വ്യാസചരിതം


ഇരുന്നൂറു കൊല്ലം മുന്‍പുള്ള ചെപ്പായി ഗ്രാമം.
ഓലച്ചൂട്ടുതിറയും ഒടിയനും യക്ഷിയും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും എല്ലാം ഉണ്ടായിരുന്ന കാലം.

****

ഒരു വൈകുന്നേരം പതിവുപോലെ മുറ്റമടിക്കുകയായിരുന്നു കാളി.
പിറ്റേന്ന് ഇറക്കിപ്പൂജയുളളതാണ്. ഭഗവതി വരുമ്പോള്‍ മുറ്റം അലങ്കോലപ്പെട്ടു കിടന്നാല്‍ കോപിക്കും. പിന്നെ അതുമതി ഈ ജന്മം മുഴുവന്‍ പിഴ കിട്ടും.

പേടിയും ഭക്തിയും ചേര്‍ത്തുകൂട്ടിയാണ് കാളി അന്ന് മുറ്റമടിച്ചത്.
ന്യൂനമർദ്ദങ്ങളുടെ പൊറാട്ട് നാടകം പെട്ടെന്ന് നാടകീയമായി ഒരു മഴ പെയ്യിച്ചു.

ആകാശം ഇരുണ്ടു. മേഘങ്ങള്‍ കരുവാളിച്ചു. പിന്നെ പരസ്പരം മുട്ടിയുരുമ്മി.

****
ഇടിവെട്ടേറ്റാണ് കാളി മരിച്ചത്.

കറുത്ത് പൊള്ളിയ അവളുടെ ശവം അന്നത്തെ മഴ മുഴുവനും നനഞ്ഞിരുന്നു.

ഒപ്പം അവളുടെ ചുവന്ന കെട്ടുള്ള ഈര്‍ക്കിലിച്ചൂലും.

കാളിയുടെ മരണം നാട്ടുകാര് അറിയുന്നത് പിറ്റേന്ന് രാവിലെയാണ്.
കെട്ട്യോന്‍ കളഞ്ഞിട്ട് പോയ കാളിക്ക് മകള്‍ മല്ലിയല്ലാതെ വേറാരും ഉണ്ടായിരുന്നില്ല.

കഴിഞ്ഞയാണ്ട് മല്ലിയെ കെട്ടിച്ചയച്ചതില്‍ പിന്നെ അവളങ്ങ് തെക്കാണ് താമസം.

മല്ലിയെ വിവരമറിയിക്കാന്‍ ആളെ വിട്ടെങ്കിലും ദിവസം മൂന്നെടുക്കും തിരിച്ചെത്താന്‍.

ഒടുവില്‍ ശവത്തിന്റെ നാറ്റം ചെപ്പായിയെ മൂടും മുന്പ് അടക്കാന്‍ തന്നെ തീരുമാനിച്ചു.

എന്നാല്‍ എവിടെ അടക്കും?

ഒരു നുള്ള് മണ്ണ് പോലും കാളിക്ക് സ്വന്തമായുണ്ടായിരുന്നില്ല.
അങ്ങനെയാണ് സ്ഥലത്തെ അന്നത്തെ പ്രധാനികളെല്ലാം ചേര്‍ന്ന് കാളിയെ ഓലയില്‍ പൊതിഞ്ഞു ചെപ്പായിപ്പുഴയില്‍ ഒഴുക്കി വിടാന്‍ നിശ്ചയിക്കുന്നത്.

എല്ലാം സഹിക്കുന്ന ചെപ്പായിപ്പുഴ, ശവത്തിന്റെ നാറ്റവും സഹിച്ചു.
കാളിയെ അവള്‍ എങ്ങോട്ടോ കൊണ്ടുപോയി.

****
‘ഭഗവതീടെ നടയീന്നു മാറാത്തവളായിരുന്നു അവള്. അവളോട്‌ നമ്മളൊക്കെ കൂടെ ചെയ്തത് ഒരു ചെയ്ത്ത് തന്നെ കേട്ടാ...’
കുളിക്കടവിലെ അന്നത്തെ വര്‍ത്തമാനങ്ങള്‍ക്ക്‌ തുടക്കമിട്ടു കൊണ്ട് തങ്കി പറഞ്ഞു.

‘നീ എന്തരീ പറയണത്? കണ്ട പുലയത്തീടെ ശവം കുഴിച്ചിടാന്‍ നീ മണ്ണ് കൊടുക്കുമായിരുന്നാ?’ പങ്കി തങ്കിയുടെ ഉത്തരം മുട്ടിച്ചു.

‘ഞാനൊന്ന് മുങ്ങീട്ടും വരാം’ അങ്ങനെ പറഞ്ഞു തങ്കി മുങ്ങി.
മുങ്ങാന്‍ പോയ തങ്കിയെ നോക്കി പങ്കി കുറേ നേരം കാത്തിരുന്നു.

‘എടി തങ്കിയേ... ഇങ്ങനെ മുങ്ങിയെന്നും പറഞ്ഞു നിന്റെ കാക്കപ്പുള്ളി പോവൂല്ല കേട്ടാ..’ പങ്കി വിളിച്ചു പറഞ്ഞു.

മറുപടിയില്ല.

‘എടി തങ്കിയേ...വിളി കേള്‍ക്കെടി പെണ്ണേ...’  

വീണ്ടും മറുപടിയില്ല.

പങ്കിക്ക് പേടിയൊക്കെ വന്നു തുടങ്ങി. അവള്‍ വീണ്ടും വീണ്ടും 
ഉച്ചത്തില്‍ തങ്കിയെ വിളിച്ചു.

ഒരനക്കവുമില്ല.

****
ചാത്തന്‍ മുങ്ങിക്കേറിയപ്പോള്‍  കൊണ്ടുവന്നത് രണ്ടു വസ്തുക്കളാണ്.
ഒന്ന്‍ ചക്കിയുടെ ശവം.

രണ്ട് ചുവന്ന പിടിയുള്ള ഒരു ഈര്‍ക്കിലിച്ചൂല്!

****
അങ്ങനെയാണ് ചെപ്പായിയുടെ ചരിത്രത്തില്‍ ചൂലും കാളിയും ഇടംപിടിക്കുന്നത്.

ദുര്‍മരണങ്ങള്‍ വീണ്ടുമുണ്ടായി. പലതിലും ഒരു സഹകഥാപാത്രമായി മാറി ചുവന്ന കെട്ടുള്ള ഒരു ഈര്‍ക്കിലിച്ചൂല്.

രാഹുക്കണിയാന്‍ കിണറ്റില്‍ വീണതും, ചെത്തുകാരന്‍ പൊന്നന്‍ പനയീന്നു വീണതുമെല്ലാം ചെപ്പായി കണ്ടത് കാളിയുടെയും ചൂലിന്റെയും പകപോക്കലായായിരുന്നു.

****.

ഇനി ഇരുന്നൂറു വര്ഷം മുന്നോട്ട്.

കാളിയെയും ചൂലിനെയും  ചെപ്പായിക്കാര്‍ ഒരുവിധം മറന്നു തുടങ്ങിയിരുന്നു. കാളിയുടെ ചെറുമകളുടെ മകള്‍ മുത്തിത്തളള മാത്രം ഒന്നും മറന്നില്ല. ആരെയും മറക്കാനൊട്ട് അനുവദിച്ചുമില്ല. അവസരം കിട്ടുമ്പോഴെല്ലാം. അവര്‍ ആ കഥ പറയും.

ചൂലിന്റെ കഥ മീനാക്ഷി കേള്‍ക്കുന്നതും അവരില്‍ നിന്നും തന്നെ.

****  
 ചെപ്പായിയുടെ ഒറ്റനടുക്കുള്ള പൂവില്ലാക്കുന്നില്‍ ചെന്നാല്‍ ഇന്നും നിങ്ങള്‍ക്ക് നമ്മുടെ കഥാനായകനെ കാണാം.

വ്യാസന്‍.   

വ്യാസനെ അറിയില്ലേ?

വേദങ്ങളെ നാലായ് മുറിക്കുകയും അഞ്ചാം വേദം രചിക്കുകയും ചെയ്ത ചിരഞ്ജീവിയായ ഋഷിവര്യന്‍. അതിനുമപ്പുറം സത്യവതിയുടെ മകനും ഇരുണ്ട നിറമുണ്ടായിരുന്നവനുമായ ദ്വൈപായനന്‍.
എന്നാല്‍ നിറം  ഇരുണ്ടതാണെങ്കിലും ചിരന്ജീവിയൊന്നുമല്ല നമ്മുടെ വ്യാസന്‍.

നൂറ്റാണ്ടുകള്‍ക്ക് സാക്ഷ്യം വഹിച്ച ഒരു പാവം അരയാലാണവന്‍.

****
വ്യാസന് ജനനമില്ല.

മനുഷ്യമൃഗാദികള്‍ക്കുള്ള പോലെ ജനനത്തീയതിയും നക്ഷത്രങ്ങളുമൊന്നും സസ്യങ്ങള്‍ക്കില്ലത്രേ.

അല്ല, നാം കരുതിക്കൂട്ടി നടുന്ന ചെറുചെടികള്‍ പോലും എപ്പോഴാണ് ജനിക്കുന്നത്?

മണ്ണിന്റെ ഗര്‍ഭപാത്രത്തിലേക്ക് ഒരു വിത്തിനെ നിക്ഷേപിക്കുമ്പോഴാണോ ജീവനുണ്ടാകുന്നത്?

ഉണങ്ങി നിര്‍ജലീകരണം സംഭവിച്ച അവസ്ഥയില്‍ നിന്നും ഒരു പടുവൃക്ഷമായ് മാറാമെങ്കില്‍ പണ്ടു മുതല്‍ക്കേ ആ വിത്തിനുള്ളില്‍ ജീവനുണ്ടായിരുന്നിരിക്കണ്ടേ?

തല്‍കാലം ഉത്തരം കിട്ടാത്ത ചോദ്യക്കടലാസുകളുടെ അതേ ഡ്രായറില്‍ തന്നെ ഈ ചോദ്യത്തെയും അടച്ചു വയ്ക്കാം.

****
അപ്പോള്‍ പറഞ്ഞു വന്നത് വ്യാസനെ കുറിച്ചാണ്.

വ്യാസനു അറിവിലുമധികം അറിവില്ലായ്മകളാണ്.

ഭൂമി ഉരുണ്ടാതാണെന്നു അവനറിയില്ല.. സൌരയൂഥത്തെയും ഭൂഖണ്ടങ്ങളെയും ലോകരാഷ്ട്രങ്ങളെയും അവനു അറിയില്ല.

എന്തിനു? താന്‍ വളര്‍ന്ന ചെപ്പായി ഗ്രാമത്തിലെ കവല പോലും അവനു പരിചയമില്ല.

അവന് അറിയാവുന്നത് മണ്ണിനെയാണ്.

അവന്‍ സഞ്ചരിച്ചിരുന്നതും മണ്ണിന്റെ മറവിലാണ്. വേരുകള്‍ മണ്ണിലൂടെ ഒഴുക്കിയും ഇടയ്ക്കിടെ ഉപരിതലത്തിലേക്ക് പൊന്തിച്ചും പിന്നെ വീണ്ടും മണ്ണിന്റെ മറവിലേക്ക് ആഴ്ന്നിറങ്ങിയുമാണ് അവന്‍ ഭൂമിയെ, അവന്റെ അമ്മയെ അറിഞ്ഞത്.

എങ്കിലും നെല്‍ക്കതിരുകളുടെ സ്വര്‍ണ്ണവര്‍ണ്ണത്തെക്കുറിച്ചും, രാക്ഷസക്കടലിന്റെ ഇരമ്പത്തെക്കുറിച്ചും, തന്നെ വേരോടെ പിഴുതെറിയാന്‍ പോന്ന ഗജവീരന്മാരെക്കുറിച്ചുമൊക്കെ അപ്പൂപ്പന്‍ താടികളില്‍ നിന്നും ദേശാടനക്കിളികളില്‍ നിന്നും ഒരുപാട് അവന്‍ കേട്ടിട്ടുണ്ട്.

****

ഇരുകാലികളെയും നാല്‍ക്കാലികളെയും എട്ടുകാലികളെയും പിന്നെ കാക്കത്തൊള്ളായിരം കാലുകളുള്ള ഹീറോപ്പേനയെയുമെല്ലാം അസൂയയോടെയായിരുന്നു അവന്‍ നോക്കിയിരുന്നത്.

അവര്‍ മണ്ണിന്റെ പരവതാനിയിലൂടെ നടന്നു നീങ്ങുമ്പോള്‍ തന്റെ സ്ഥാവരശാപമോര്‍ത്ത് അവന്‍ തന്റെ ഇലകള്‍ കൂമ്പിക്കും.

ആകാശത്തിന്റെ അനന്തതയിലേക്ക് പറന്നകലുന്ന പറവകളെ കാണുമ്പോള്‍ അവന്‍ ഇലകള്‍ പൊഴിക്കും, വ്യാസനില്‍ കണ്ണീര്‍ക്കറ ഒലിക്കും.

****
ചലനശേഷിക്കായി അവന്‍ കരഞ്ഞപെക്ഷിച്ച ഒരവസരമുണ്ടായിട്ടുണ്ട്.
അതിങ്ങനെയാണ്...

കടം കേറിയപ്പോള്‍ രാമന്‍ കുട്ടിയും  ഭാര്യ ചിത്തിരയും ചാകാന്‍ തന്നെ തീരുമാനിച്ചു.

അന്ന് അവരുടെ മകള്‍ മീനാക്ഷി നടന്നു തുടങ്ങിയിട്ടുണ്ടായിരുന്നില്ല.
ഒരു തിരുവോണത്തിന്റന്നാണ് കുഞ്ഞിനെ അനുജന്‍ കൃഷ്ണന്‍ കുട്ടിയെ ഏല്പിച്ച് രാമനും ഭാര്യയും വ്യാസന്റെ മുന്നിലെത്തുന്നത്.
ഇടത്തും വലത്തുമായി കൈകള്‍ പോലെ വിടര്ന്നിരിക്കുന്ന രണ്ടു ചില്ലകളുണ്ട് വ്യാസന്.

അവയില്‍ ഓരോന്നിലുമായാണ് രാമനും ചിത്തിരയും തൂങ്ങിയാടിയത്. അവരുടെ ശരീരങ്ങള്‍ ജീവവായുവിനായ് പിടഞ്ഞപ്പോള്‍ വ്യാസന്‍ ഉള്ളില്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. ഒന്നും ചെയ്യാനാകാതെ ആ മനുഷ്യജീവികളുടെ ചലനം നിലയ്ക്കുന്നതും കാത്ത് അവനിരുന്നു.
കീഴ്ച്ചില്ലകള്‍ മുകളിലേക്ക് നീട്ടി ആ നീലിച്ച പാദങ്ങളെ ഒന്ന് താങ്ങാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് അവന്‍ ആഗ്രഹിച്ചു.

കാലങ്ങള്‍ക്കിപ്പുറം കൊലപാതകികളായ തന്റെ വന്‍ശിഖരങ്ങള്‍ക്ക് താഴെയായി അവന്‍ അതേ കീഴ്ച്ചില്ലകളെ വളര്‍ത്തിയെടുത്തതായിരുന്നു വ്യാസന്റെ  നാം കാണുന്ന  ജന്മത്തിലെ ആദ്യ സാക്ഷാത്കാരം.

****
പിന്നീടും പലരും ജീവനൊടുക്കാന്‍ വ്യാസന്റെ ശിഖരങ്ങള്‍ തേടി വന്നിട്ടുണ്ട്. പക്ഷെ ജീവന്‍ പുളഞ്ഞു തുടങ്ങുമ്പോള്‍ അവര്‍ കീഴ്ചില്ലയില്‍ അറിയാതെ കാല്‍ വയ്ക്കും.

പിന്നെ ആരുമറിയാതെ കയറുമായി വീട്ടിലേക്ക് തിരിച്ചുനടക്കും.

ആത്മഹത്യ ചെയ്യുന്നവരൊക്കെയും തിരിച്ചു പോകാന്‍ ആഗ്രഹിക്കാറുണ്ടത്രേ.

****

സസ്യങ്ങള്‍ക്ക് വികാരങ്ങളുണ്ടോ എന്നറിയില്ല. എന്നാല്‍ നമ്മുടെ വ്യാസന് പ്രണയമുണ്ടായിരുന്നു.

അവനില്‍ നിന്നും പത്തടി മാറി എങ്ങനെയോ ആരും നടാതെ വളര്‍ന്ന ചീലാന്തിയോട്.

കാറ്റ് വീശുമ്പോള്‍, അവളുടെ ഇലകള്‍ ഇളകുമ്പോള്‍, വ്യാസനില്‍ എന്തെല്ലാമോ സംഭവിക്കുന്നു. അവന്‍ തന്റെ സ്ഥാവരശാപം മറക്കുന്നു, ശിഖരങ്ങള്‍ പക്ഷികള്‍ക്കായി  ഒരുക്കികൊടുക്കുന്നു, വേരുകള്‍ക്കിടയില്‍ പെരുച്ചാഴി മാളങ്ങള്‍ക്ക് അവസരമൊരുക്കുന്നു, മരംകൊത്തി കൊത്തുമ്പോഴും അവന്‍ പുഞ്ചിരിക്കുന്നു.

ചീലാന്തിയോടുള്ള പ്രണയം വ്യാസനെ പ്രകൃതിയോട് കൂടുതല്‍ അടുപ്പിച്ച് തുന്നിച്ചേര്‍ത്തിരുന്നു.

ചില മനുഷ്യരെയും പ്രണയം അങ്ങനെയാക്കിയെടുക്കുമത്രേ.

****

ഉസ്കൂള് തുറന്നപ്പോള്‍ ആദ്യമായി കണക്ക് മാഷ്‌ നാലാം ക്ലാസുകാരോട് പറഞ്ഞത് നാളെ വരുമ്പോള്‍ ഒരു വടി കൊണ്ട് വരണമെന്നായിരുന്നു.
ചീലാന്തിക്കൊമ്പ് ഒടിച്ചെടുക്കുമ്പോള്‍ കണക്ക് മാഷ്‌ തനിക്ക് പിറ്റേന്ന് നല്കാന്‍ പോകുന്ന അഭിനന്ദനത്തെക്കുറിച്ച്  മാത്രമേ കുഞ്ഞു മീനാക്ഷി ചിന്തിച്ചിരിന്നുളളൂ.  

വ്യാസന്‍ നോക്കി നില്‍ക്കെയാണ് അവള്‍ ചീലാന്തിക്കമ്പൊടിക്കുന്നത്.
വേദനകൊണ്ട് പുളഞ്ഞ ചീലാന്തിവേരിനെ തന്റെ വേരുകളാല്‍ വ്യാസന്‍ കെട്ടിപ്പിടിച്ചു.

വേദനിക്കുന്നവര്‍ക്ക് എന്നും കെട്ടിപ്പിടിത്തമാണ് ആവശ്യം.

****

നാളുകള്‍ക്ക് ശേഷം പാത്തും പതുങ്ങിയും പൂവില്ലാക്കുന്നിലേക്ക്  വന്ന മീനാക്ഷി ആ പഴയ ചീലാന്തിക്കമ്പ് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു.
പിന്നെ വ്യാസന്റെ മടിയില്‍, വസുന്ധരയുടെ പൊക്കിള്‍ക്കൊടിയില്‍ കിടന്ന് അവള്‍ തേങ്ങിക്കരഞ്ഞു.

അന്ന്, തന്റെ പ്രിയതമയുടെ കൊമ്പൊടിച്ചപ്പോള്‍ വ്യാസന് മീനാക്ഷിയോട് തോന്നിയതു  ദേഷ്യമായിരുന്നോ എന്നറിഞ്ഞുകൂടാ.
എങ്കിലും കരയുന്ന കുരുന്നിനെ കെട്ടിപ്പിടിക്കാന്‍ കഴിയാത്തതിനാല്‍ അവന്‍ സങ്കടപ്പെട്ടിരുന്നു, സ്ഥാവരശാപത്തെ വീണ്ടും ശപിച്ചിരുന്നു.
അവളുടെ കൈയ്യിലെ വടി വീണ പാട് കണ്ട് അവന്‍ സങ്കടപ്പെട്ടിരുന്നു.

****
വിറകു തികയാതെ വന്നപ്പോഴാണ് കുട്ടന്‍ പിള്ള ചീലാന്തി മുറിക്കാന്‍ കണാരനോട് പറയുന്നത്.

വ്യാസന്‍  നോക്കി നില്‍ക്കെയാണ് അവര്‍ ചീലാന്തിയെ കഷണിക്കുന്നതും.
അവന്‍ നോക്കി നില്‍ക്കെയാണ് അവളുടെ പട്ടുപോലുള്ള ഇലകളെ ഇറുത്ത് ചാക്കിലാക്കുന്നതും, അവളുടെ അസ്ഥികുടീരമെന്നവണ്ണം വ്യാസനു എന്നെന്നും ഓര്‍ത്തോര്‍ത്ത് കരയാന്‍ അവളുടെ കീഴ്ത്തടിയെ ബാക്കിവെയ്ക്കുന്നതും.

അപ്പോഴും മണ്ണിനടിയില്‍ അവരുടെ വേരുകള്‍ കെട്ടിപ്പിടിച്ച് കിടന്നിരുന്നു. ഇന്നും കിടക്കുന്നുണ്ട്.

****

ചീലാന്തി കത്തിയെരിഞ്ഞ പുകപടലം വ്യാസനെ തഴുകിയാണ് കടന്നുപോയത്. അന്ന് അവനില്‍ നിന്നൂറിയ കണ്ണീര്‍ക്കറ  കണ്ടതുകൊണ്ടാണോ എന്നറിയില്ല, അന്നു രാത്രി മുഴുവനും മരണവീട്ടിലെ അയല്‍ക്കാരിയെന്ന പോലെ കുഞ്ഞുമീനാക്ഷി വ്യാസന്റെ മടിയില്‍ കൂട്ടിരുന്നു.

****

പിന്നീടെപ്പോഴോ ചീലാന്തിയുടെ ചാരം മണ്ണോടു ചേര്‍ന്നപ്പോള്‍, അവളുടെ ജീവബിന്ദുക്കള്‍ രാസപദാർത്ഥങ്ങളായി വ്യാസന്റെ വേരുകളിലൂടെ അവനിലലിഞ്ഞപ്പോള്‍, ഒരുപക്ഷെ പ്രണയത്തിന്റെ സത്യസാക്ഷാത്കാരമെന്തെന്നു അവന്‍ അറിഞ്ഞിരുന്നിരിക്കാം.

****

മീനാക്ഷിയുടെ വളര്ത്തച്ഛന്‍ കൃഷ്ണന്‍ കുട്ടി സ്നേഹമുളളവനായിരുന്നു. സൂര്യന്‍ അസ്തമിക്കും വരെ.

വെള്ളമകത്ത് ചെന്നാല്‍ പിന്നെ കൃഷ്ണന്‍ കുട്ടി മനുഷ്യനല്ല. അയാള്‍ അസഭ്യം പറയും, അക്രമങ്ങള്‍ കാട്ടും. മീനാക്ഷിയെ തല്ലും, അവളുടെ മുടിയില്‍ പിടിച്ചുയര്‍ത്തും. അവളെ വേദനിപ്പിക്കും.

മീനാക്ഷിയുടെ വളര്ത്തമ്മ ലക്ഷ്മിക്ക് കണ്ടു നില്‍ക്കുകയെ വഴിയുണ്ടായിരുന്നുള്ളു.

****

പിന്നീടെന്നോ മടിയില്‍ വന്നിരുന്നു സങ്കടം പറഞ്ഞവള്‍ പൊട്ടിക്കരഞ്ഞപ്പോഴാണ് അന്ന്, ചീലാന്തിയുടെ മരണത്തിനു മീനാക്ഷി തനിക്ക് കൂട്ടിരുന്നതല്ല മറിച്ച് സ്വയം രക്ഷപ്പെടുകയായിരുന്നു എന്ന് വ്യാസന് മനസ്സിലാകുന്നത്.

****

വിറകു കൊള്ളിയുമായി കൃഷ്ണന്‍ കുട്ടി മീനാക്ഷിയെ ഓടിച്ചപ്പോള്‍, ആ പിഞ്ചു മുഖത്ത് പോളളലേല്‍പ്പിക്കാന്‍ തുനിഞ്ഞപ്പോള്‍, അന്നും അവള്‍ വ്യാസന്റെയടുക്കല്‍ ഓടിയെത്തി. അവന്റെ പിന്‍വശത്തെ നീണ്ട വിള്ളലില്‍ അവള്‍ ഒരു രാത്രിയും പകലും കഴിച്ചുകൂട്ടി.

അന്ന് തന്റെ ശിഖരങ്ങളാല്‍ പൊക്കിയെടുത്ത് അവളെ ആകാശത്തെ നക്ഷത്രങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് അവന്‍ കൊതിച്ചു.

വീണ്ടും സ്ഥാവരശാപത്തെ ശപിച്ചു.

****

പിന്നീടെന്നും മീനാക്ഷി വ്യാസനെ കാണാന്‍ വരും. എന്തൊക്കെയോ പറയും. അവന്റെ മടിയിലിരിക്കും.

കൈയില്‍ കരുതിയ കോപ്പയില്‍ നിന്നും അവനു വെള്ളം പകര്‍ന്നു കൊടുക്കും.

പടുവൃക്ഷങ്ങള്‍ക്ക് ആരും നനവ്‌ പകരാറില്ല. എങ്കിലും അവള്‍ നല്‍കിയ ജലകണങ്ങള്‍ വ്യാസന് മധുരമായിരുന്നു പകര്‍ന്നിരുന്നത്.

****

എന്തുകൊണ്ടോ മീനാക്ഷിയുടെ അച്ഛനമ്മമാരുടെ മരണത്തിനു കാരണം താനായിരുന്നു എന്ന് വ്യാസന്‍ വിശ്വസിച്ചിരുന്നു.

ആ നശിച്ച രാത്രിയില്‍  തനിക്ക് ഒരുവട്ടമൊന്നു  അനങ്ങാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ മീനാക്ഷി ഒരു അനാഥയാകില്ലായിരുന്നു എന്ന് അവന്‍ കരുതി.

അതുകൊണ്ടാകണം മറ്റ്‌ ഇരുകാലികളോടൊന്നും തോന്നാത്ത വാത്സല്യവും സ്നേഹവും അവന്‍ അവളോട്‌ വച്ചുപുലര്‍ത്തിയിരുന്നത്.

****

കാലം വീണ്ടും കടന്നുപോയി.

മീനാക്ഷി വളര്‍ന്നു.

അവള്‍ ഇന്നും വ്യാസന്റെയടുത്ത്  വന്നിരിക്കാറുണ്ട്. തന്റെ ആര്‍ത്തവത്തെ കുറിച്ചും ചെറുക്കന്മാരുടെ നോട്ടത്തെക്കുറിച്ചുമെല്ലാം വാതോരാതെ പറയാറുണ്ട്.

****

ചെപ്പായിയും വളര്‍ന്നു.

റോഡുകളും കെട്ടിടങ്ങളും വന്നു. പലതും മണ്‍മറഞ്ഞു.
പുതിയ വഴികള്‍ ഉടലെടുക്കുമ്പോഴൊക്കെയും എന്തൊക്കെയോ മാഞ്ഞു പോകുന്നുണ്ടായിരുന്നു.

അങ്ങകലെ നിന്നും എന്നും തനിക്ക് കാറ്റത്ത് ചേര്‍ന്ന് സലാം പറഞ്ഞിരുന്ന  അശോകവും പെരുമരവും അപ്രത്യക്ഷമാകുന്നത് വ്യാസന്‍ കണ്ടു നിന്നു.

കടലിന്റെ കഥ പറയുന്ന അപ്പൂപ്പന്‍ താടികള്‍ ഇപ്പോള്‍ ഇതുവഴി വരാറില്ല. ദേശാടനക്കിളികള്‍ കടന്നു പോകുമ്പോള്‍ ഇന്നും സത്രമൊരുക്കി ശിഖരങ്ങള്‍ ഉയര്‍ത്തി നില്‍ക്കാറുണ്ട് വ്യാസന്‍. എന്നാല്‍ എന്തോ ഭയന്നെന്ന പോലെ അവനിലേക്ക് ഒരു നോട്ടമയച്ച് അവര്‍ യാത്ര തുടരുന്നു.

എന്തെല്ലാമോ മാറുന്നതായി വ്യാസന് തോന്നി.

മണ്ണിന് പോലും ഒരു മാറ്റച്ചൊവ.

****

വെട്ടിയ വഴികളില്‍ മുന്തിയത് ഒടുവില്‍ ചെന്നെത്തിയത് വ്യാസനിലാണ്.
അങ്ങനെയാണ് വ്യാസനെ കഷണിക്കാന്‍ വിധി വരുന്നത്. തന്റെ മരണക്കുറിപ്പ് നാട്ടുവര്ത്തമാനങ്ങളായാണ് വ്യാസന് ലഭിക്കുന്നത്.
മണ്ണോടു ചേരുന്നതില്‍ വിഷമമൊന്നും അവനു തോന്നിയിരുന്നില്ല. എങ്കിലും മീനാക്ഷിയുടെ പറച്ചിലുകള്‍ കേള്‍ക്കാന്‍  ഇനിയാരുണ്ടാകും എന്നോര്‍ത്ത് അവന്‍ വിങ്ങിയിരുന്നു.

****

അന്ന് പുലര്‍ച്ചെ തന്നെ നാട്ടുകാരെല്ലാം വ്യാസന് ചുറ്റും തടിച്ചുകൂടി.
അവരുടെ ഒച്ചപ്പാട് കേട്ടാണ് വ്യാസനന്നുണര്‍ന്നത്. തന്റെ അന്ത്യം നേരില്‍ കാണാന്‍ വന്നവരാകുമെന്നു അവന്‍ കരുതി.

എന്നാല്‍ അവര്‍ സംസാരിച്ചത് മറ്റെന്തിനെയോ കുറിച്ചായിരുന്നു.

****

‘പണ്ട് അമ്മൂമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അന്നൊക്കെ ഇവിടെ മുറ്റമടിക്കാറ്  പോലും ഇല്ലായിരുന്നത്രേ. ചൂല് കണ്ടാല്‍ പിന്നെ തീര്‍ന്നെന്നാണ് പറയണത്’ രാഘവന്‍ പറഞ്ഞു.

‘അതിപ്പോ എത്ര കാലമായെന്നാണ്. പണ്ടെങ്ങാണ്ട് ഒരുത്തിയെ കുഴിച്ചിട്ടില്ലെന്നു പറഞ്ഞു അവള് ചൂലും കൊണ്ട് കൊല്ലാനിറങ്ങുമെന്നാണാ നിങ്ങളീ പറയണേ...’ ബീഡിക്കുറ്റി  വലിച്ചെറിഞ്ഞു പ്രഭാകരന്‍ പുച്ഛഭാവം വാരി വിതറി.

‘കാര്യം എന്തരോ ആകട്ട്‌...ഇത് ആര് ഇവിടെ കൊണ്ടിട്ടു എന്നതിന് നിനക്ക് ഉത്തരമുണ്ടാ? ഇല്ലല്ലാ...പിന്നെ മിണ്ടാതിരി...എനിക്ക് ഇതിലൊക്കെ ഇത്തിരി വിശ്വാസമുളളതാണേ .’ രാഘവന്‍ തിരിച്ചടിച്ചു .

‘ആ നിങ്ങളറിഞ്ഞാ...പൊഴയില് ശവം പോങ്ങീട്ടുണ്ട്. ഒരു പെണ്ണെന്നാണ് കേള്‍ക്കണത്. ചീങ്കണ്ണിയും കടിച്ചിട്ടുണ്ടത്രേ..’ വഴിയെ സൈക്കിളില്‍ പോയ കണാരന്‍ വിവരം പറഞ്ഞു.

‘ഇപ്പൊ എന്തരായി...ഇത് കാളീരെ പണിയാണ്. അവള്‍ക്ക് കലിപ്പ് തീര്‍ന്നിട്ടില്ലെന്നാണ് തോന്നണത്. അന്നേ മുത്തിത്തളള പറഞ്ഞതാണ്. കാവ് കൊണ്ടന്നു അവളെ കുടിയിരുത്തണമെന്നു. ആരും കേട്ടില്ലല്ലാ. ഇനി അനുഭവിക്കീന്‍.’ പേരറിയാത്ത ആരോ പറഞ്ഞു.

****

മുത്തിത്തളള വ്യാസന്റെ മൂട്ടില്‍ വന്നു താഴോട്ട് എറിഞ്ഞു നോക്കി.

അതാ കിടക്കുന്നു ചുവന്ന കെട്ടുള്ള ഈര്‍ക്കിലിച്ചൂല്!

മുത്തിത്തളളയുടെ കണ്ണുകള്‍ തെളിഞ്ഞു. അവര്‍ ഉള്ളില്‍ ചിരിച്ചു.

‘ഇത് അത് തന്നെ. എന്റെ മൂത്തമ്മൂമ്മേടെ ചൂല് തന്നെ. പണ്ട് കേശവന്‍ ചത്തപ്പോഴും ഞാന്‍ ഇതേ സാധനം കണ്ടതാണ്.’

‘ആ ഞാന്‍ പറയേണ്ടതൊക്കെ പണ്ടേ പറഞ്ഞതാണ്...ഇന്ന് മരം വെട്ടാന്‍ നിന്നപ്പോഴല്ലേ നിനക്കൊക്കെ ബോധിച്ചത്...ഇതൊക്കെ നേരത്തെ നിരൂപിക്കേണ്ടിയിരുന്ന്!’

‘മുത്തിത്തളള പറഞ്ഞാ മതി എന്ത് വേണോ ചെയ്യാം. ഇനീം ശവങ്ങള് പൊങ്ങിയാല്‍ നാട് മുടിയും?’ പഞ്ചായത്ത് പ്രസിഡന്റ്റ് അഭിപ്രായം ഉന്നയിച്ചു.

ആള്‍ക്കൂട്ടം അത് ശരിവച്ചുകൊണ്ട് എന്തൊക്കെയോ പിറുപിറുത്തു.

‘ഈ ശാപം തീരാന്‍ ഒരു വഴിയേ ഒള്ളു. അത് ഞാന്‍ പറഞ്ഞതാണെല്ലാ. എന്റെ മൂത്തമ്മൂമ്മയ്ക്ക് കാവ് വേണം. അവരെ കുടിയിരുത്തണം. ഇപ്പൊ ദാ  അവര് തന്നെ സ്ഥലം വരെ കാണിച്ച് തന്നിരിക്കണ്...’ മുത്തിത്തളള വ്യാസനെ ചൂണ്ടി കാവിന്റെ സ്ഥാനം കാണിച്ചു.
മരം വെട്ടാന്‍ വന്ന ഖാദറിനേം കൂട്ടരേം പ്രസിഡന്റ്റ് തിരിച്ചയച്ചു.

****

അപ്പോള്‍ തന്നെ മുത്തിത്തളള ആ ചൂലെടുത്ത് വ്യാസന്റെ മുന്നില്‍ കുത്തി നിറുത്തി. കൈയിലിരുന്ന ചെമ്പരത്തിപ്പൂവ് ചൂലില്‍ ചാര്‍ത്തി. വെളിച്ചപ്പാടിന്റെ തോളില്‍ കിടന്ന ചുവന്ന പട്ടു തട്ടിയെടുത്ത് ചൂലിനെ ഉടുപ്പിച്ചു. പിന്നെ തന്റെ മൂത്തമ്മൂമ്മയെ സാഷ്ടാംഗം വണങ്ങി ഒരു കുരവയമിട്ടു. കണ്ടിരുന്ന പെണ്ണുങ്ങളും മുത്തിത്തളളയെ ഏറ്റ് കുരവകളിട്ടു.

അങ്ങനെ വ്യാസന്‍ കാവും ചൂല് ദൈവവുമായി.

‘ഇനി ഒന്നും പേടിക്കണ്ട. എന്നും കാവില് വിളക്ക് വയ്ക്കണം. ഉത്സവവും വേണം. മൂത്തമ്മൂമ്മയ്ക്ക് എന്നാലെ ശാന്തി കിട്ടൂ...’

എല്ലാവരും എല്ലാം സമ്മതിച്ചു.

വ്യാസന്‍ മാത്രം ഒന്നും മനസ്സിലാകാതെ പകച്ചു നിന്നു.

****

പിറ്റേന്ന് മുറ്റമടിക്കാന്‍ ചൂലും തേടി മീനാക്ഷിയുടെ വളര്ത്തമ്മ ലക്ഷ്മി പുരയ്ക്ക് ചുറ്റും പ്രദക്ഷിണം വച്ചപ്പോള്‍ പതിനഞ്ചുകാരിയുടെ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി വിടര്‍ന്നിരുന്നു.

കുറച്ചു മാറി വീണ്ടും കഥകളുമായെത്തിയ അപ്പൂപ്പന്‍ താടികളെ കണ്ടപ്പോള്‍ വ്യാസന്റെ ഇലകളിലെ സൂഷ്മസുഷിരങ്ങളില്‍ നിന്നും ഒരു നെടുവീര്‍പ്പും...

The End ;)






   

Comments

  1. ചെപ്പായി ഗ്രാമത്തിന്റെ വിശ്വാസങ്ങൾ ...കാലഘട്ടങ്ങളിലൂടെയുള്ള അനായാസമായ സഞ്ചാരം...മിത്തിന്റെ സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തിയ അതിമനോഹരമായ ആഖ്യാനശൈലി....വ്യാസചരിതം തീർത്ത അത്ഭുതലോകം...ആദരവോടെ മാത്രമേ താങ്കളുടെ കഥകളെ വായിക്കാൻ സാധിക്കൂ...ആശംസകൾ

    ReplyDelete
  2. എല്ലാര്‍ക്കും ചറപറാ മെന്‍ഷന്‍ അടിച്ചപ്പോള്‍ പിണക്കം തോന്നി. പക്ഷെ, കഥ വായിച്ചപ്പോള്‍ വാശി ഒക്കെ പോയി..കഥ വളരെ നന്നായിരിക്കുന്നു..അഭിനന്ദനങ്ങള്‍..!!

    ReplyDelete
  3. ഒന്നും പറയാൻ പറ്റുന്നില്ല.. മനോഹരമായ ആഖ്യാനം.. ഈ എഴുത്തിന്റെ ആരാധകൻ ആയിരിക്കുന്നു ഞാൻ..

    ReplyDelete

Post a Comment

Popular posts from this blog

തകരപ്പെട്ടി

കോട