അശോകന്റെ കൂട്




ഭാഗം ഒന്ന്‍:  അശോകന്‍


അശോകന്റെ കഥ തുടങ്ങുന്നത് ഒരു തട്ടിന്‍പുറത്തു നിന്നുമാണ്.

തന്റെ പത്താം പിറന്നാളിലെ അമ്മയുടെ അടപ്രഥമന്റെ രുചി ആഘോഷമാക്കാനായിരുന്നു അശോകന്‍ തട്ടിന്‍പുറത്തു വലിഞ്ഞുകയറിയത്‌. കുറച്ചുകാലമായി മനസ്സില്‍ കൊണ്ടുനടന്നിരുന്ന ആഗ്രഹം ഒരവസരം കിട്ടിയപ്പോള്‍ സഫലീകരിച്ചു  എന്ന് പറയുന്നതാകും കൂടുതല്‍ ശരി.

തട്ടിന്‍പുറം, മുത്തശ്ശി പറയാറുള്ള സൂര്യനുദിക്കാത്ത സാമ്രാജ്യത്തിലേക്കുള്ള കവാടമാണെന്നാണ് അവന്‍ വിശ്വസിച്ചിരുന്നത്. അതുള്‍ക്കൊണ്ടിരുന്ന അന്ധകാരവും നിഗൂഢതയും വാവലുകളുമെല്ലാം മേരിക്കുട്ടിയുടെ അച്ഛന്‍ കൊടുത്തയച്ച പേര്‍ഷ്യന്‍ പഞ്ഞിമിഠായിപോലെ അവനെ എന്നും ആകര്‍ഷിച്ചിരുന്നു.

തട്ടിന്‍പുറത്ത് ഉമ്മാക്കിയു‍‌‍ണ്ടെന്നും, പണ്ട് അയലത്തെ വീട്ടിലെ കാര്‍ത്തൂന് ജന്നിവന്നത് ഉമ്മാക്കി  വിയര്‍പ്പ്  കുടഞ്ഞതുകൊണ്ടാണെന്നുമൊക്കെ അശോകന്റെ മുത്തശ്ശി, അതായത്  ബലരാമന്‍ നായരുടെ ഭാര്യ കുഞ്ഞിലക്ഷ്മി അവനോടു പലവട്ടം പറഞ്ഞിരിന്നുവെങ്കിലും, ദൈവത്തിലും ചെകുത്താനിലും വിശ്വാസമില്ലായിരുന്ന നെക്സലമ്മാവന്‍  യാതൊരു കേടുപാടും കൂടാതെ തട്ടിന്പുറത്തുനിന്നും  ഇറങ്ങിവരുന്നത് കണ്ടിട്ടുളളതിന്റെ ബലം അവനു ഒരുകെട്ട് ധൈര്യം കൊടുത്തു.

****

ഒരുകെട്ട് ധൈര്യം അവനു കാട്ടികൊടുത്തത് നക്സലമ്മാവന്‍ വലിച്ചെറിഞ്ഞ ഒരുകെട്ട് ബീഡിക്കുറ്റികളായിരുന്നു.
നിരാശനായി മടങ്ങുന്നതിനിടയില്‍ മരിച്ചുപോയ മുത്തശ്ശന്‍ ബലരാമന്‍ നായരുടെ 1976 ഡയറി കണ്ണില്‍പെട്ടതും അശോകനത് സൂക്ഷിച്ച് വെയ്ക്കാന്‍ തോന്നിയതുമാണ് കഥയിലെ ആദ്യ വഴിത്തിരിവ്.

****

 അശോകന്റെ ബാല്യം ഒരു സാധാരണ മലയാളിയുടെത് പോലെ കടന്നു പോയി. സ്കൂള്‍ ദിനങ്ങള്‍ ഠൌണിലും അവധിക്കാലങ്ങള്‍ നാട്ടിലും അവന്‍ ചിലവഴിച്ചു.

മേടച്ചൂടും കണ്ണിമാങ്ങയും ഓണസദ്യയും തുമ്പികളുടെ കൂട്ടക്കൊലയുമെല്ലാം അവന്റെയും ഓര്‍മകളായിരുന്നു.

അതിനിടയിലൊന്നും തന്നെ തട്ടിന്‍പുറവും ഡയറിയും ഒരിക്കല്‍ പോലും രംഗപ്രവേശനം ചെയ്തില്ല  എന്ന് മാത്രം.

****
ശൈശവം കഴിഞ്ഞാല്‍ യൌവനം.

അശോകന്റെ യൌവനം ശാസ്ത്രം കടമെടുക്കുകയായിരുന്നു, വൈദ്യശാസ്ത്രത്തോടുള്ള അഭിനിവേശം അവനെ കൊണ്ടെത്തിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാംപസിലാണ്. പക്ഷെ ബയോളജി പടിച്ചിരുന്നപ്പോഴുണ്ടായ കൌതുകങ്ങള്‍ വെറും മരീചികകള്‍ ആയിരുന്നു എന്നാണു അവന്‍ മനസിലാക്കിയത്.

അന്നാദ്യമായാണ് പലതും നമ്മള്‍ വിചാരിക്കുന്നത്ര സംഭവങ്ങളല്ല എന്ന അറിവ് അവനുണ്ടാകുന്നത്. ‘സംഭവമല്ല’ എന്ന് പറയുമ്പോള്‍ അതിനര്‍ത്ഥം അശോകനെ സംബന്ധിച്ച് വൈദ്യശാസ്ത്രം വെറും പുട്ടുപൊടിയായിരുന്നു എന്നല്ല. മറിച്ച് അവന്‍ തെടിയിരുന്നിടത്തല്ല അവന്‍ എത്തിയിരിക്കുന്നത് എന്ന സത്യം അവനു ബോധ്യം വന്നു എന്നതാണു.

****

അശോകനെ മെഡിക്കല്‍ കോളേജ് പഠിപ്പിച്ചത് സിൻഡ്രോങ്ങളെ കുറിച്ചാണ്. ഒന്നും സാധാരണമല്ലെന്നും
അസാധാരണതകളാണധികമെന്നുമുളള  ഒരു പ്രത്യയ ശാസ്ത്രം .
പൊട്ടിച്ചിരികളും പോട്ടിക്കരച്ചിലുകളും എല്ലാം സിൻഡ്രോങ്ങളാണ്.

ഒറ്റയ്ക്കിരിക്കലും കൂട്ടം കൂടുന്നതും സിൻഡ്രോങ്ങളാണ്.

അങ്ങനെ എല്ലാരിലും എന്തൊക്കെയോ സിൻഡ്രോങ്ങളുണ്ടെന്നു അശോകന്‍ മനസ്സിലാക്കി.

ഫസ്റ്റ് ഇയര്‍ അനാട്ടമിയിലെ ഹൃദയമില്ലാത്ത കഡാവറില്‍ മാത്രമെന്തോ ഒരു സിൻഡ്രോമും കണ്ടുപിടിക്കാന്‍ അശോകനായില്ല.

****

ഏതൊരു കാംപസിന്റെയും സംഹിതിയിലുളളതാണ് പ്രണയം. കാമ്പസിന്റെ പൂര്‍ണ്ണത പ്രണയത്തിലാണത്രേ

അശോകനും സൂസന്നയും പരസ്പരം എന്തുകൊണ്ട് പ്രണയിച്ചു എന്ന് അവര്‍ക്ക് രണ്ടുപേര്‍ക്കും അറിയില്ല.

ഒടുവില്‍ കോളേജ് അവസാനിച്ചപ്പോള്‍ എന്തുകൊണ്ട് പിരിഞ്ഞു എന്നും അവര്‍ക്ക് രണ്ടുപേര്‍ക്കും അറിയില്ല.

പിന്നീട് ഇതേ തീരുമാനത്തിന്റെ പേരില്‍ എന്തുകൊണ്ട് വേദനിക്കുന്നു എന്നും അവര്‍ക്ക് രണ്ടുപേര്‍ക്കും അറിയില്ല.

****
ഏകാന്തത മനുഷ്യനെ സ്വയം വിചാരണ ചെയ്യാന്‍ കെല്‍പ്പുണ്ടാക്കുമത്രേ. സ്വയം അറിയാനും.

അങ്ങനെ ഒരു സെല്‍ഫ് ഡിസ്കവറിക്കിടയിലാണ് അശോകന്‍ ആ പഴയ ഡയറിയെ വീണ്ടും കണ്ടുമുട്ടുന്നത്.

മാറാലകളാല്‍ ബന്ധനസ്ഥനായി പത്രക്കെട്ടുകള്‍ക്കിടയില്‍ ഇക്കാലമത്രയും അശോകന്റെ കണ്ണുകള്‍ക്ക് പിടികൊടുക്കാതെ അത് കഴിഞ്ഞുപോവുകയായിരുന്നു.

അടിച്ച് പൂക്കുറ്റിയായി അശോകന്‍ പത്രക്കെട്ടുകള്‍ക്കിടയിലേക്ക് വീഴാനും. പിറ്റേന്നു കൈയില്‍ അമര്‍ത്തിപ്പിടിച്ച നിലയില്‍ ഡയറിയെ കണ്ടുമുട്ടുകയുമുണ്ടായത് വീണ്ടും യാദ്രിശ്ചികം.

****

ഭാഗം രണ്ട്:  ബലരാമന്‍

അരവിന്ദന്റെ മുത്തച്ഛന്‍ ബലരാമന്‍ നായര്‍ക്ക് നൂറ്റന്‍പത് കൊല്ലം ആയുസ്സുണ്ടായിരുന്നു. അറുപതാം വയസ്സില്‍ തന്റെ കര്മ്മക്ഷേത്രത്തിന്റെ കണക്കുപുസ്തകം അടച്ചുവച്ച്  വാനപ്രസ്ഥത്തിനിറങ്ങിത്തിരിച്ച മനുഷ്യന്‍, അറുപത്തഞ്ചാം വയസ്സില്‍ മടങ്ങിയെത്തിയത്  നാട്ടുകാരിലും വീട്ടുകാരിലുമെല്ലാം ഒരുപോലെ അതിശയോക്തിയുണര്‍ത്തിയിരുന്നു.

തിരിച്ചെത്തിയതിന്റെ മൂന്നാംനാള്‍ ബലരാമന്‍ തന്റെ ദേഹം കളഞ്ഞു.
അതെ, എന്തുകൊണ്ടും അങ്ങനെ വേണം പറയാന്‍. ബലരാമന്‍ അന്ന് സ്വര്‍ഗ്ഗമോ നരകമോ വരിച്ചില്ല. സ്വന്തമായിരുന്ന ശരീരം ഒരിക്കലും സ്വന്തമല്ലാതിരുന്ന മണ്ണിനു സമ്മാനിക്കുകമാത്രമാണ് അയാള്‍ അന്ന് ചെയ്തത്.

തികച്ചും സാധാരണക്കാരനായിരുന്ന ഒരു മനുഷ്യന്റെ അസാധാരണമായ അന്ത്യം പലരിലും ചോദ്യങ്ങളുയര്‍ത്തി. അതിനുത്തരം തേടി പലരും ബലരാമന്റെ തീര്‍ഥാടനവീഥികള്‍ ചികഞ്ഞുനോക്കി. അവരെല്ലാം തന്നെ നിരാശരായി മടങ്ങുകയും ചെയ്തു.

****
ബൌള്‍ സംഗീതത്തിന്റെ വേരുകള്‍ തേടിയായിരുന്നു ബലരാമന്‍ നായര്‍ ബംഗാളിലെത്തിയത്. തീര്‍ഥാടനമെന്നായിരുന്നു പേരെങ്കിലും ഒരു തിരിച്ചുപോക്കായിരുന്നു ബലരാമന്‍ നായരുടെ യാത്ര.

യൌവനത്തിന്റെ ഒരു അവശേഷിപ്പ് അയാളെ ഏറെക്കാലമായി അസ്വസ്ഥനാക്കിയിരുന്നു. അന്ന് ഗ്വാളിയാര്‍ യാത്രയില്‍ കേട്ട ഗീതാ ബൌളിന്റെ ശബ്ദം അറുപതാം വയസ്സിലും ആ മനുഷ്യനെ തളര്‍ത്തിയിരുന്നു.

കുഞ്ഞിലക്ഷ്മിയെ അയാള്‍ ഒരുപാട് സ്നേഹിച്ചിരുന്നു...എങ്കിലും ഗീതയെ, ഒരുപക്ഷെ അവളുടെ സംഗീതത്തെ അയാള്‍ ഒരുപാട് പ്രണയിച്ചിരുന്നു.

സ്വരാഗ് ബൌളിനെത്തേടി കല്‍ക്കത്തയുടെ വൃത്തികെട്ട തെരുവുകളിലൂടെ ദിവസങ്ങളോളം അയാള്‍ നടന്നു. സംഗീത കോളേജിലെ തന്റെ സുഹൃത്തായ അനന്തനില്‍ നിന്നാണ് സ്വരാഗിനെ  ബലരാമന്‍ അറിയുന്നത്.

ബൌള്‍ സംഗീതം വികാരങ്ങള്‍ കൊണ്ട് അസീമമായ തലങ്ങളില്‍ കലാകാരനെ എത്തിച്ചിരുന്നു. എങ്കിലും ആചാരങ്ങള്‍ക്ക് വഴങ്ങിയവരായിരുന്നു അവരില്‍ പലരും. തങ്ങളുടെ കുലത്തിന്റെ കലയായി അവര്‍ ബൌളിനെ കണ്ടു.

നീണ്ട മുടിയും അനുഗ്രഹീതനാകുമ്പോള്‍ ഈശ്വരന്‍ കനിഞ്ഞു നല്‍കുന്ന ജടയുമെല്ലാം ആചാരങ്ങളുടെയും നിഷ്ടകളുടെയും ഫലമാണെന്ന് അവര്‍ വിശ്വസിച്ചു. അതുകൊണ്ട് തന്നെ ഒരു പരദേശിയെ ശിഷ്യനായി സ്വീകരിക്കാന്‍ അവര്‍ ഒട്ടും താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല എന്നു 
മാത്രമല്ല അങ്ങനെ ചെയ്യുന്നവരെ തങ്ങളുടെ സമൂഹത്തില്‍ നിന്നും പുറത്താക്കാനും അവര്‍ മടിച്ചിരുന്നില്ല.

ഈ അവസ്ഥയില്‍ വിപ്ലവത്തിന് മുതിര്‍ന്ന ചില ബൌള്‍ ഗായകരില്‍ ഒരാളായിരുന്നു സ്വരാഗ്.

എങ്കിലും മുപ്പത്തഞ്ചുകാരനായ  സ്വരാഗ്  ബലരാമന്റെ ഗുരുവാകുന്നതില്‍ കാലം എന്തോ അതൃപ്തനായിരുന്നു..

****
നാട്ടുകാരനായ മാധവന്‍ പിള്ളയെ അവിചാരിതമായി കണ്ടുമുട്ടിയപ്പോഴാണ്. സ്വരാഗിന്റെ പെട്ടെന്നുണ്ടായ മരണത്തെക്കുറിച്ച് ബലരാമന്‍ അറിയുന്നത്. ഒപ്പം മദന്‍ ബൌളിനെക്കുറിച്ചും.  

****
നല്ലൊരു കലാകാരനാണ് കാലം. ഓരോ സംഭവവും അതിന്റെ വികാസവുമെല്ലാം എന്തൊക്കെയോ ലക്ഷ്യങ്ങളോടെയാണ്. അര്‍ത്ഥമില്ലാത്തതോ ലക്ഷ്യമിലാത്തതോ ആയി ഒന്നും ഈ ഭൂമിയില്‍ നടക്കുന്നില്ല. അതിനെ ഈശ്വരനെന്നോ വിധിയെന്നോ കോ ഇന്സിടെന്‍സെന്നോ എങ്ങനെ തന്നെ വിളിച്ചാലും അതില്‍ ഒരു പ്ലാനിങ്ങും കൃത്യതയും എല്ലാമുണ്ട് എന്ന് സമയം വ്യക്തമാക്കും. ഉല്പത്തി മുതല്‍ കണ്ടുവരുന്ന മാറ്റത്തിന് വഴിമാറിക്കൊടുക്കാത്ത ഒരു  പ്രതിഭാസം  തന്നെയാണത്. അതേ പ്രതിഭാസമാണ് ബലരാമനെ മദന്‍ ബൌളിനു പ്രിയപ്പെട്ടവനാക്കിയത്.
   
പന്ത്രണ്ട് ഭാഷകള്‍ സംസാരിക്കുന്ന അസാമാന്യ പണ്ഡിതനും യോഗിയും ഇതിലെല്ലാമുപരി ആധികാരികമായ്‌ ബൌള്‍ സംഗീതത്തെ തന്റെ തന്നെ ഒരു അവയവമെന്നോണം ശരീരത്തിലും മനസ്സിലും അലിയിച്ചു ചേര്‍ത്ത   ഒരു കലാകാരനായിരുന്നു മദന്‍.

മാധവന്‍ പിള്ള പറയുന്നത് ഇങ്ങനെയാണ്.. ‘ബൌള്‍ മുറിഞ്ഞാല്‍ മദനില്‍ ചോര പൊടിയും...’

‘ബൌള്‍ സ്നേഹമാണ്...ജന്മാന്തരങ്ങളുടെ ദൂരമുണ്ടെങ്കിലും അതില്‍ നിറയെ സ്നേഹമാണ്..’ മദനു ബൌള്‍ സംഗീതത്തെക്കുറിച്ച് പറയാനുള്ളത് ഇത്രമാത്രമാണ്.

എങ്കിലും ആ വാക്കുകളില്‍ ഒരു സൌരയൂഥം തന്നെ  അടങ്ങിയിരിക്കുന്നതായി ബലരാമന് അനുഭവപ്പെട്ടു. ഈ കൊച്ചു ഭൂമിയില്‍ ജീവന്‍ പകരുന്ന സൂര്യശോഭ.

****
. അരക്കെട്ടോളം നദിയില്‍ മുങ്ങി വേണം ബൌളിനായി സാധകം ചെയ്യാന്‍. പുലരുന്നതും ഇരുളുന്നതും അറിയില്ല. പേമാരിയും കൊടുങ്കാറ്റുമറിയില്ല. ജനനങ്ങളും മരണങ്ങളുമറിയില്ല.   

എങ്ങും ഘലീല്‍ ജിബ്രാന്റെ ഈതര്‍ പോലെ ബൌള്‍ സംഗീതം ഒഴുകി നടക്കും... ബാലരാമാനാകട്ടെ ഒപ്പം ഗീതയുടെ ശബ്ദവും...

അറുപത്തൊന്നാം വയസ്സിലും ബലരാമന്‍ സ്വരസ്ഥാനങ്ങള്‍ മറന്നിരുന്നില്ല. മഴയും വെയിലും മാറി മാറി വന്നിട്ടും വകവയ്ക്കാതെ അയാള്‍ മദനെ ഏറ്റുപാടി. അങ്ങനെ അറുപത്തിമൂന്നാം വയസ്സില്‍ ബലരാമന്‍ തന്റെ പേരിനു പിന്നില്‍ ബൌള്‍ എന്ന് ചേര്‍ക്കാന്‍ യോഗ്യനായി.

വൈഷ്ണവര്‍ക്കും സൂഫികള്‍ക്കും മാത്രം വിധിക്കപ്പെട്ടിരുന്ന ബൌള്‍ രാഗങ്ങള്‍ എന്തുകൊണ്ട് ബലരാമന് താന്‍ പകര്‍ന്നു കൊടുത്തു എന്ന് ചോദിച്ചാല്‍ ഒരുപക്ഷെ വ്യക്തമായ ഒരുത്തരം മദനില്‍ നിന്നുമുണ്ടാകില്ല.

തന്റെ സംസ്കൃതി ഇക്കാലമത്രയും  സൂക്ഷിച്ചുവച്ചിരുന്ന കൂടുവിട്ടുകൂടുമാറല്‍ മന്ത്രം ബലരാമന് പറഞ്ഞുകൊടുത്തതെന്തിനെന്നും അയാള്‍ക്കറിയില്ല.

ഇന്നും അതിലെ തെറ്റും ശരിയും അന്വേഷിക്കുകയാണ് അയാള്‍...

****

ഭാഗം മൂന്ന്‍: അശോകനും ബലരാമനും

 ബംഗാള്‍ യാത്രയും കൂടുവിട്ടുകൂടുമാറലുമെല്ലാം ബലരാമന്‍ നായര്‍ തുറന്നു പറഞ്ഞത് ഒരാളോട് മാത്രമായിരുന്നു. തന്റെ ഡയറിയോട്.

 ****

 കൂടുവിട്ടുകൂടുമാറല്‍ മന്ത്രം ആദ്യമായ് വായിച്ചപ്പോള്‍ ഭൂമി കറങ്ങുന്നതായോ കാലചക്രം നേരെയോ തിരിഞ്ഞോ വേഗത്തില്ലോ പതിയെയോ തിരിയുന്നതായോ ഒന്നും തന്നെ അശോകന് തോന്നിയിരുന്നില്ല.

എന്തുകൊണ്ടോ അവന്‍ അപ്പോള്‍ ചിന്തിച്ചത് തുമ്പികളെ കുറിച്ചാണ്. പണ്ട് താനും തന്റെ കൂട്ടുകാരും വാലില്‍ നൂലുകെട്ടി പറപ്പിച്ച് കളിച്ച പാവം തുമ്പികളെക്കുറിച്ച്.

ഒരു ഇമവെട്ടിനുള്ളില്‍ അവന്‍ ചെന്നെത്തിയത് പച്ചപ്പരവതാനി വിരിച്ച ലാടിട്യുടും ലോഞ്ചിട്യൂടും വ്യക്തമല്ലാത്ത ഒരിടത്താണ്.

തനിക്ക് കൈവിരലുകളില്ലെന്നും ഭൂമിയില്‍ താന്‍ നില്‍ക്കുന്നത് അന്തരീക്ഷത്തിലാനെന്നും ആ ‘കട-കട’ ശബ്ദം തന്റെ ചിറകുകളാണെന്നും ഉള്‍ക്കൊള്ളാന്‍ അശോകന് അല്പം സമയം വേണ്ടി വന്നു.


അങ്ങനെ അശോകന്‍ കൂടുവിട്ടുകൂടുമാറാന്‍  തുടങ്ങി.
ആദ്യമൊക്കെ അവന്‍ ഒറ്റയ്ക്കാകുമ്പോഴാണ് കൂടുമാറിയിരുന്നത്.
  
നൃത്തം ചെയ്യാന്‍ തോന്നുമ്പോള്‍  മൈക്കല്‍ ജാക്സനാകും പാടാന്‍ തോന്നുമ്പോള്‍ ജിം മോറിസനാകും കഞ്ചാവടിക്കാന്‍ തോന്നുമ്പോള്‍ ജോണ്‍ എബ്രഹാമാകും. ഓടാന്‍ തോന്നുമ്പോള്‍ കുതിരയാകും. പറക്കാന്‍ തോന്നുമ്പോള്‍ പറവയാകും.

പിന്നീട് കൂടുമാറല്‍ ഒരു ലഹരിയായി.

 ദേഷ്യം വരുമ്പോള്‍ അവന്‍ കടുവയായി. കറുത്ത പൂച്ചയായി ദുശ്ശകുനങ്ങളുണ്ടാക്കി. ഒരു കഴുകനായി കോഴിക്കുഞ്ഞുങ്ങളെ കൊത്തിപ്പറന്നു. വൈരാഗ്യമുള്ളവരെ ഇരുളില്‍ മറഞ്ഞിരുന്നു ഒരു സര്‍പ്പമായി ആക്രമിച്ചു. കാമം മൂക്കുമ്പോള്‍ ഇടയ്ക്കിടെ മനുഷ്യനുമായി.
ആഗ്രഹിക്കുന്നവരെല്ലാമായി. ആഗ്രഹിക്കുന്നതെന്തും അവന്‍ സ്വന്തമാക്കി.

****
അശോകന്റെ മുത്തശ്ശി കുഞ്ഞിലക്ഷ്മി മരിച്ചിട്ട് നാല് വര്‍ഷമായി.

ബലരാമന്റെ അന്ത്യശേഷം  എല്ലാ കൊല്ലവും അയാളുടെ പുണൃത്തിനായി അവര്‍ ഊട്ടുബലി കൊടുക്കാറുണ്ടായിരുന്നു.

സദ്യ തന്നെ. അടയും പ്രഥമനുമൊക്കെയുണ്ടാകും

നാട്ടിലുള്ള വിശപ്പുളളവരും വിശപ്പില്ലാത്തവരും എല്ലാവരും വരും, കഴിക്കും.

ഒരില അവര്‍ ബലരാമന്‍ നായരുടെ കല്ലില്‍ കൊണ്ട് വയ്ക്കും. പിന്നെ പുളിമരത്തിനു പിന്നില്‍ കാത്തിരിക്കും. ആദ്യമെത്തുന ബലിക്കാക്കയ്ക്ക് മുത്തശ്ശന്റെ നോട്ടമാണത്രേ.

കുഞ്ഞിലക്ഷ്മിയുടെ മരണശേഷവും അശോകന്റെ അമ്മ ഈ പതിവ് തുടര്‍ന്നു.

ബലിക്കാക്ക രണ്ടാണെന്നും ആദ്യം വന്നത് മുത്തശ്ശനും പിന്നീട് വന്നത് മുത്തശ്ശിയുമാണെന്നാണ് അവര്‍ അവകാശപ്പെട്ടിരുന്നത്.

അങ്ങനെയൊരു ഊട്ടുബലി  ദിവസമാണ് അശോകന്‍ കൂടുവിട്ട് ഒരു ബലിക്കാക്കയായത്. അപ്പോഴേക്കും കൂടുവിട്ടുകൂടുമാറല്‍ അവനു മടുത്തിരുന്നു. മുത്തശ്ശനോട്‌ ഒരുപാട് കാര്യങ്ങള്‍ അവനു ചോദിക്കാനുണ്ടായിരുന്നു.

ഊട്ടിനു വന്ന ബലിക്കാക്കകളോടെല്ലാം അവന്‍ അന്വേഷിച്ചു. ആരും ബലരാമനെ അറിയില്ല.

അശോകനെപ്പോലെ ബലരാമനെ തേടുന്ന മറ്റൊരു കാകനെയും അവന്‍ കണ്ടു.

പേര് കുഞ്ഞിലക്ഷ്മി.

*****
അശോകന്‍ പിന്നീട് പോയത് ബംഗാളിലെക്കാണ്. ഗീതാ ബൌളിനെ കാണാന്‍.

‘ബലരാമന്‍  സ്നേഹിച്ചത് എന്നെയായിരുന്നില്ല. എന്നിലെ സംഗീതത്തെയായിരുന്നു....ഇന്നും ഒരു ആല്‍മരമായി അദ്ദേഹം എന്റെ സംഗീതത്തെ സ്നേഹിക്കുന്നു...’ അവര്‍ പറഞ്ഞു

ഗീത ഇന്ന് പാടുന്നത്  ആ ആല്‍മരച്ചോട്ടിലിരുന്നാണ്. അവര്‍ക്ക് വേണ്ടി ബലരാമന്‍ കാറ്റ് വീശിക്കൊടുക്കാറുണ്ട്. അശോകനെ കണ്ടപ്പോള്‍ അയാള്‍ ഒരു ഇല പൊഴിച്ചു. ഒരു ഇളം കാറ്റടിച്ചു.

പോകുന്നതിനു മുന്പ് ബാലരാമനെത്തേടി വന്ന മറ്റൊരു അതിഥിയെ കുറിച്ചു കൂടി ഗീത പറഞ്ഞു.

ആല്‍മരത്തില്‍ കൂടുകൂട്ടിയ ഒരു ബലിക്കാക്കയായിരുന്നു അത്.

പേര് കുഞ്ഞിലക്ഷ്മി.

****
ഭാഗം നാല്: അശോകന്റെ കൂട്

ആ ബംഗാള്‍ യാത്ര അശോകനെ പഠിപ്പിച്ചത് താന്‍ ഇപ്പോഴും എത്രമാത്രം  ഒറ്റയ്ക്കാണ് എന്നതായിരുന്നു.

കൂടുവിട്ടും  കൂടുമാറിയും അവന്‍ ഒരുപാട് സഞ്ചരിച്ചു...പ്രണയിച്ചു...വ്യഭിച്ചരിച്ചു....അറിയാതെയും അറിഞ്ഞും പലരെയും ദ്രോഹിച്ചു.
ബലരാമന്‍ നായര്‍ക്കും ഇതെല്ലാമാകാമായിരുന്നു. ആഗ്രഹങ്ങളെയെല്ലാം ഒരു വാവലായി ഇരുളില്‍ കവര്‍ന്നെടുക്കാമായിരുന്നു. വൈരാഗ്യങ്ങളെല്ലാം ഒരു മൂര്‍ഖന്റെ രൂപം പൂണ്ട് അവസാനിപ്പിക്കാമായിരുന്നു. ബലരാമനും അശോകനാകാമായിരുന്നു. കുറ്റബോധങ്ങള്‍ അശോകന്റെ ഹൃദയത്തെ വരിഞ്ഞുകെട്ടി. നെഞ്ചിനകത്ത് കുത്തി.

 എന്നാല്‍ മുത്തശ്ശനെപ്പോലെ ഒരു ബൌള്‍ സംഗീതത്തെയോ കുഞ്ഞിലക്ഷ്മിയെയോ താന്‍ കണ്ടെത്തിയില്ലല്ലോ എന്ന തിരിച്ചറിവായിരുന്നു  ഈ കുറ്റബോധങ്ങളെക്കാളുപരി അശോകനെ സങ്കടപ്പെടുത്തിയത്.

****

അശോകന്‍ ഒരു വേഴാമ്പലായി. വായ്പുണ്ണുള്ളൊരു വേഴാമ്പല്‍.
സഹ്യന്റെ നെഞ്ചില്‍ ചെന്നിരുന്ന്‍ അവന്‍ കരഞ്ഞു. മതിവരുവോളം പൊട്ടിക്കരഞ്ഞു.

അന്ന് കണ്ണുനീര്‍ വറ്റി വീണ്ടും ശുദ്ധീകരിച്ചപ്പോള്‍   തനിക്ക് സിൻഡ്രോങ്ങളില്ലായെന്നും താന്‍ വെറുമൊരു പച്ചയായ 

മനുഷ്യനാണെന്നും  അവന്‍ തിരിച്ചറിഞ്ഞു. അസാധാരണതകളില്‍ നിന്നും എത്രയോ വിലപ്പെട്ടതാണ്‌ ചില സാധാരണതകളെന്നും അവന്‍ അറിഞ്ഞു

****
സൂസന്ന ഇന്നൊരു കവയിത്രിയാണ്. ഏകാകിനിയായി അവള്‍ കവിതകളെഴുതുന്നു.

അശോകന്‍ സൂസന്നയെ വായിക്കാന്‍ തുടങ്ങിയിരുന്നു.

അവളുടെ അക്ഷരക്കൂട്ടുകളില്‍, ചിന്നിച്ചിതറിയ വേദനകള്‍ക്കിടയില്‍ തന്റെ പ്രതിബിംബവും അയാള്‍ കണ്ടു.

അവസാനിപ്പിച്ചിടത്തു നിന്നും വീണ്ടും തുടങ്ങുകയായിരുന്നു അശോകന്‍.

അയാള്‍ വീണ്ടും സൂസന്നയെക്കണ്ടു.

ഏറ്റുപറച്ചിലുകള്‍ നടത്തി.

പിന്നെ കെട്ടിപ്പിടിച്ചു.

**** 

സൂസന്നയും അശോകനും തങ്ങളുടെ ജീവിതം കഴിച്ചു കൂട്ടിയത് ഗ്വാളിയറിലാണ്. സംഗീതം പൊട്ടിയൊഴുകുന്ന തെരിവുകളില്‍ അവര്‍ ഒന്നിച്ചു നടന്നു.

സൂസന്ന ഒരു പൂന്തോട്ടമുണ്ടാക്കി. അശോകനോടൊപ്പം അതിനെയും സ്നേഹിച്ചു.

ഒടുവില്‍ സൂസന്നയ്ക്ക് പക്ഷാഘാതം വന്നപ്പോള്‍ അയാള്‍ ഒരിടത്തും പോകാതെ അവള്‍ക്ക് കൂട്ടിരുന്നു.

മരിക്കുന്നതിനു മുന്‍പ് തന്റെ പൂന്തോട്ടത്തില്‍ ഒരു നിശാഗന്ധി പൂക്കുന്നത് അവള്‍ സ്വപ്നം കണ്ടു. ആ സ്വപ്നത്തെക്കുറിച്ചായിരുന്നു. അവള്‍ അവസാനമായി അശോകനോട് പറഞ്ഞത്.

****
സൂസന്ന മരിക്കുമ്പോള്‍, അശോകന്‍ ആ പഴയ ഡയറി തേടുകയായിരുന്നു.

മക്കള്‍ ഉറക്കെ കരഞ്ഞപ്പോള്‍, അശോകന്‍ ആ പഴയ ഡയറി പൊടിതട്ടിത്തുറക്കുകയായിരുന്നു.

സൂസന്നയെ കുളിപ്പിച്ച് കിടത്തുമ്പോള്‍, അശോകന്റെ ശരീരം നിശ്ചലമാവുകയും ബലരാമന്റെ ഡയറി കത്തിപ്പടരുകയുമായിരുന്നു.

അതേ നിമിഷം സൂസന്നയുടെ പൂന്തോട്ടത്തില്‍ ഒരു നിശാഗന്ധി തളിരിട്ടു.

അതായിരുന്നു അശോകന്റെ അവസാനത്തെ കൂട്.


****
THE END ;) 

നന്ദി: ബൌള്‍ സംഗീതത്തിനും എഴുതുന്നതെന്തിന് എന്ന ചോദ്യത്തിനും. 







Comments

  1. നന്നായിട്ടുണ്ട് സുഹൃത്തേ. വല്ല്യ വല്ല്യ എഴുത്തുകാരുടെ മികച്ച ചെറുകഥകള് തരുന്ന അതേ ഒരു ഫീല് കിട്ടുന്നുണ്ട്. യാത്ര തുടരട്ടെ. ആശംസകള്! :)

    ReplyDelete
  2. "അശോകന്റെ കൂട്" ഒരു മികച്ച വായനാനുഭവം... ഒരു ബ്ലോഗ്‌ വായിച്ചതായല്ല,ഒരു പുസ്തകത്തിലെ ചെറുകഥ വായിച്ചതായാണ് തോന്നുന്നത്. ഇരുത്തം വന്ന ഒരു കഥാകാരന്റെ ശൈലി...കഥാപാത്രങ്ങളും കാഴ്ച്ചകളും മാത്രമല്ല കഥയ്ക്കുള്ളിൽ ഒളിപ്പിച്ച ചില ചിന്താശകലങ്ങളും ഹൃദയത്തിൽ തൊട്ടു...താങ്കൾ എഴുത്തിന്റെ വഴിയിൽ ഇനിയുമേറെ ദൂരം സഞ്ചരിക്കും...ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...ആശംസകൾ.

    ReplyDelete
  3. മനോഹരം..നല്ലൊരു വായനാനുഭവം...ബ്ലോഗ്ഗുകളില്‍ അധികം കണ്ടുവരാത്ത ചെറുകഥയുടെ സങ്കേതങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്ന ഒരു സൃഷ്ടി തന്നെ..

    ReplyDelete

Post a Comment

Popular posts from this blog

തകരപ്പെട്ടി

കോട

വ്യാസചരിതം