Tuesday, December 1, 2015

ചിതലുകൾ

ഭാഗം ഒന്ന് : ആന്‍ ഫ്രാങ്ക്നരേന്ദന്റെ പ്രിയപ്പെട്ട കസേരയെ അവന്‍ ‘’ആന്‍ ഫ്രാങ്ക്’’ എന്നാണു വിളിച്ചിരുന്നത്. നരേന്ദ്രന്‍ പരീക്ഷകള്‍ക്ക് പഠിച്ചതും, പ്രേമലേഖനമെഴുതിയതും, പിന്നീട് ഭാരിച്ച ഹൃദയത്തിന്റെ ഞെരുങ്ങിയ അറകളെ കഥകളായി തുറന്നിട്ടതും, അവ പുസ്തകങ്ങളാക്കിയതുമെല്ലാം ആന്‍ ഫ്രാങ്കിന്റെ മടിയിലിരുന്നാണ്.

എന്നാല്‍ പെട്ടെന്നൊരു ദിവസം ഒരു വാക്ക് പോലും പറയാതെ, ഒരു സൂചന പോലും നല്‍കാതെ, ആന്‍ ഫ്രാങ്ക് നരേന്ദ്രനെ വിട്ടു എങ്ങോട്ടോ പോയി.

പുരയിടത്തിനു ചുറ്റിലും പുരയിടത്തിനുള്ളിലുമെല്ലാം നരേന്ദ്രന്‍ ആന്‍ ഫ്രാങ്കിനെ അന്വേഷിച്ചു. എല്ലാ ചെറുപ്പക്കാരെയും പോലെ ആദ്യം അമ്മയോടാണ് തന്റെ ആന്‍ ഫ്രാങ്കിനെ കണ്ടോ എന്നവന്‍ ചോദിച്ചത്.

‘’ആ പഴയ കസേര ആരെടുക്കാനാ! അവിടെങ്ങാനും തന്നെ കാണും. സദാസമയം മുറിയും ജനലുമടച്ചിരുന്നാല്‍ പിന്നെ കണ്ണ് കാണുവോ? നേരാം വണ്ണം നോക്ക്!’’ 

“അതല്ലമ്മേ. അതവിടില്ലാ...ഞാന്‍ നോക്കിയതാ...ഇനി വല്ല കള്ളന്മാരെങ്ങാനും....’’

“ഓ പിന്നെ! എന്റെ കുട്ടീടെ കസേര കക്കാനല്ലേ കള്ളന്മാര്‍ക്ക് നേരം. അതിലും വിലയുള്ള പലതും ഉണ്ട് ഈ വിട്ടില്‍.’’ അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.

എന്നാല്‍ നരേന്ദ്രന് മാത്രമറിയാവുന്ന ഒരു സത്യമുണ്ട്. ആന്‍ ഫ്രാങ്കിനോളം വിലയുള്ളതൊന്നും ആ വീട്ടിലില്ല. ചെപ്പായി പഞ്ചായത്തില്‍ തന്നെയില്ല. എന്തിന്! ഈ ആകാശഭൂമിയില്‍ തന്നെയുണ്ടോ എന്നകാര്യം സംശയമാണ്.

****

ആന്‍ ഫ്രാങ്ക് ആദ്യമായി വീട്ടിലേക്ക് വന്ന ദിവസം നരേന്ദ്രന് ഓര്‍മ്മയുണ്ട്. മകന്‍ പഠിച്ച് വലിയ ആളാകുന്നതും സ്വപ്നം കണ്ടാണ്‌ അച്ഛന്‍ അവനുവേണ്ടി രവീന്ദ്രനാശാരിയെ കൊണ്ട് മേശയും കസേരയും പണികഴിപ്പിച്ചത്. രണ്ടു ഡ്രായറുണ്ടായിരുന്നു എന്നല്ലാതെ പറയത്തക്ക സവിശേഷകതകളൊന്നും മേശയ്ക്കുണ്ടായിരുന്നില്ല. എന്നാല്‍ കസേര അങ്ങനെയല്ല. അതൊരു കലാസൃഷ്ടി തന്നെയായിരുന്നു. തേക്കില്‍ കടഞ്ഞെടുത്ത ഒരു ശില്‍പം.

മെഴുകുപോലെ വഴുക്കുള്ള ശരീരം. ഏതോ നൃത്തമുദ്ര കണക്കെ താഴേക്കൊഴുകുന്ന രണ്ടു കൈപ്പിടികള്‍. ബാലറീന നര്‍ത്തകിയുടേത് എന്ന് തോന്നിപ്പിക്കുന്ന  കാലുകള്‍(ആ കാലുകളില്‍ പിന്നീട് നരേന്ദ്രന്‍ സോക്സുകളിട്ട് കൊടുത്തിരുന്നു.). അതായിരുന്നു ആന്‍ ഫ്രാങ്ക്.

****

ഏതൊരു വായനക്കാരനെയും ഒരു ‘സീരിയസ്’ വായനക്കാരനാക്കുന്ന ഒരു പുസ്തകമുണ്ടാകും. നരേന്ദ്രന്റെ ഓര്‍മ്മയില്‍ ആവന്‍ ആദ്യമായി മുഴുവിപ്പിച്ച പുസ്തകം ജംഗിള്‍ ബുക്കിന്റെ മലയാളം പരിഭാഷയാണ്. എന്നാല്‍ അവന്‍ ആദ്യമായി വായിച്ചു കരഞ്ഞതും അടച്ചുവെക്കാന്‍ മടിച്ചതുമെല്ലാം ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളാണ്. അതുകൊണ്ടാകണം അവന്‍ തന്റെ പ്രിയപ്പെട്ട കസേരയെ അങ്ങനെ വിളിച്ചത്.

****

സത്യത്തില്‍ ആന്‍ ഫ്രാങ്കിന്റെ തിരോധാനത്തോടെ നരേന്ദ്രന്‍ തന്റെ ആസനത്തെ കുറിച്ച് ബോധവാനാകുകയായിരുന്നു. ഇന്നാളുവരെ അവനു ആസനമുറപ്പിക്കാന്‍ ഒരിടമുണ്ടായിരുന്നു. ആന്‍ ഫ്രാങ്കിന്റെ മടിത്തട്ടിനോളം സുഖകരമായ ഇരിപ്പിടങ്ങളൊന്നും അവനു കണ്ടെത്താനായില്ല. അവനു വായിക്കുവാനോ എഴുതുവാനോ കഴിഞ്ഞില്ല. ചിന്തകളെല്ലാം ആന്‍ ഫ്രാങ്കിനെ കുറിച്ചുമാത്രം.

സ്വന്തം മുറിയിലെ നാല് ചുമരുകള്‍ക്കപ്പുറമുള്ള ലോകത്തെ  കഴിഞ്ഞ കുറെ കാലങ്ങള്‍ കൊണ്ട് ഏതാണ്ടൊക്കെ നരേന്ദ്രന്‍ മറന്നിരുന്നു. ഫിലോസഫിക്കലായും കാല്പനികമായും കുറെ കഥകളെഴുതി എന്നല്ലാതെ താന്‍ ജനിച്ചുവീണ ചെപ്പായി അവനു ഇപ്പോള്‍ പരിചിതമല്ല. പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും മാത്രമാണ് നരേന്ദ്രന്‍ ഇപ്പോള്‍ ലോകത്തെ കണ്ടിരുന്നത്. ആന്‍ ഫ്രാങ്കിന്റെ തിരോധാനത്തോടെ അതിനും കഴിയാതായി. അതോടെ ആ നാല് ചുവരുകളും അടുത്തടുത്തുവരുന്നതായും ഏതുനിമിഷവും അവയ്ക്കിടയില്‍പെട്ട് താന്‍ ചതഞ്ഞരഞ്ഞേക്കാമെന്നും അവനു തോന്നി.

അങ്ങനെയാണ് തന്റെ പ്രിയപ്പെട്ട ആന്‍ ഫ്രാങ്കിനെ കണ്ടെത്താനായി നരേന്ദ്രന്‍ തന്റെ മുറിയില്‍ നിന്നും വര്‍ഷങ്ങള്‍ക്ക്ശേഷം ആദ്യമായി പുറത്തിറങ്ങി ചെപ്പായിയുടെ ഉള്ളിലേക്ക് കടന്നു ചെല്ലുന്നത്.   

****

നരേന്ദ്രന്റെ വീട്ടുമുറ്റം പണ്ട് മണ്ണുകൊണ്ടുള്ളതായിരുന്നു. അവിടമാകെ പെരുമരത്തിന്റെ ഇലകള്‍ വീണുകിടക്കുമായിരുന്നു. മറ്റ്‌ മരങ്ങളുടെ ഇലകള്‍ക്കൊന്നുമില്ലാത്ത ഒരു പ്രത്യേക ചുവപ്പായിരുന്നു പെരുമരത്തിന്റെ ഇലകള്‍ക്ക്. കുങ്കുമമല്ല അതിലും കടുത്ത ഒരു ചുവപ്പ്. അസ്തമയത്തില്‍ അതിശയോക്തി കലര്‍ത്തിയ ചുവപ്പ്. എന്നാല്‍ നരേന്ദ്രന്‍ എത്ര തിരഞ്ഞിട്ടും പെരുമരത്തെ കാണാനായില്ല. ഒരുപക്ഷെ ആന്‍ ഫ്രാങ്കിനു കൂട്ടുപോയതാകാം. അതുനിന്നിടത്ത് ആരോ ആന്തോറിയത്തിന്റെ ചെടിച്ചട്ടികള്‍ സ്ഥാപിച്ചിരിക്കുന്നു.

മഴ ചാറുന്നുണ്ടായിരുന്നു. മണ്ണിന്റെ മണത്തിനായി അവന്‍ നാസേന്ദ്രിയത്തെ ഒരുക്കിവെച്ചു. ആ മണം ഒരിക്കല്‍ അവനു ലഹരിയായിരുന്നു, അതവനെ ഉന്മാദനാക്കിയിരുന്നു. അവയുടെ വീര്യം ഒരുപാട് കുറഞ്ഞതായി ഇപ്പോളവനു തോന്നി. അവന്‍ ഭൂമിയിലേക്ക് നോക്കി. മുറ്റം അലങ്കരിച്ചിരുന്ന ഓറഞ്ചു ടൈലുകളില്‍ അങ്ങിങ്ങായി പായലുകള്‍ ഭൂപടം വരച്ചിരുന്നു.

****

ചെപ്പായിയില്‍ നരേന്ദ്രന് വഴിതെറ്റാത്ത ഒരിടമുണ്ട്. ബാലന്‍ മാസ്റര്‍ മെമോറിയല്‍ വായനശാല! അവിടെ വെച്ചാണ് നരേന്ദ്രന്‍ ചരിത്രത്തിലെ ആന്‍ ഫ്രാങ്കിനെ പരിചയപ്പെടുന്നത്. ബാലന്‍ മാസ്റര്‍ മെമോറിയല്‍ വായനശാലയാണ് ബാലചന്ദ്രനെ പുസ്തകങ്ങള്‍ക്ക്‌ പരിചയപ്പെടുത്തിയത്. അവിടെവെച്ചാണ് ദാസ്തെയോവ്സ്കിയും, ഓ വി വിജയനും, കാറല്‍ മാര്‍ക്സും, ഓസ്കാര്‍ വൈല്‍ഡുമെല്ലാം നരേന്ദ്രനോട്‌ വര്‍ത്തമാനം പറഞ്ഞിരുന്നത്.

അങ്ങനെ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നരേന്ദ്രന്‍ ബാലന്‍ മാസ്റര്‍ മെമോറിയല്‍ വായനശാലയുടെ വാതില്‍ തള്ളിത്തുറന്നു ഉള്ളിലേക്ക് കടന്നു.

****

ഭാഗം രണ്ട്: ബാലന്‍ മാസ്റര്‍ മെമോറിയല്‍ വായനശാലനാല്‍ക്കാലികള്‍ക്കും ഇരുകാലികള്‍ക്കും മുന്‍പേ ചെപ്പായിയില്‍ ചിതലുകളുണ്ടായിരുന്നു. മണ്ണിലും കല്ലിലും മരത്തിലും തളിരുമെല്ലാം ചിതലുകളെ അന്ന് കണ്ടിരുന്നു. ഇന്ന് ചെപ്പായിപ്പുഴ ഒഴുകുന്ന പ്രദേശം പണ്ട് വരണ്ടുണങ്ങിയ തരിശായിരുന്നത്രേ. അന്നവിടെ, എന്നെങ്കിലും പൊട്ടിവീഴാനൊരുങ്ങി നില്‍ക്കുന്ന ആകാശത്തെ, മുറിവേല്‍പ്പിക്കാനെന്നോണം  മുള്ളുകള്‍ പോലെ കൂര്‍ത്തുപൊങ്ങി നിന്നിരുന്ന ചിതല്‍ പുറ്റുകളുണ്ടായിരുന്നു. പിന്നീട് ലക്ഷ്യമില്ലാതെ ഒഴുകിവന്ന ചെപ്പായിപ്പുഴ ചിതല്‍ പുറ്റുകളെയും കൊണ്ടുപോയി. ഒഴുക്കിന്റെ ധൃതിയില്‍ ചിതലുകളെ അവള്‍ ശ്രദ്ധിച്ചില്ല, അവയുടെ വിങ്ങലുകള്‍ കേട്ടില്ല, അവള്‍ ഒന്നും തന്നെ അറിഞ്ഞില്ല.

ശേഷിച്ച ചിതലുകള്‍ ചെപ്പായിമലയില്‍ അഭയം തേടി. അവിടെ പുറ്റുകള്‍ തീര്‍ത്ത് അവര്‍ എന്തിനോവേണ്ടി കാത്തിരുന്നു . 

****

ചെപ്പായിയില്‍ ബാലന്‍ മാസ്റര്‍ വായനശാല രൂപം കൊളളുന്നത് ആയിരത്തിത്തൊള്ളായിരത്തിഎഴുപത്തിയാറിലാണ്. ‘‘ബാലന്‍ മാസ്റര്‍’’ എന്ന പേര് കേള്‍ക്കുമ്പോള്‍ ആളൊരു അധ്യാപകനായിരുന്നിരിക്കണം എന്ന് തോന്നിയെങ്കില്‍ തെറ്റി. അന്നും ഇന്നും ചെപ്പായിക്കാര്‍ ആരും അധ്യാപകരായിട്ടില്ല. ചെപ്പായി സ്കൂളിലെ മാഷ്മ്മാരെല്ലാം പുറംദേശക്കാരാണ്. ബാലന്‍ മാസ്റര്‍ അഥവാ മാന്തോട്ടില്‍ ബാലകൃഷ്ണന്‍ ഒരു പോസ്റ്മാന്‍ ആയിരുന്നു.

ഒരു പോസ്റ്മാനായിരുന്നെങ്കിലും ചെപ്പായിക്കാരെ സംബന്ധിച്ച് അദ്ദേഹമായിരുന്നു സര്‍വവിജ്ഞാനകോശത്തിന്റെ ആള്‍രൂപം . ചെപ്പായിക്കാര്‍ക്ക് വരുന്ന കത്തുകളും, നോട്ടീസുകളും, ടൌണിലെ ഡോക്ടര്‍ കുറിക്കുന്ന ഇംഗ്ലീഷ് മരുന്നുകളും, സിനിമാപോസ്ടറുകളിലെ കുറിപ്പുകളുമെല്ലാം ഞൊടിയിടയില്‍ വായിച്ച് മാന്തോട്ടില്‍ ബാലകൃഷ്ണന്‍ ചെപ്പായിക്കാരെ അത്ഭുതപ്പെടുത്തിയിരുന്നു. സൂര്യന് കീഴെയുള്ള ഏത് ചോദ്യത്തിനും  ചെപ്പായിക്കാര്‍ അന്നൊക്കെ സമീപിച്ചിരുന്നത് അദ്ദേഹത്തെയാണ്. ആ ബഹുമാനത്തില്‍ നിന്നുമാണ് മാന്തോട്ടില്‍ ബാലകൃഷ്ണന്‍ എന്ന പോസ്റ്മാനെ അവര്‍ ‘’ബാലന്‍ മാസ്റര്‍’’ എന്ന് വിളിച്ചുതുടങ്ങിയത്.

ആയിരത്തിത്തൊള്ളായിരത്തിയെഴുപത്തിയഞ്ചില്‍ ബാലന്‍ മാസ്റര്‍ സര്‍പ്പദംശനമേറ്റ് മരിക്കുമ്പോള്‍ ചെപ്പായി ഒന്നടങ്കം കണ്ണുനീര്‍ പൊഴിച്ചു. തങ്ങളുടെ പ്രിയപ്പെട്ട ബാലന്‍ മാസ്ടര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനായി വെമ്പല്‍കൊണ്ടുനിന്ന ചെപ്പായിക്കാര്‍ക്ക് ''വായനശാല'' എന്ന ആശയം പറഞ്ഞുകൊടുത്തത് ദിനകരന്‍  മാസ്ടറായിരുന്നു ( ദിനകരന്‍  മാസ്റര്‍ ശരിക്കും ഒരു മാസ്ടറായിരുന്നു). ചെപ്പായിസ്കൂളിലെ മലയാളം മാഷ്‌ പറഞ്ഞത് എന്തുകൊണ്ടും ശരിയാണെന്ന് അവര്‍ക്ക് തോന്നി. തങ്ങള്‍ക്കറിയാത്ത അക്ഷരങ്ങള്‍ പറഞ്ഞു തന്ന ബാലന്‍ മാസ്റ്ററുടെ ഓര്‍മയ്ക്ക് എന്തുകൊണ്ടും അക്ഷരങ്ങള്‍ തന്നെയാണ് നല്ലതെന്ന് അവര്‍ തീരുമാനിച്ചു.

അങ്ങനെയാണ് കവലയില്‍ ആര്‍ക്കും വേണ്ടാതെ കിടന്ന ഒരു ഒറ്റമുറിക്കട ബാലന്‍ മാസ്റര്‍ വായനശാലയായി പരിണമിച്ചത്.

****

ഭാഗം മൂന്ന്‍: ചിതലുകള്‍വര്‍ഷങ്ങള്‍ക്ക് ശേഷം ബാലന്‍ മാസ്റര്‍ വായനശാലയിലേക്ക് കടന്നുചെന്ന  നരേന്ദ്രന് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

ചിതലുകള്‍!

ഒരുകാലത്ത് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്ന ബാലന്‍ മാസ്റര്‍ വായനശാല ചിതലുകള്‍ കൈയടക്കിയിരിക്കുന്നു. ഷെല്‍ഫുകളിലുടനീളം വേരുകള്‍ പോലെ ചിതലുകള്‍ കൂടുകെട്ടിയിരിക്കുന്നു.
തന്റെ പ്രിയപ്പെട്ട പുസ്തകങ്ങളുടെ ഹൃദയങ്ങള്‍ തുരന്ന് അവ കൂടുകെട്ടിയിരിക്കുകയാണ്. ആ പുസ്തകങ്ങള്‍ക്കുള്ളിലെ വാക്കുകള്‍ ചിതലുകളുടെ വയറിനുള്ളില്‍ കിടന്നു നിലവിളിക്കുകയാണെന്നു നരേന്ദ്രന് തോന്നി.

അന്ന കരിനീനയുടെയും, മിഷ്കിന്‍ രാജകുമാരന്റെയും അപ്പുക്കിളിയുടെയും ഭീമസേനന്റെയുമൊക്കെ നിലവിളി നരേന്ദ്രന്‍ കേട്ടു.
ഉപയോഗിക്കാതെ ദ്രവിച്ചുപോയ ബഞ്ചിന്‍ കഷണങ്ങളിലൊന്നില്‍ നരേന്ദ്രന്‍ ഇരുന്നു.

ഇത്രയും കാലം മുറിപൂട്ടിയിരുന്ന് എഴുതിയ താന്‍ അമ്മ പറഞ്ഞപോലെ  ശരിക്കും ഒരു അന്ധനാനെന്നു അവനു തോന്നി. ഇക്കാലമത്രയും ഒരിക്കല്‍ പോലും ബാലന്‍ മാസ്റര്‍ വായനശാലയും പുസ്തകങ്ങളും തന്റെ മനസ്സില്‍ എന്തുകൊണ്ട് കടന്നുവന്നില്ല എന്ന് അവന്‍ സ്വയം ചോദിച്ചു.

അതിനിടയില്‍ ഇരുള്‍ വീണു. നരേന്ദ്രന്‍ ആരോ എപ്പോഴോ മറന്നുവെച്ച  മണ്ണെണ്ണ വിളക്കിലേക്ക് തന്റെ ലൈറ്ററില്‍ നിന്നും വെളിച്ചം പകര്‍ന്നു.

****

അരണ്ട വെളിച്ചത്തില്‍ നരേന്ദ്രന്‍ അവിടെ ഒറ്റയ്ക്കിരുന്നു.

പെട്ടെന്ന് ഷെല്‍ഫുകള്‍ക്ക് പിന്നില്‍ എന്തൊക്കെയോ തിളങ്ങുന്നതായി അവനു തോന്നി. അവന്‍ അതിനടുത്തേക്ക് ചെന്നു. ആരൊക്കെയോ പിറുപിറുക്കുന്നുണ്ട്.പുസ്തകങ്ങള്‍ക്കിടയിലൂടെ അവന്‍ കണ്ണ് കൂര്‍പ്പിച്ചു. പിന്നെ പുസ്തകങ്ങള്‍ തള്ളി മാറ്റി ഒരു വിടവുണ്ടാക്കി.
ആ വിടവ് നരേന്ദ്രന്റെ കണ്ണുകളെ കൊണ്ടെത്തിച്ചത് ഇരുണ്ട ഒരു അറയിലേക്കാണ്. അവിടെ ഒരു വലിയ വട്ടമേശയ്ക്ക് ചുറ്റുമായി ആരൊക്കെയോ ഇരിക്കുന്നു. നടുവിലെ വിളക്കില്‍ നിന്നും ചിതറിയ മഞ്ഞവെളിച്ചം ആ മനുഷ്യരുടെ മുഖങ്ങളെ ശോഭിപ്പിച്ചു. മുന്പ്  കേട്ടത് പിറുപിറുപ്പല്ലെന്നും സംഭാഷണങ്ങളാണെന്നും നരേന്ദ്രന് മനസ്സിലായി.

അവര്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ട് ചീട്ടുകളിക്കുകയാണ്. നരേന്ദ്രന്‍ ആ സംഭാഷണങ്ങളിലേക്ക് ഇറങ്ങിച്ചെന്നു.

****

“മിസ്റ്റര്‍ ഫ്യൂദൊർ , നിങ്ങള്‍ക്കെങ്ങനെ കഴിഞ്ഞു സ്വന്തം ഭരണകൂടത്തെ തന്നെ അടച്ചു വിമര്‍ശിക്കാന്‍? മരണം മുന്നില്‍ വരുമെന്നറിഞ്ഞിട്ടും നിങ്ങള്‍ എന്തിനാണ് അതിനു മുതിര്‍ന്നത്?’’

കൈയിലെ ചീട്ടുകൂട്ടത്തില്‍ നിന്നും കണ്ണെടുക്കാതെ ആ തിളങ്ങുന്ന കണ്ണുകളുള്ള ചെറുപ്പക്കാരന്‍ ചോദിച്ചു.

“പേടി. അതുകൊണ്ടാണ്...അതുകൊണ്ടാണ് ഞാന്‍ എഴുതിപ്പോയത്...” തന്റെ കസേരയിലേക്ക് ചാഞ്ഞിരുന്നുകൊണ്ട് ദാസ്തെയോവ്സ്കി മറുപടി പറഞ്ഞു.

“പേടിയോ! നിങ്ങളുടെ ഉത്തരം രസകരമാണ് ഫ്യൂദൊർ . ചിലപ്പോഴൊക്കെ എനിക്ക് തോന്നും നിങ്ങള്‍ നിങ്ങളുടെ മിഷ്കിനെപ്പോലെ ഒരു വിഡ്ഢിയാണെന്ന്.”

“ശരിയാണ് ഫ്രാന്‍സ്, ഞാനൊരു വിഡ്ഢിയാണ്. അതോടൊപ്പം ഒരു ഭീരുവുമാണ്. നിന്റെ ഗ്രെഗര്‍ സാംസയെ പോലെ. പക്ഷെ  ഞാന്‍ ഭയന്നത് ഞാന്‍ എഴുതാതിരിക്കുമ്പോഴുള്ള അവസ്ഥയെക്കുറിച്ചോര്‍ത്തായിരുന്നു. ഞാന്‍ നിശ്ശബ്ദനാകുമ്പോള്‍ ഒരുപാട് പേര്‍ നിശ്ശബ്ദരാകുന്നു എന്നെനിക്ക് തോന്നി. നിരാലംബരായ, നിസ്സഹായരായ ഒരുപാട് പേര്‍! ആ അവസ്ഥയെ ഞാന്‍ പേടിച്ചു. അതുകൊണ്ട്...അതുകൊണ്ട് മാത്രം ഞാനെഴുതി. സൈബീരിയയിലെ തണുപ്പ് എന്റെ ഭീതിക്കുള്ള കമ്പിളിപ്പുതപ്പായിരുന്നു.” 

ഇത്രയും പറഞ്ഞുകൊണ്ട് ഫ്യൂദൊർ  മിഖൈലോവിച്ച് ദസ്തെയോവ്സ്കി ഒരു പുക വിട്ടു.

“എനിക്ക് തെറ്റിയില്ല. നിങ്ങള്‍ ഒരു വിഡ്ഢി തന്നെ. നിങ്ങളുടെ മിഷ്കിന്‍ രാജകുമാരനെപ്പോലെയും എന്റെ ഗ്രെഗര്‍ സാംസയെപ്പോലെയും ഒരു പമ്പരവിഡ്ഢി! സത്യം പലപ്പോഴും വിഡ്ഢിത്തം തന്നെയാണ് ഫയദോര്‍...” .

ഫ്രാന്‍സ് കാഫ്ക തന്റെ ചീട്ടുകള്‍ മടക്കി കസേരയില്‍ നിന്നും എഴുന്നേറ്റ്‌ ഇരുളിലേക്ക് നടന്നു. അപ്പോള്‍ അയാളുടെ മുതുകിലൂടെ ഓടുന്ന ഒരു പാറ്റ നരേന്ദ്രന്റെ ശ്രദ്ധയില്‍ പെട്ടു. അത് കാഫ്കയറിയാതെ. അയാളുടെ മുടിച്ചുരുളുകള്‍ക്കിടയില്‍ അപ്രത്യക്ഷമായി.

****

“ക്ലാവര്‍ വെട്ടിയോ?”ഒരു കൌമാരക്കാരന്റെ ചുറുചുറുക്കോടെ  മാര്‍ക്സ് ചോദിച്ചു.

തോളിലെ വരട്ടുചൊറി ചൊറിഞ്ഞുകൊണ്ട് ഒരു സാധാരണ മനുഷ്യന്‍ മറുപടി പറഞ്ഞു-

“ഡും! വെട്ടിയുമില്ല കുത്തിയുമില്ല! ഇതാണ് ഈ കളിയുടെ പ്രശനം. ആകെക്കൂടെ വയലന്‍സാണ്. അതാകട്ടെ ഈ പാവപ്പെട്ട ബഷീറിനു വശമില്ല താനും. നമുക്ക് കല്ല്‌ കളിച്ചാല്‍ പോരെ?”

മറുപടി കേട്ട മാര്‍ക്സിന്റെ ചുണ്ടുകളില്‍ പുഞ്ചിരി വന്നു. പക്ഷെ താടിക്കാടിന്റെ മറവില്‍ അതാരും കാണാതെ പോയി.

“എങ്കിലും എന്റെ കമ്മ്യൂണിസ്ടുകാരാ. ഞാന്‍ കരുതിയില്ല ഒരു സത്യ-കോണ്‍ഗ്രസ്സായ എന്നോട് നിങ്ങള്‍ മിണ്ടുമെന്ന്”

“ചരിത്രം പറയാത്തൊരു സത്യമുണ്ട് ബഷീറേ...ഞാനൊരു വായാടിയാണ്. സോഷ്യലിസം എന്നൊക്കെ കേട്ടിട്ടില്ലേ?”

“എങ്കില്‍ ഞാനൊരു സവാല് ചോദിച്ചുകൊള്ളട്ടെ, നിങ്ങള്‍ ബുദ്ധിജീവികളായ എഴുത്തുകാര്‍ എന്തിനാണ് താടി വളര്‍ത്തുന്നത്?”

“ബുദ്ധിജീവിയോ! ഞാനും ഫ്യൂദൊറിനെപ്പോലെ ഒരു വിഡ്ഢിയാണ് കഥാകാരാ...” 

“ഹോ! കള്ളം പറയരുത് മിസ്ടര്‍! നിങ്ങളുടെ പുസ്തകം ഞാന്‍ പുറമേ നിന്ന് കണ്ടിട്ടുണ്ട്. എന്തൊരു തടിയാണതിന്! പിന്നെ വായിക്കുന്നവരോ...എല്ലാം താടി വളര്‍ത്തി, ജുബ്ബയിട്ട്, ഉറക്കെ സംസാരിക്കുന്നവരും!”

മാർക്സ് മുഖം കുനിച്ചുകൊണ്ട്‌ മറുപടി പറഞ്ഞുതുടങ്ങി
   
“അവിടെയാണ് പ്രിയപ്പെട്ട എഴുത്തുകാരാ ഞാന്‍  തോറ്റതും നീ ജയിച്ചതും. നിനക്കറിയുമോ? ഞാനെഴുതിയത് കുട്ടികള്‍ക്കുവേണ്ടിയായിരുന്നു. സ്വപ്‌നങ്ങള്‍ കാണുന്ന, അപ്പൂപ്പന്‍ താടികളില്‍ കൌതുകം കാണുന്ന കുട്ടികള്‍ക്ക് വേണ്ടി...” മാര്‍ക്സ് ഒന്ന് നിര്‍ത്തിയ ശേഷം ഒരു നിശ്വാസത്തോടെ ആവര്ത്തിച്ചു . “അവിടെയാണ് പ്രിയപ്പെട്ട എഴുത്തുകാരാ ഞാന്‍ തോറ്റുപോയത്....”

മാര്‍ക്സ് നിരാശനായി എങ്ങോട്ടോ ഇറങ്ങിപ്പോയി. ബഷീര്‍ കണ്ണുകളടച്ച് സര്‍വ്വശക്തനായ ഈശ്വരനെ ഓര്‍മിച്ചു.

****

അപ്പോഴാണ്‌ നരേന്ദ്രന്‍ അത് ശ്രദ്ധിച്ചത്. വട്ടമേശക്കു ചുറ്റുമിരുന്ന ആ മഹാന്മാരുടെ ശരീരങ്ങളില്‍ ചിതലുകള്‍ അരിച്ചിറങ്ങിയിട്ടുണ്ടായിരുന്നു. അവ കൂടുകെട്ടിയിട്ടുണ്ടായിരുന്നു. ബഷീറിന്റെ കഷണ്ടിത്തലയിലും മാര്ക്സിന്റെ താടിയിലും  ദസ്തെയോവ്സ്കിയുടെ മുഖത്തുമെല്ലാം ചിതലുകള്‍ ചിത്രം വരച്ചിരുന്നു. എന്നാല്‍ അവരെല്ലാമാകട്ടെ സഹജഭാവത്തോടെ ഇരിപ്പ് തുടരുന്നു.  

****

അരണ്ട വെളിച്ചം നരേന്ദ്രനു തന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനെയും കാട്ടിക്കൊടുത്തു- ഖലീല്‍ ജിബ്രാന്‍.

പൊതുവേ പ്രേമമഗ്നനായി നിലകൊള്ളുന്ന ജിബ്രാന്റെ കണ്ണുകളില്‍ നരേന്ദ്രന്‍ കണ്ണുനീര്‍ കണ്ടു. ഒരു കുട്ടിയെപ്പോലെ അദ്ദേഹം കരയുകയാണ്. ചുക്കിച്ചുളുങ്ങിയ ഒരു കൈ അദ്ദേഹത്തിന്‍റെ തലയില്‍ തലോടി.

റൂമി! ജലാലുദ്ദിന്‍ മുഹമ്മദ്‌ റൂമി!

എന്തിനു കരയുന്നു എന്ന് റൂമി ചോദിച്ചില്ല. അതിനു മുന്പ് തന്നെ ഖലീല്‍ പറഞ്ഞു തുടങ്ങി.

“അല്ലയോ ജ്ഞാനിയായ റൂമി, ഞാന്‍ ദുഖിതനാണ്. ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു. ഈ ലോകം മുഴുവന്‍ ഈഥറിനു പകരം ആരോ ചോര നിറച്ചിരിക്കുന്നു. എങ്ങും ചോരമണം മാത്രം!

ഒരു തെരുവിലൂടെ ഞാന്‍ ഒറ്റയ്ക്ക് നടക്കുകയായിരുന്നു. ആ വഴിയുടെ ഇരുവശത്തും മൃദദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. ഉണങ്ങിയ മരങ്ങളില്‍ ശവങ്ങളാടുന്നു. അതില്‍ ഒരു കാമുകനെയും കാമുകിയെയും ഞാന്‍ കണ്ടു. അവര്‍ ഒരൊറ്റ കുരുക്കിലാണ് മരണം വരിച്ചത്‌. ഏതോ മതഭ്രാന്തര്‍ കൊന്നതാണവരെ. എന്നാല്‍ മരണവേദനയ്ക്കിടയിലും അവര്‍ ചുംബിക്കുകയായിരുന്നിരിക്കും എന്നെനിക്കു തോന്നി.
മറ്റൊരിടത്താകട്ടെ ക്ഷേത്രത്തില്‍ അനുവാദം കൂടാതെ പ്രവേശിച്ച ഒരുവനെ ആരൊക്കെയോ ചേര്‍ന്ന് അരിഞ്ഞു വീഴ്ത്തുന്നു. ശേഷം അവര്‍ ദൈവത്തെ പ്രകീര്‍ത്തിക്കുന്നു. അവന്റെ അവശിഷ്ടങ്ങള്‍ ഹോമകുണ്ഡത്തിലേക്ക് വലിച്ചെറിയുന്നു!

എന്റെ പ്രിയപ്പെട്ട ഗ്രാമത്തില്‍ ചെന്ന ഞാന്‍ കണ്ടത് അവിടമാകെ ഓടി നടക്കുന്ന പശുക്കളെയാണ്. ആരോ അവയുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്തിട്ടുണ്ട്. ഉള്ളിലേക്ക് ചെന്നപ്പോള്‍ കണ്ടതാകട്ടെ ഇതിലും പൈശാചികമായിരുന്നു. കുറേ മനുഷ്യര്‍! അഴുകിയ കണ്ണുകളുള്ള മനുഷ്യര്‍! ആരോ അവരുടെയും കണ്ണുകള്‍ ചൂഴ്ന്നെടുത്തിരുന്നു. ശേഷം അവിടെ പശുക്കളുടെ കണ്ണുകള്‍ വച്ചുപിടിപ്പിച്ചിരിക്കുന്നു അവയില്‍ നിന്നും ചോരയും ചലവും വന്നുകൊണ്ടേയിരുന്നു.

മഹാനായ റൂമി, ഞങ്ങള്‍ നിസ്സഹായരായ എഴുത്തുകാര്‍ ഇന്ന് അസ്വസ്ഥരാണ്. ഞങ്ങള്‍ക്ക് ഒന്നും ചെയ്യുവാനാകുന്നില്ല. ഞങ്ങളെ മനുഷ്യര്‍ മറന്നു. എന്നാല്‍ ചിതലുകള്‍.... അവര്‍ മറന്നില്ല... ഇന്നെന്റെ എല്ലുകളും ഹൃദയവുമെല്ലാം ചിതലുകള്‍ക്ക് മാത്രം അവകാശപ്പെട്ടതായിരിക്കുന്നു. ഞങ്ങളുടെ അക്ഷരങ്ങള്‍ ഓരോന്നായി പെറുക്കിയെടുത്ത് അവര്‍ എങ്ങോട്ടോ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.”

ജിബ്രാന്‍ വീണ്ടും പൊട്ടിക്കരഞ്ഞു.

എല്ലാം കേട്ട റൂമി ഒന്ന് ചിരിച്ചു. ശേഷം തേജസ്സുകൊണ്ട് നിമീലിതമായ ആ മുഖത്തു നിന്നും വചനങ്ങളൊഴുകി.

“ഖലീല്‍, നീ ‘തിതിക്ഷ’ എന്ന് കേട്ടിട്ടുണ്ടോ? തിതിക്ഷ എന്നാല്‍ സഹനമല്ല. അതിലും മഹത്തായതാണ്. സഹനമെന്നു പറയുമ്പോള്‍ അത് ക്ഷണികമാണ്. അതിനു പിന്നില്‍ ഒരു പകപോക്കലും പ്രതീക്ഷയുമൊക്കെ ഒളിച്ചിരിപ്പുണ്ടാകും. എന്നാല്‍ തിതിക്ഷ തികച്ചും പരിശുദ്ധമാണ്. തിതിക്ഷയില്‍ ചിന്തകളോ പ്രതികാരങ്ങളോ ഒന്നും തന്നെയില്ല. അതൊരു ഒഴുക്കാണ്. സ്വാഭാവികതയെ പുല്‍കലാണ്. നമ്മുടെയൊക്കെ കാലം കഴിഞ്ഞു. നമുക്കിനി വേണ്ടത് തിതിക്ഷ മാത്രമാണ്.

എന്നാല്‍ നീ ഭയപ്പെടേണ്ടതില്ല. അകാശഭൂമിയില്‍ പണ്ടുമുതല്‍ക്കെ നിഗൂഡമായ ഒരു സ്വാഭാവികതയുണ്ട്. ഫയദോറിനെയും കാഫ്കയെയും മാര്‍ക്സിനെയും നിച്ചയെയുമൊക്കെ  പോലെ ചിലര്‍ എന്നുമുണ്ടാകും. അവര്‍ അസന്തുലിതാവസ്ഥകളില്‍ തന്മയത്വം പ്രാപിക്കുന്നു. യാതൊരു ദുരുദ്ദേശവുമില്ലാതെ അവര്‍ കര്‍മ്മം ചെയ്യുന്നു. രാജാവ് നഗ്നനാനെന്നും പ്രേമം സത്യമാണെന്നും വിളിച്ചു പറയുന്നു. അവരില്‍ ചിലരെ ജനം കേള്‍ക്കുന്നു, അവരിലൂടെ പ്രവര്‍ത്തിക്കുന്നു. മറ്റുചിലരാകാട്ടെ ദൌര്‍ഭാഗ്യം കൊണ്ടുമാത്രം കേള്‍ക്കാതെ പോകുന്നു. കാലങ്ങള്‍ക്ക് ശേഷം അംഗീകരിക്കപ്പെടുന്നു. നമ്മുടെ പ്രിയപ്പെട്ട ആന്‍ ഫ്രാങ്കിനെപ്പോലെ  അവര്‍ ഒരു പ്രത്യാശയായി നിലനില്‍ക്കുന്നു. പ്രതീക്ഷയായല്ല. പ്രത്യാശയായി.”

ഇത്രയും പറഞ്ഞുകൊണ്ട് റൂമി കറങ്ങാന്‍ തുടങ്ങി.

ആരോ വിളക്കുകെടുത്തി. ബാലന്‍ മാസ്റര്‍ വായനശാല മുഴുവനും ഇരുള്‍ വ്യാപിച്ചു.

****

നരേന്ദ്രന്‍ ഭാരിച്ച ഹൃദയവുമായി പുറത്തേക്കിറങ്ങി. ബാലന്‍ മാസ്റര്‍ വായനശാലയുടെ മുന്‍പില്‍ അവനെയും കാത്ത് ആന്‍ ഫ്രാങ്ക് നില്‍പ്പുണ്ടായിരുന്നു. അവളുടെ നാലുകാലുകളിലെയും കോട്ടണ്‍  സോക്സുകളില്‍ മഞ്ഞുതുള്ളികള്‍ പറ്റിയിരുന്നു.

നരേന്ദ്രന്‍ അവളെയും കൂട്ടി വായനശാലയുടെ ഉള്ളിലേക്ക് പോയി. അവൻ ആന്‍ ഫ്രാങ്കിന്റെ മടിയിലിരുന്നു.

വായനശാലയുടെ കതക് എന്നെന്നേക്കുമായി അവന്‍ തുറന്നിട്ടു. പിന്നെ ജനലഴികളിലൂടെ ഇടയ്ക്കിടെ ചെപ്പായിയിലെ ലോകത്തെ നോക്കി.

നരേന്ദ്രന്‍ എഴുതിത്തുടങ്ങുകയാണ്.

ചിതലുകളാകട്ടെ തങ്ങളുടെ കൂടുകള്‍ പൊളിച്ചു ചെപ്പായിമല ലക്ഷ്യമാക്കി സഞ്ചരിച്ചു. അവയുടെ വയറുകള്‍ക്കുള്ളിലിരുന്നുകൊണ്ട് അന്ന കരിനീനയും, മിഷ്കിന്‍ രാജകുമാരനും, അപ്പുക്കിളിയും ഭീമസേനനുമൊക്കെ എന്തൊക്കെയോ അടക്കം പറഞ്ഞു.


The End ;) 


നന്ദി:  ഇല്ലായ്മയ്ക്കും ഷഹബാസ് അമാനും  

8 comments: