ണുകള്‍ ചേര്‍ന്നപ്പോള്‍ അവള്‍ പെട്ടെന്ന്‍ ശാന്തമായി. തിരകള്‍ പാട്ടുപാടി പതിയെ വന്നു, എന്തോ മറന്നുവെച്ച് തിരികെ പോയി. ഒരു ചിപ്പി,   അതിനുള്ളിലൊരു മുത്ത്. ഞാനതിനെ കാറ്ററിയാതെ വലംകൈയിലൊളിപ്പിച്ചു. കടല്‍ ചക്രവാളത്തില്‍ പോയി പൊട്ടിക്കരഞ്ഞു. കാറ്റും ഞാനും പുഞ്ചിരികള്‍ പങ്കുവെച്ചു...            

ജല്പനങ്ങൾ

Image
നീ അവസാനിച്ചിടത്തു നിന്നാണ് ഞാൻ പ്രണയിച്ചു തുടങ്ങിയത് അതിനു മുൻപ് പ്രണയമുണ്ടായിരുന്നില്ല ഉറക്കമില്ലാത്ത രാത്രികളും ദിവാസ്വപ്നങ്ങളും മാത്രം അക്ഷരങ്ങൾ മാത്രം കൂട്ടിരിക്കും അന്നും ഇന്നും അക്ഷരങ്ങൾ മാത്രം. നിനക്ക് നല്കാൻ കാത്തുവെച്ചതും   അവ മാത്രമാണ് ഒറ്റയായും കൂട്ടായുമുള്ള കുറെ അക്ഷരങ്ങൾ നീ കാതോര്ത്തിരുന്നിരുന്നെങ്കിലും ഒരുപക്ഷെ കേൾക്കുമായിരുന്നില്ല കാരണം  അവ എന്നും  ജല്പനങ്ങളായിരുന്നു. ഉള്ളിൽ  തുടങ്ങി ഉള്ളിൽ തന്നെ അടങ്ങുന്നത് അതുകൊണ്ടാകാം നീ അവസാനിക്കും വരെ ഞാൻ പ്രണയിക്കാതിരുന്നത്

മത്സ്യകന്യക

Image
രാഘവന്റെ ആദ്യ പേര് രാഘവന്‍ എന്നായിരുന്നില്ല. രാഘവന്റെ ആദ്യ പേര് രാഘവന് പോലും അറിയില്ലായിരുന്നു. **** ചെറുതിലെ തന്നെ മീന്‍പിടുത്തത്തില്‍ കേമനായിരുന്നു അവന്‍. പരല്‍ മീനുകള്‍ മുതല്‍ നീലത്തിമിംഗലം വരെ അവന്റെ കൈപ്പിടിയില്‍ ഒതുങ്ങുമെന്നാണ് കഥ. താന്‍ തിമിംഗലത്തെ കണ്ടിട്ടുപോലുമില്ലെന്ന് രാഘവന് നന്നായറിയാം. എങ്കിലും പുകഴ്ത്തുന്നവരെ അവന്‍ തിരുത്താന്‍ പോകാറില്ല. രാഘവന്‍ ആദ്യാമായ് ചുണ്ടത്ത് വിരല്‍ വയ്ക്കുന്നത് പേരറിയാത്തൊരു കടല്‍പക്ഷിയെ കണ്ടിട്ടാണ്. നിലംതൊടാതെ വായുവില്‍ പറന്നുനടന്ന അതിനെ അവന്‍ ഏറെ നേരം നോക്കിനിന്നു. അതിന്റെ കൈകളില്‍ വിരലുകളില്ല. കാലുകൊണ്ടാണത് മീന്‍ പിടിക്കുന്നത്. ആ കൈകള്‍ കൊണ്ടതിനു ഉയരാം... താഴാം... വെള്ളത്തിനു മീതെ നിന്ന് സ്വന്തം മുഖം നോക്കാം. ഒരു ജോഡി ചിറകുകളെങ്ങനെ ഒപ്പിക്കും എന്നായി അവന്റെ ചിന്ത. പല വിദ്യകളും  നോക്കിയെങ്കിലും ഒന്നും ഒത്തുവന്നില്ല. ഒടുവില്‍ അമ്മയോട് വിവരം പറഞ്ഞു. അവര്‍ അവനെ അവരുടെ പഞ്ഞിപോലുള്ള നെഞ്ചിലേക്ക് ചേര്‍ത്തു. “കൈ വിടര്‍ത്തി കണ്ണടച്ച് നിന്ന് നോക്കിയേ...കാറ്റെന്റെ പൊന്നിനെ തേടി വരുന്നതറിയാം...പക്ഷികള്‍ക്കുളളതുപോലെ നിന