ചെപ്പായിയുടെ ഇതിഹാസം


കേട്ടുകഥ 


വര്‍ഷം ആയിരത്തിത്തോളളായിരത്തി-അന്ന് നടന്നൊരു കഥയാണ്‌...   നടന്നു എന്ന് പറയുമ്പോള്‍ നടന്നെന്നു കേട്ടത്.

 ടെലിഗ്രാമും ടെലിഫോണും കടന്നു ചെല്ലാത്ത, വായുപോലും പിള്ളയാണോ പുലയനാണോ എന്നുറപ്പുവരുത്തി  മാത്രം മൂക്കിനുള്ളില്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ചെപ്പായി എന്ന വയ്ക്കോലും പുല്ലും ആടും മേടും മാടമ്പിയും അമ്പലവാസിയും ആദിവാസിയുമുള്ള ഒരു ചെറിയ ഗ്രാമം.

****

പാച്ചു ജനിച്ചത് ഒരു മകരമാസത്തിലായിരുന്നു. നക്ഷത്രം അറിയില്ല.
അങ്ങ് താഴ്‌വരയുടെ കീഴെ ആരോ പെറ്റിട്ടുപോയതാണവനെ.
ആരെന്നറിയില്ല. പിന്നീടവന്‍ ചിന്തിച്ചിട്ടുമില്ല.

എങ്കിലും വേടന്‍ പിഴപ്പിച്ച മണ്ണാത്തി ആരും കാണാതെ കൊണ്ട് കളഞ്ഞതാണെന്നാണ് പൊതുവേയുള്ള നാട്ടുവര്‍ത്തമാനം.

എവിടെനിന്നോ വന്ന പേരറിയാത്തൊരു നടോടിത്തളളയ്ക്കാണ് അവനെ കിട്ടിയത്. രാത്രി ചീവീടുകളുടെ കരച്ചിലുകള്‍ക്കിടയില്‍ ആ വയസ്സിത്തളള മനുഷ്യന്റെതായ എന്തോ ഒന്ന് കേട്ടത് തികച്ചും യാദൃശ്ചികമായിരുന്നു. ഒരു നാടിന്റെ തന്നെ ഭാവി ആ കരച്ചിലിലുണ്ടായിരുന്നു എന്ന് അവര്‍ ജന്മത്തില്‍ വിചാരിച്ചിട്ടുണ്ടാവില്ല.

***
 മുലകുടിക്കേണ്ട കാലത്ത് അവര്‍ അവനു തോട്ടിലെ വെള്ളവും വാഴക്കൂമ്പിന്റെ നീരും  കൊടുത്തു .

ജനിച്ച് നാല്‍പ്പത്തെട്ടാം നാള്‍ ആരോ ധര്‍മ്മം കൊടുത്ത ആട്ടിന്റെ കരളു പൊരിച്ചതും കൊടുത്തു.

നാല്പ്പത്തോന്പതാം നാള്‍ അവര്‍ മരിച്ചു.

***
തള്ളയുടെ മരണശേഷം ആരോ പാച്ചുവിനെ ഗോവിന്ദപ്പിള്ളയുടെ  കടത്തിണ്ണയില്‍ കൊണ്ട് കിടത്തി.

 പിന്നീടുള്ള ഏഴു വര്‍ഷം പിള്ളയുടെ ബാക്കിവരുന്ന പൊരിയും അവിലും ശര്‍ക്കരയും പിന്നെ ചെമ്പന്‍ പട്ടിക്ക് മാത്രമായി ആഴ്ചയിലൊരിക്കല്‍ പിള്ള കൊടുത്തിരുന്ന മാട്ടിറച്ചിയും തിന്ന്  അവന്‍ കഴിഞ്ഞു.

നാലാം വയസ്സിലാണ് കടയില്‍ പഞ്ചസാര വാങ്ങാന്‍ വരാറുള്ള രുക്മിണിത്തങ്കച്ചി കുഞ്ഞിനു മുലകൊടുക്കുന്നത് അവന്‍ കാണുന്നത്.
വണ്ട് തേന്‍ കുടിക്കുന്നതുപോലെ ആ കുഞ്ഞ്  അവരുടെ മുലക്കണ്ണില്‍ കടിച്ച് ഈമ്പി ഈമ്പി മുല കുടിച്ചു.

പാച്ചുവിന്റെ തൊണ്ടപ്പാടം മഴകിട്ടാതെ വിണ്ടുകീറി.

രുക്മിണി ബ്ലൌസ് പിടിച്ചിട്ട് കുഞ്ഞിനെ വേലക്കാരിയുടെ കൈയില്‍ കൊടുത്തു. പിന്നെ അയല്‍പക്കത്തെ ശാരദയോട്
‘മീന്‍ കിട്ടിയോടീ?’ എന്ന് ചോദിച്ചു.

***
ഒരു കന്നിമാസത്തിലാണ് പാച്ചുവിന്റെ തൊണ്ട വീണ്ടും വിണ്ടുകീറുന്നത്.
മഴ പെയ്യുന്നുണ്ടായിരുന്നു.

ഗോവിന്ദപ്പിള്ള അന്ന് കട തുറന്നിരുന്നില്ല.

പുറത്തേക്ക് അല്പമൊന്നു തള്ളി നിന്ന മേഞ്ഞിട്ട ഓലയുടെ കീഴെ, വരണ്ട തൊണ്ടയുമായി അവന്‍ നിന്നു.

ചുറ്റും നോക്കി. ആരുമില്ല.

പതിയെ മൂലയ്ക്ക് കിടന്ന ചെമ്പന്‍പട്ടിയുടെ അടുത്തേക്ക് ഇഴഞ്ഞു പോയി.

കുഞ്ഞുങ്ങള്‍ക്ക് പാല്‍ കൊടുത്ത ശേഷം മയക്കത്തിലായിരുന്നു ചെമ്പന്‍ പട്ടി.

അതിന്റെ കണ്ണുകളിലേക്ക് പാച്ചു സ്നേഹത്തോടെ നോക്കി. പിന്നെ അതിന്റെ വയറില്‍ കുഞ്ഞിക്കൈ  വച്ചു. രോമങ്ങളില്‍ തലോടി.

ചെമ്പന്‍പട്ടി കുരച്ചില്ല. അത് കണ്ണുകള്‍ പാതി തുറന്ന്  അവനെ നോക്കി. ‘സമ്മതം’ എന്നര്‍ത്ഥം വരുന്ന ഒരു ഭാവമുണ്ടാക്കി. പിന്നെ കണ്ണടച്ചു.

പാച്ചു പതിയെ കുനിഞ്ഞ്  ചുണ്ടുകള്‍ ആ നാല്‍ക്കാലിയുടെ വയറിനോട് ചേര്‍ത്തു. അതിന്റെ ഭംഗിയില്ലാത്ത മുലയില്‍ വായ മുട്ടിച്ചു.

പിന്നെ ആര്‍ത്തിയോടെ മുല കുടിച്ചു.

ചെമ്പന്‍പട്ടി കുരച്ചില്ല. അത് അനങ്ങാതെ കണ്ണടച്ചു കിടന്നു.

***   
ചെപ്പായിക്ക് കാറ്റിലും പനയിലും തെങ്ങിലും കിഴങ്ങിലുമെല്ലാം കണ്ണും കാതുമുണ്ട്.

പാച്ചു പട്ടിപ്പാല്  കുടിച്ച കഥ വസൂരി പോലെ പടര്‍ന്നു. അങ്ങനെ അഞ്ചാം വയസ്സില്‍ പാച്ചു ‘പട്ടിപ്പാച്ചു’ ആയി.

***
പട്ടിപ്പാച്ചുവിന്റെ ഏഴാം വയസ്സിലെ  മറ്റൊരു കന്നിമാസത്തിലാണ് ഗോവിന്ദപ്പിളളയുടെ മരണം.

മഴയത്ത് ഒതുങ്ങി നിന്ന പാച്ചുവിന് അന്നയാള്‍ കല്‍ക്കണ്ടം കൊടുത്തിരുന്നു.

ചെമ്പന്‍ പട്ടിക്ക് പേയ്  പിടിച്ചതും  അതിനെ തല്ലിക്കൊന്നതും പാച്ചുവിനെ വിഷമിപ്പിച്ചിട്ടുണ്ടെന്നു അയാള്‍ക്ക് നന്നായറിയാമായിരുന്നു. ചെമ്പന്‍ പട്ടിക്ക് കൊടുക്കാറുണ്ടായിരുന്ന മാട്ടിറച്ചി അതിന്റെ മരണശേഷം പാച്ചുവിനാണ് അയാള്‍ കൊടുത്തിരുന്നത്.അവന്‍ അത് കഴിക്കാറുണ്ടായിരുന്നില്ല.

“നെഞ്ച് വേദനിക്കണെല്ലോ പാച്ചുവേ...” എന്ന് പറഞ്ഞ്  പിള്ള  കസേരയിലേക്ക് വീണു. അയാള്‍ നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നു.


ഗോവിന്ദപ്പിളള  വെള്ളം ചോദിച്ചു.

പാച്ചു പുറത്തേക്കോടി. കൈക്കുമ്പിളില്‍ ആവുന്നത്ത്ര മഴവെള്ളം പിടിച്ചു. ഓടിത്തിരിച്ചെത്തിയപ്പോള്‍ ഗോവിന്ദപ്പിള്ള അനങ്ങാതെ തറയില്‍ മലര്‍ന്നു കിടക്കുകയായിരുന്നു.

പാച്ചു അയാളെ തിരിച്ചു കിടത്തി നെഞ്ചില്‍ കാത് വെച്ചു.

‘ഡും... ഡും...’ എന്ന ഒച്ചയില്ല.

അവന്‍ പുറത്തേക്കോടി.

ഗോവിന്ദപ്പിള്ളയുടെ ശരീരത്തിന് അല്പം മാറി വെള്ളം നിറച്ച ഒരു മണ്‍കൂജയും കോരിക്കുടിക്കാന്‍ ഒരു കോപ്പയും ഇരിപ്പുണ്ടായിരുന്നു.

പാച്ചു ജന്മനാ പൊട്ടനായിരുന്നു.

***

എയ്തു വിട്ട ശരങ്ങള്‍ പോലെ മഴത്തുള്ളികള്‍  അവനെ നോവിച്ചു. അവന്‍ ഗോവിന്ദപ്പിള്ളയുടെ വീട്ടിലേക്കോടി. വാതില്‍ തള്ളിത്തുറന്നു.

“എന്താണ്ടാ പൊട്ടാ...തറ മുഴുക്കെ ചളിയാക്കിയല്ലോ...നിന്റെ ആരേലും ചത്തോ? “

പിള്ളയുടെ ഭാര്യ സീത കാളിയായി.

പാച്ചു കൈ കാല്‍മുട്ടില്‍ വച്ച് കുനിഞ്ഞു നിന്ന് ശ്വാസം പിടിച്ചു. പിന്നെ തലയുയര്‍ത്തി ആ സ്ത്രീയെ നോക്കി പറഞ്ഞു.

“ഗോവിന്ദപ്പിള്ള ചത്ത്...”

പിള്ളയുടെ ഭാര്യ സീത കണ്ണകിയായി.

അവര്‍ പൊട്ടിക്കരഞ്ഞു.

അന്നായിരുന്നു ആദ്യമായി പാച്ചുവിന്റെ ശബ്ദം പുറത്ത് കേള്‍ക്കുന്നത്.

***
വടക്കീന്നു വന്ന മാണിക്കസ്വാമിയാണ് ചെപ്പായിയില്‍ ചെകുത്താനുണ്ടെന്നും ഒരു ബാധയായി എല്ലായിടത്തും സഞ്ചരിക്കുന്നുണ്ടെന്നുമുള്ള വാര്‍ത്ത നാട്ടുകാരെ അറിയിച്ചത്. അടുത്തിടെ നടന്ന മരണങ്ങളും അലസിപ്പോയ ഗര്‍ഭങ്ങളുമെല്ലാം ചെകുത്താന്റെ ചെയ്ത്താത്രെ.

വെറ്റിലയില്‍ മഷിയിട്ടപ്പോള്‍ സ്വാമി കണ്ടത് കര്‍ണ്ണനെയായിരുന്നു. തളളയുപെക്ഷിച്ച കര്‍ണ്ണനെ.

അങ്ങനെ പാച്ചുവിനെ ചെപ്പായിയില്‍ നിന്നോടിച്ചു.

കുലുക്കാമലയില്‍, പാറക്കെട്ടുകള്‍ക്കിടയില്‍ അവന്‍ അഭയം തേടി.  

***  

കെട്ടുകഥ 


ഒരു വെള്ളിയാഴ്ച്ച ഉച്ചയ്ക്കാണ് ചെപ്പായിയില്‍ പൂതം വരുന്നത്.
പൂതമെന്നു പറഞ്ഞാല്‍ വലിയ രണ്ടു കോന്ത്രപ്പല്ലുകളും പത്തിരുപത് ആനകളുടെ പൊക്കവും കഴുത്ത് നിറയെ തലയോട്ടിമാലകളുമുളള ഒരൊന്നൊന്നര പൂതം!

വായിലൂടെ തീ തുപ്പുകയും  മുതുകില്‍ രണ്ടു വ്യാളിച്ചിറകുകളുമുളള പൂതത്തെക്കണ്ട്  ചെപ്പായിക്കാര്‍ ഞെട്ടി എന്ന് പറയുന്നതിനേക്കാള്‍ പെടുത്തുപോയി എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി.

പടക്കക്കാരന്‍ മാധവനാണ് പൂതത്തെ ആദ്യം കണ്ടത്. വീടിന്റെ പിന്‍വശത്ത്‌ തന്റെ പുതിയ കണ്ടുപിടിത്തമായ ‘മാനത്തുകണ്ണി’ എന്ന പൂത്തിരിപ്പടക്കം പട്ടാപ്പകല്‍ പരീക്ഷിക്കുകയായിരുന്നു അയാള്‍.
തിരി കത്തിച്ചു മാറി നിന്ന്, മാധവന്‍ മുന്‍പരിചയങ്ങള്‍ കണക്കിലെടുത്ത് കാതില്‍ കൈവച്ചു.

പുക! കറുത്ത പുക! അതായിരുന്നു പരീക്ഷണഫലം.

പുക പതുക്കെ വഴിമാറിയപ്പോള്‍ ചുറ്റും ഇരുട്ട് വ്യാപിക്കുന്നതായി അയാള്‍ക്ക് തോന്നി.

ഇരുട്ട്...നിഴല്‍....കാര്‍മേഘം പൊട്ടിവീഴുകയാണോ എന്നയാള്‍ സംശയിച്ചു. അല്പമൊന്നു മടിച്ച് അയാള്‍ ആകാശത്തേക്ക് നോക്കി.

മുകളില്‍ ഭീമാകാരനായ, വിരൂപനായ, കൊന്ത്രപ്പല്ലുകളുള്ള പറക്കും പൂതം!

മാധവന്റെ ബോധം പോയി.


***

ആ ദിവസം ഇരുട്ടുംവരെ പൂതം അക്രമങ്ങള്‍ നടത്തി. കണ്ണില്‍ കണ്ടതെല്ലാം തീ തുപ്പി ചുട്ടെരിച്ചു. പുരയിടങ്ങള്‍ കത്തുന്നത് കണ്ട്  പെണ്ണുങ്ങള്‍ അലറിക്കരഞ്ഞു.

അവര്‍ കുഞ്ഞുങ്ങളെയും കൊണ്ട് കാട്ടിലേക്കോടി.

പട്ടാളം ഗോപാലന്റെ ഇരട്ടക്കുഴലന്‍ തോക്കൊഴിച്ചാല്‍ യുദ്ധം ചെയ്യാന്‍ മണ്‍വെട്ടിയും വെട്ടുകത്തിയും പോരാ എന്നു മനസ്സിലാക്കിയ ആണുങ്ങള്‍ ചെട്ടിയാരുടെ ഓടുഫാക്ടറിയില്‍ ഒളിച്ചിരുന്നു. അര്‍ദ്ധരാത്രി പൂതമില്ലെന്നുറപ്പായപ്പോള്‍ അവര്‍ പുറത്ത് കടന്നു.

നാശനഷ്ടങ്ങളുടെ കണക്കെടുത്തു. അടുത്ത രാത്രി തന്നെ ചെപ്പായി വിടാന്‍ തീരുമാനിച്ചു

‘ഈ പൂതത്തിനും ബാധകേറിയാതാകും...അല്ലെ മാണിക്കം..’ സ്ഥലത്തെ പ്രധാന കമ്മ്യൂണിസ്റ്റ് ബാലന്‍ തെക്കേക്കര മാണിക്കസ്വാമിയുടെ മുഖത്ത് നോക്കി ചോദിച്ചു.

അയാള്‍ കലിപ്പിച്ച് ബാലനെയൊന്നു നോക്കി.

‘അന്ന് മഷിയിട്ട് പറഞ്ഞപ്പോള്‍ സഖാവ് ഇങ്ങനൊരു സംശയം ഉന്നയിച്ചില്ലല്ലോ... എന്തെ? അന്ന് പരിപ്പുവട തിന്നില്ലായിരുന്നോ?’
സ്വാമിയുടെ ആ ചോദ്യത്തിനുളള മറുപടി തേടി ബാലന്റെ ചിന്ത തന്‍റെ സ്റ്റഡി ക്ലാസുകളിലേക്ക് മടങ്ങിപ്പോയി.

പരിപ്പുവടയല്ലാതെ മറ്റൊന്നും അയാള്‍ക്ക് ഓര്‍മ്മ വന്നില്ല.

***

കുലുക്കാമലയുടെ പാറക്കെട്ടുകള്‍ക്ക് താഴെ താഴ്വരയെ വരിഞ്ഞുകെട്ടിയാണ് ചെപ്പായിപ്പുഴ ഒഴുകിയിരുന്നത്.

നാട് വിടുന്നതിനു മുന്പ് പുഴക്കരയില്‍ കെട്ടിയിരുന്ന തന്റെ പ്രിയപ്പെട്ട പശുവായ ജയഭാരതിയെ പൂതം പിടിക്കുന്നതിനു മുന്പ് കൂട്ടിക്കൊണ്ട് പോകാനാണ് മായിന്‍കുട്ടി താഴ്വരയിലെത്തിയത്.

പെട്ടെന്ന്‍ തനിക്ക് ചുറ്റും നിഴല്‍ വ്യാപിക്കുന്നത് അയാള്‍ ശ്രദ്ധിച്ചു. 
മാധവന്‍ പറഞ്ഞ കഥ മായിന്‍കുട്ടി ഓര്‍ത്തു.

മനസ്സില്ലാമനസ്സോടെ അയാള്‍ ആകാശത്തേക്ക് നോക്കി.
കണ്ണെത്തും മുന്പ് അയാള്‍ കണ്ണും കാതുമടച്ചു.

പതിനായിരം ഇടിവെട്ടുകള്‍ ഒന്നിച്ച് വന്ന പോലെ ഇരേഴു പതിനാലു ലോകങ്ങളും ഒന്നിച്ചു വിറച്ചു.

വിറ നിന്നപ്പോള്‍ വൃത്തികെട്ട ഒരു കരച്ചില്‍, പ്രാണന്റെ വിളി...
ചെപ്പായിപ്പുഴ ചുവപ്പായി. കിലുക്കാമല കിലുങ്ങി.

പുഴയുടെ നടുവില്‍ കൂര്‍ത്ത് നിന്ന പാറമുനയില്‍ പള്ള തറച്ച് ചത്തിരിക്കുകയാണ് ക്രൂരന്‍ പൂതം!

കുലുക്കാമലയുടെ പാറയിടുക്കിലേക്ക് നോക്കിയ മായിന്‍കുട്ടി മിന്നല്‍വെളിച്ചത്തില്‍ കണ്ടത് ഇത്തിരിപ്പോന്ന പാച്ചുവിനെയായിരുന്നു.
നാടുകടത്തിയ പട്ടിപ്പാച്ചുവിനെ.

അങ്ങനെ പട്ടിപ്പാച്ചു വീണ്ടും വെറും പാച്ചുവായി

***


കഥ


വെള്ളിയാഴ്ച്ച പൂതം വന്നത് പട്ടിപ്പാച്ചു അറിഞ്ഞിരുന്നില്ല. പൂതം ചെപ്പായിയില്‍ കോപ്രായങ്ങള്‍ കാട്ടിയ സമയം അവന്‍ കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു.

വിശപ്പിനു അങ്ങനൊരു ഗുണമുണ്ട്. നന്നായുറങ്ങാം.

രാത്രി മഴ പെയ്തപ്പോലാണ് അവന്‍ ഉണര്‍ന്നത്. ഇരുട്ടില്‍ തപ്പിത്തടഞ്ഞു അവന്‍ പാറയിടുക്കുകളിലെത്തി.

കൂരപോലെ നിന്നിരുന്ന പാറകളും ഗുഹകളുമാണ്  കുറെ കാലമായി മഴയില്‍ നിന്നും പട്ടിപ്പാച്ചുവിനെ രക്ഷിച്ചുപോന്നത്. അങ്ങനെ കണ്ണില്‍പെട്ട ആദ്യ ഗുഹയില്‍ തന്നെ പട്ടിപ്പാച്ചു കയറിയിരുന്നു.

സാധാരണയില്‍ നിന്നും വ്യത്യസ്തമായി ആ ഗുഹയില്‍ വായുസഞ്ചാരം കൂടുതലുള്ളതായി അവനു തോന്നി. അല്പം തണുപ്പുള്ള വായു പുറത്തു നിന്ന് വരികയും ഗുഹയുടെ ഉള്ളിലെ നിഗൂഢതകളില്‍ നിന്നും അല്പം ചൂടുള്ള, സുഖമുള്ള കാറ്റ് പിന്നില്‍ നിന്നും വന്നു തന്നെ തലോടുന്നതായും അവനു തോന്നി.

കൈയിലിരുന്ന തീപ്പെട്ടി അവന്‍ കത്തിച്ചു.
ഗുഹയുടെയുള്ളില്‍ എന്താണെന്നറിയണമെല്ലോ. ചിലപ്പോള്‍ വല്ല കുറുനരികളും കയറിയിരിക്കും.

പെട്ടെന്നു ഭൂമി കുലുങ്ങുന്നതായി അവന് തോന്നി.
പട്ടിപ്പാച്ചു പുറത്തേക്ക് നോക്കി. ചുറ്റുമിരുന്ന പാറക്കെട്ടുകള്‍ താഴേക്കകലുകയാണ്.

ഗുഹയ്ക്കുള്ളിലെ വായുസഞ്ചാരം പെട്ടെന്ന്‍ നിന്നു.
അല്പസമയത്തിനു ശേഷം ചൂടുള്ലൊരു  കൊടുങ്കാറ്റ് ഗുഹയുടെ ഉള്ളറകളില്‍ നിന്നും ഉടലെടുത്തു. അത് പട്ടിപ്പാച്ചുവിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഭയങ്കരമായിരുന്നെങ്കിലും പോട്ടിത്തുറന്നു വന്ന കാറ്റിന്റെ ശബ്ദം ഇടിമുഴക്കത്തിന്റെ പശ്ചാത്തല സംഗീതത്തില്‍ ലയിച്ചതിനാല്‍ പുറത്തു കേട്ടില്ല 

പട്ടിപ്പാച്ചുവിന്റെ തീപ്പെട്ടിക്കൊള്ളി അപ്പോഴും ഗുഹയിലിരുന്നു പുകയുന്നുണ്ടായിരുന്നു.

വീണിടത്ത് നിന്നും തല തിരുമ്മി, മുട്ട് തുടച്ച്, പാച്ചു ഗുഹയെ നോക്കി. ഗുഹയിപ്പോള്‍ മേഘങ്ങള്‍ക്കിടയിലാണ്.

മിന്നല്‍വെളിച്ചത്തില്‍ അവന്‍ തലയോട്ടിമാലകള്‍ കണ്ടു.

പൂതം!

പട്ടിപ്പാച്ചു അലറി വിളിക്കും മുന്പ് തീപ്പെട്ടിക്കൊള്ളി എരിഞ്ഞടങ്ങിയിരുന്നു. അത് പുകയായി പൂതത്തിന്റെ ഇടത്തേ മൂക്കിനെ  ഇക്കിളിയാക്കി.

പൂതം വീണ്ടും തുമ്മി.

അതിന്റെ ഭാഷയില്‍ ‘ഹാച്ച്ച്ഹി..!’ എന്നര്‍ത്ഥം വരുന്ന തുമ്മല്‍.

പാറയിടുക്കിന്റെ വരമ്പത്ത് നിന്നാണ് പൂതം തുമ്മുന്നത്.

ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണതും അതിയാന്റെ മൂന്നാം നിയമവുമൊന്നും പാവം പൂതത്തിന് അറിയുമായിരുന്നില്ല.

‘ഹാച്ച്ച്ഹ്ഹി...!’ യുടെ ശക്തിയില്‍ പൂതം പിന്നോട്ടാഞ്ഞു. ബാലന്‍സ് കിട്ടാന്‍ ക്രൂരനായ പൂതം നൃത്തച്ചുവടുകള്‍ വച്ചു. ഒടുവില്‍ പരാജയം സമ്മതിച്ച് താഴേക്ക് പതിച്ചു.

വ്യാളിച്ചിറകുകള്‍ വീഴ്ചയ്ക്കിടയില്‍ വെറും കൊഴിച്ചിറകുകള്‍ക്ക് സമമായിരുന്നു.

പാറയില്‍ പള്ള തറച്ച പൂതം ഉറക്കെ വിളിച്ചു.

മനുഷ്യരുടെ ഏമ്പക്കം ഫാക്ടറികളില്‍ സയറനായി ഉപയോഗിച്ചാല്‍ എങ്ങനെയിരിക്കും. അതായിരുന്നു പൂതത്തിന്റെ കരച്ചില്‍.
വരമ്പത്ത് കയറി പാച്ചു താഴേക്ക് നോക്കി.

മിന്നല്‍വെളിച്ചത്തില്‍ ‘ബ്ലിങ്കസ്യ...’ എന്ന് നില്‍ക്കുന്ന മായിന്കുട്ടിയെ പാച്ചു കണ്ടു. പിന്നെ ചുവന്ന്‍ കിടന്ന ചെപ്പായി പുഴയെയും...    

അങ്ങനെ പട്ടിപ്പാച്ചു വീണ്ടും വെറും പാച്ചുവായി.

***

‘വെറും’ പാച്ചുവിനെ ചെപ്പായിക്കാര്‍ തോളിലേറ്റിയാണ് കിലുക്കാമലയില്‍ നിന്നും തിരിച്ചു കൊണ്ട് പോയത്.

“ഇതൊക്കെ ഇങ്ങനെ വരുള്ളൂ എന്ന് ഞാന്‍ അന്നേ മഷിയില്‍ കണ്ടതാ...’
മാണിക്കസ്വാമി പറഞ്ഞു.

ആരും കേട്ട ഭാവം നടിച്ചില്ല.

ബാലന്‍ തെക്കേക്കര സ്വാമിയെ നോക്കി ഒരു ചിരി പാസാക്കി. എന്നിട്ട് കൈയിലിരുന്ന പരിപ്പുവടയില്‍ കടിച്ചു.

***


അവര്‍ പാച്ചുവിന് വീട് കെട്ടിക്കൊടുത്തു. അവനെ സ്കൂളില്‍ ചേര്‍ത്തു, ഉച്ചക്കഞ്ഞി കൊടുത്തു ചെപ്പായി അവനെ ഏറ്റെടുത്തു.
.
 എന്തിനും ഏതിനും ചെപ്പായിക്കാര്‍ പാച്ചുവിനോട് അഭിപ്രായം കേള്‍ക്കും. പാച്ചു ഒന്നും മിണ്ടാറില്ല. മൌനം സമ്മതമായി അവര്‍ കണക്കാക്കും.

വനദേവന്റെ അവതാരമാണ് പാച്ചുവെന്നു വിശ്വസിച്ചവരും ഉണ്ടായിരുന്നു. അവര്‍ വെള്ളിയാഴ്ചകളില്‍ പാച്ചുവിന് കോഴിമുട്ടയും പാലും കൊടുത്തു.

***

വര്‍ഷം ആയിരത്തിത്തോളളായിരത്തി-‘ഇന്ന്’.

പാച്ചു പൂതത്തെ കൊന്നതിന്റെ അഞ്ചാം വാര്‍ഷികമാണ്. ചെപ്പായിയില്‍ പൊതു അവധി.

അതറിയാതെ ഉച്ചക്കഞ്ഞി സ്വപ്നവും കണ്ട്  ചെപ്പായി സ്കൂളിന്റെ പടിക്കെട്ടുകള്‍ കയറുകയാണ് ഇപ്പോള്‍ പാച്ചു.


THE END


പ്രത്യേക നന്ദി: ബ്ലോഗെഴുത്തിനു ലിമിറ്റേഷന്‍സില്ല എന്ന് തെളിയിച്ച ട്വിട്ടറിലെ ബ്ലോഗ്‌ ഭീമന്മാര്‍ക്കും പിന്നെ ഇടയ്ക്കിടെ ബ്ലോഗിനെക്കുറിച്ച് തിരക്കാറുള്ള വിക്രമന്‍ മുത്തുവിനും.  









Comments

  1. I like the way you tell the story. Much different,simple.. but it worth...! then keep move. best wishes..

    Bipin T Rajith.
    @_Brave_Spartan

    ReplyDelete
  2. Fantastic, folklore style writing! keep it up!!

    ReplyDelete
  3. ദ ബെസ്റ്റ്!! :D

    ReplyDelete
  4. വലിയ ഏതോ സാഹിത്യകാരന്റെ കൃതി വായിച്ച അനുഭവം..
    അഭിനന്ദനങ്ങള്‍...
    നല്ല ഒരു ഭാവി ഉണ്ട്, ഇനിയും എഴുതുക...

    സസ്നേഹം
    ആത്മ

    ReplyDelete
    Replies
    1. ചിപ്പിക്കുള്ളിൽ കാക്കത്തൊള്ളായിരം മുത്തുകളുണ്ടാകട്ടേ... :)
      thank you :)

      Delete
  5. interesting way of narration,loved the tone of sarcasm and the simplicity of your language,keep writing

    ReplyDelete
  6. interesting way of narration,loved the tone of sarcasm and the simplicity of your language,keep writing

    ReplyDelete

Post a Comment

Popular posts from this blog

തകരപ്പെട്ടി

കോട

വ്യാസചരിതം