എക്സ് റേ


ഒരു വര്‍ഷാവസാന പരീക്ഷയുടെ തലേന്നാണ്
ഞാനെന്റെ മനസ്സിന്റെ എക്സ് റെ എടുക്കുന്നത്
നെഞ്ചിടിപ്പിന്റെ ഒച്ചപ്പാടായിരുന്നു സൂക്കേട്
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും മാറാത്ത നെഞ്ചിടിപ്പ്

അന്നു രാത്രി ആരുമറിയാതെ എക്സ് റെ മഷീനു മുന്നിലെത്തി
മനസ്സിനെ വലങ്കൈ കൊണ്ട് നുള്ളിയെടുത്ത്
മഷീന് മുന്നില്‍ നഗ്നനായി നിറുത്തി
റേഡിയെഷനടിക്കാതെ മാറിനിന്ന് സ്വിച്ച് ഓണ്‍ ചെയ്തു

എക്സ് റെ രശ്മികള്‍ മനസ്സില്‍ തുളച്ച് കയറി
ഫിലിം കിട്ടിയതും മനസ്സ് കാണാണ്ടായതും ഒന്നിച്ചായിരുന്നു.
നോവറിയണ്ടെന്നു കരുതി മനസ്സിന്റെ തിരോധാനം ആഘോഷിച്ചു
പൊട്ടിച്ച കുപ്പികള്‍ക്ക് എണ്ണം വയ്ച്ചില്ല.

വീണ്ടും മനസ്സിനെ തേടുന്നത് ഒരു സെക്കണ്ട് ഷോ കാണുമ്പോഴാണ്
കോമഡിയും ട്രാജഡിയും ഒന്നും ഏല്‍ക്കുന്നില്ല
ഉറക്കം പോലും വരുന്നില്ല,
സ്ഥായി ഭാവം എന്തിന്റെയോ അഭാവമാകുന്നു.

മനസ്സ് കളയണ്ടായിരുന്നു...

വീട്ടിലെത്തി മനസ്സിന്റെ എക്സ് റെ നോക്കി.
ഒരു കണ്ണാടിക്കടലാസായിരിന്നു എന്റെ മനസ്സിന്റെ എക്സ് റെ.
അതിലൂടെ ആകാശം കാണാം.
അതില്‍ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങള്‍, ചിതറിയ ചിന്തകള്‍.
മുറിവേറ്റ്, വിളളലുകളുമായി ഇഴഞ്ഞു നീങ്ങുന്ന മേഘങ്ങള്‍
അലര്‍ച്ചകള്‍ അടക്കുന്ന അനന്തമായ ആകാശം,
ആ അനന്തതയില്‍ ലയിച്ച് ടെറസ്സില്‍ കിടന്നുറങ്ങി.

ദൂരയാത്ര പോയ മനസ്സ് പിറ്റേന്ന് തിരിച്ചുവന്നു...    

  

Comments

Popular posts from this blog

തകരപ്പെട്ടി

കോട

വ്യാസചരിതം