Posts

Showing posts from 2022

കോട

Image
ഞാൻ ചെറുതും എന്റെ അനുജൻ തീരെ ചെറുതും ആയിരുന്ന ഒരു വേനലവധിക്കാലത്താണ് കോട ആദ്യമായി ഞങ്ങളുടെ വാടകവീട്ടിലേക്ക് വരുന്നത്. കോടയുടെ യഥാർത്ഥ പേര് എന്താണെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. അവർ മണ്ണിന്റെ ആഴങ്ങളിലേക്ക് അലിഞ്ഞുചേർന്ന്, അവിടം മുറുക്കിച്ചുവപ്പിച്ചു കാലങ്ങൾക്ക് ശേഷമാണ് അവർക്ക്‌ ജഗദമ്മ എന്നൊരു പേരുണ്ടായിരുന്നതായും, ജനിച്ചുവീണപ്പോഴും പൂത്തുവളർന്നപ്പോഴും ആരും അവരെ കോടയെന്ന് വിളിച്ചിരുന്നില്ലെന്നും ഞാനറിയുന്നത്. ഫേഷ്യൽ പാൽസി എന്നൊരു അസുഖമുണ്ടെന്നും അത് ആർക്കും എപ്പോൾ വേണമോ വരാമെന്നുമൊക്കെ ഞാൻ അറിയാനാകട്ടെ ഇനിയും കാലമുരുളേണ്ടിയിരുന്നു.  നഗരമെന്നോ ഗ്രാമമെന്നോ പറയാനാകാത്ത ഒരു സ്ഥലത്തായിരുന്നു ഞങ്ങളുടെ വാടകവീട്. മൂന്നു മുറികളും ഒരു ഹാളും അടുക്കളയുമുള്ള ആ വീടിന്റെ ചുമരുകൾ തീരെ ബലമില്ലാത്തതും വിരലുകൾ കൊണ്ട്  ആഞ്ഞമർത്തിയാൽ അടർന്നുവീഴുന്നതുമായിരുന്നു. കൂട്ടിനു അമ്മ വല്ലപ്പോഴും അമ്മുമ്മ തരംകിട്ടുമ്പോൾ എല്ലായ്പ്പോഴും  പറഞ്ഞുതന്നിരുന്ന  കഥകൾ മാത്രമുണ്ടായിരുന്നതിനാലാകാം  അതൊരു അരക്കില്ലമാണെന്നും ഏതെങ്കിലും ഒരു രാത്രിയിൽ അതിനോടൊപ്പം ഞങ്ങളും  കത്തിയമരുമെന്നും ഞാൻ വിശ്വസിച്ചിരുന്നു.    ഞങ്ങളുടെ അരക്ക