Posts

Showing posts from February, 2014

അശോകന്റെ കൂട്

Image
ഭാഗം ഒന്ന്‍:  അശോകന്‍ അശോകന്റെ കഥ തുടങ്ങുന്നത് ഒരു തട്ടിന്‍പുറത്തു നിന്നുമാണ്. തന്റെ പത്താം പിറന്നാളിലെ അമ്മയുടെ അടപ്രഥമന്റെ രുചി ആഘോഷമാക്കാനായിരുന്നു അശോകന്‍ തട്ടിന്‍പുറത്തു വലിഞ്ഞുകയറിയത്‌. കുറച്ചുകാലമായി മനസ്സില്‍ കൊണ്ടുനടന്നിരുന്ന ആഗ്രഹം ഒരവസരം കിട്ടിയപ്പോള്‍ സഫലീകരിച്ചു  എന്ന് പറയുന്നതാകും കൂടുതല്‍ ശരി. തട്ടിന്‍പുറം, മുത്തശ്ശി പറയാറുള്ള സൂര്യനുദിക്കാത്ത സാമ്രാജ്യത്തിലേക്കുള്ള കവാടമാണെന്നാണ് അവന്‍ വിശ്വസിച്ചിരുന്നത്. അതുള്‍ക്കൊണ്ടിരുന്ന അന്ധകാരവും നിഗൂഢതയും വാവലുകളുമെല്ലാം മേരിക്കുട്ടിയുടെ അച്ഛന്‍ കൊടുത്തയച്ച പേര്‍ഷ്യന്‍ പഞ്ഞിമിഠായിപോലെ അവനെ എന്നും ആകര്‍ഷിച്ചിരുന്നു. തട്ടിന്‍പുറത്ത് ഉമ്മാക്കിയു‍‌‍ണ്ടെന്നും, പണ്ട് അയലത്തെ വീട്ടിലെ കാര്‍ത്തൂന് ജന്നിവന്നത് ഉമ്മാക്കി  വിയര്‍പ്പ്  കുടഞ്ഞതുകൊണ്ടാണെന്നുമൊക്കെ അശോകന്റെ മുത്തശ്ശി, അതായത്  ബലരാമന്‍ നായരുടെ ഭാര്യ കുഞ്ഞിലക്ഷ്മി അവനോടു പലവട്ടം പറഞ്ഞിരിന്നുവെങ്കിലും, ദൈവത്തിലും ചെകുത്താനിലും വിശ്വാസമില്ലായിരുന്ന നെക്സലമ്മാവന്‍  യാതൊരു കേടുപാടും കൂടാതെ തട്ടിന്പുറത്തുനിന്നും  ഇറങ്ങിവരുന്നത് കണ്ടിട്ടുളളതിന്റെ ബലം അവനു