തവളരാജ്യം


യാതൊരു  തത്വശാസ്ത്രത്തെയും തിരുത്തിയെഴുതുവാനോ വ്യവസ്ഥകള്‍ക്കെതിരെ പ്രതിഷേധിക്കാനോ അല്ല അനുഗ്രഹയും ക്രിസ്റ്റഫറും കേട്ടിപ്പിടിച്ചതും ചുംബിച്ചതും. അവര്‍ക്ക് അപ്പോള്‍ അങ്ങനെ ചെയ്യാന്‍ തോന്നി. അത്രതന്നെ. അതിനു യാതൊരു തരത്തിലുള്ള  ന്യായീകരണങ്ങളും അവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. അന്നും ഇന്നും.

****

ക്രിസ്റ്റഫറിന്റെ കരളിലേക്ക് കത്തി കുത്തിയിറക്കുമ്പോള്‍ അജയന്‍ എന്തിനൊക്കെയോ എതിരെ പ്രതിഷേധിക്കുകയായിരുന്നു. പെങ്ങളെ ചുംബിച്ച അവളുടെ അന്യജാതിക്കാരനായ കാമുകന്‍ എന്നതിലുപരി തന്റെ പ്രതിഛായക്കും താനെന്ന വ്യക്തിയുടെ സാമൂഹിക പ്രസക്തിയിലും ഒരു നിഴലായി വ്യാപിച്ച ചെകുത്താനായിരുന്നു അന്ന് അയാള്‍ക്ക് ക്രിസ്റ്റഫര്‍.

തന്നെയേല്‍പ്പിച്ച കടമ കൃത്യമായും വൃത്തിയായും നിര്‍വഹിച്ച ഒരു സമരയോദ്ധാവായാണ് ചോരചീറ്റുന്ന ക്രിസ്റ്റഫറിനെ നോക്കി രണ്ടു നിമിഷങ്ങളിലേറെ അജയന്‍ ആശാരിയുടെ റബര്‍ തോട്ടത്തില്‍ നിന്നത്.

പിന്നീട് അന്ന് കൂട്ടുവന്ന എന്നാല്‍ ഇന്ന് പേരോര്‍ക്കാത്ത കൂട്ടുകാരന്‍ 'ചത്തെന്നാ തോന്നുന്നേ ഓടിക്കോടാ...ഓടി രക്ഷപ്പെട്ടോ ...' എന്നു വിളിച്ചുപറഞ്ഞപ്പോഴാണ് അയാള്‍ അവിടെ നിന്നും ഓട്ടം തുടങ്ങുന്നതും ശിവന്‍കുട്ടിയുടെ വീടിന്റെ വടക്കേപ്പുറത്തുള്ള പൊട്ടകിണറ്റിലേക്ക് വീഴുന്നതും.

****

ഇതേ പൊട്ടക്കിണറ്റില്‍ നിന്നുമാണ് അജയന്‍ പണ്ട് തവളകളെ പിടിച്ചിരുന്നത്. പ്രീ ഡിഗ്രീകാലത്ത് സ്ഥലത്തെ പ്രധാന ടൂട്ടോറിയാലുകളില്‍ എല്ലാം തന്നെ തവളകള്‍ക്ക് നല്ല ഡിമാണ്ട് ആയിരുന്നു. 

പരീക്ഷണങ്ങള്‍ക്കായി ഒരു ദിവസം ഒരു ടൂട്ടോറിയിലില്‍ ഏതാണ്ട് 3 തവളകളെയെങ്കിലും ആവശ്യം വന്നിരുന്നു. അജയനും കൂട്ടുകാരും ഒരു തവണ മുപ്പതോളം തവളകളെ പിടികൂടുകയും ഒരാഴ്ചയ്ക്കുള്ള സാമഗ്രിയായി ആവശ്യക്കാര്‍ക്ക് ഒന്നിന് മുപ്പത് രൂപാ എന്ന നിരക്കില്‍ വില്‍ക്കുകയും ചെയ്തിരുന്നു.

അന്ന് പൊട്ടക്കിണറിന്റെ വിളിപ്പാടകലെ ശിവന്‍കുട്ടി ഉണ്ടായിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അയാളും ഭാര്യയും ദുബായ്ക്ക് പോയത്.

അന്ന് കിണറിന്റെ ആഴങ്ങളില്‍ വള്ളികള്‍ ചെന്നെത്തുകയും ചുമരുകള്‍ പടിക്കല്ലുകളാല്‍ അലങ്കരിക്കപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ ഇന്ന് അവയെല്ലാം തന്നെ അടര്ന്നുപോയിരിക്കുകയാണ്. അത്തരം അടര്‍ന്നുവീണ ഒരു പടിക്കല്ലില്‍ ഉപ്പുറ്റി കുത്തിയാണ് അജയന്‍ വീഴുന്നത്.

വീഴ്ചയില്‍ പൊടിഞ്ഞുപോയ എല്ലും ശരങ്ങള്‍പോലെ കണ്ണുകളില്‍ തറച്ച ഇരുട്ടും അജയന് അളക്കാനാകാത്ത വേദന സമ്മാനിച്ചു.

****

ആ രാത്രി ഏറെ നേരം  അയാള്‍ കരയുകയും അലറി വിളിക്കുകയും ചെയ്തു. എന്നാല്‍ കണ്ണുനീരിനോടൊപ്പം ഒച്ചയും പോട്ടക്കിണറിന്റെയുള്ളിലെ ഇരുളിലെക്കുതന്നെ തന്നെ അലിഞ്ഞുചേര്‍ന്നു.

ഇരുളിന്റെ ആഴങ്ങളില്‍ നിന്നും അയാള്‍ മുകളിലേക്ക് നോക്കി. അവിടെ ചിതറിക്കിടക്കുന്ന നക്ഷത്രങ്ങള്‍ അയാളുടെ നിസ്സഹായത കണ്ടു പരിഹസിക്കുകയാണെന്ന് തോന്നി. നക്ഷത്രങ്ങള്‍ പരിഹസിക്കാന്‍ മാത്രം എന്ത് തെറ്റാണ് താന്‍ ചെയ്തത് എന്നയാള്‍ സ്വയം ചോദിച്ചു.

****

വേദനയോടും നിസ്സഹായതയോടും പോരുതുന്നതിനിടയിലെപ്പോഴോ ഇരുളിന്റെ മടിത്തട്ടില്‍ കിടന്ന് അജയന്‍ ഉറങ്ങിപ്പോയി.

ഉറക്കത്തിനിടയിലാരൊക്കെയോ അയാളുടെ പാദത്തില്‍ തൊട്ടുവേദനിപ്പിക്കുന്നതായും ചുറ്റുമിരുന്നു വര്‍ത്തമാനം പറയുന്നതായും അജയനു തോന്നി. ഉറക്കത്തിന്റെ ആലസ്യത്തിലും അലസതയിലും അജയന്‍ കണ്ണുകള്‍ തുറക്കാന്‍ മടിച്ചു.

പിറ്റേന്ന് മേലെനിന്നും വീണ കാക്കക്കാഷ്ഠമാണ് അജയനെ ഉണര്‍ത്തിയത്.
നേരം വെളുത്ത് ഏറെയായിരിക്കുന്നു. വാച്ചില്‍ സമയം പന്ത്രണ്ടേ കാലാണ്.
വീഴ്ചയുടെയിടയില്‍ വേദനിച്ചിട്ടാകണം വാച്ച് പണി നിര്‍ത്തി. അത് കഴിഞ്ഞ രാത്രി മുഴുവനും പന്ത്രണ്ടേ കാലില്‍ തന്നെ നില്‍ക്കുകയായിരുന്നു,

പെട്ടെന്നാണ് അജയന്‍ അത് ശ്രദ്ധിച്ചത്. കാലിലെ മുറിവിനു ചുറ്റും ആരോ ഇലകള്‍ പൊതിഞ്ഞുവെച്ചിരിക്കുന്നു. അടര്‍ത്തി നോക്കിയപ്പോള്‍ എന്തൊക്കെയോ നാടന്‍ കൂട്ടുമരുന്നുകളാണ്.

"പോട്ടക്കിണറിന്റെയുള്ളില്‍ താനല്ലാതെ ആരാണുള്ളത്?" അയാള്‍ ചുറ്റും നോക്കി. ആ ഇട്ടാവട്ടത്തിനുള്ളില്‍ മറ്റൊരു നിഴല്‍ പോലുമില്ല.

"എങ്കിലും ആരാകും ആ ഇരുള്‍ മൂടിയ പോട്ടക്കിണറ്റിലേക്ക് ഇറങ്ങിവന്നതും തന്റെ മുറിവില്‍ മരുന്ന് വെച്ചതും.?"

"ഹേയ്! അങ്ങനെയെങ്കില്‍ അയാള്‍ക്കെന്നെ രക്ഷിക്കാമായിരുന്നില്ലേ..."

"ഒരുപക്ഷെ സുഹൃത്തുക്കളാരെങ്കിലും...പോലീസ് പിടിക്കുമെന്നോ മറ്റോ ഭയന്ന്...അല്ലാ അവര്‍ക്കറിയില്ലല്ലോ ഞാന്‍ ഇവിടെയാണെന്ന്..."

"അടുത്തെങ്ങും ഒരൊറ്റ മനുഷ്യജീവി പോലുമില്ല. പണ്ടായിരുന്നെങ്കില്‍ ശിവന്‍ ചെട്ടനെങ്കിലുമുണ്ടായിരുന്നു."

ചിന്താശകലങ്ങളോടോപ്പം വിശപ്പും അജയന്റെയുള്ളില്‍ കുമിഞ്ഞുകൂടി. വിശപ്പിന്റെ വേദന അതിന്റെ ഉച്ചസ്ഥായിയില്‍ എത്തുന്നതിനു മുന്പ്, ഏതാണ്ടൊരു നട്ടുച്ചയോടെ ശമിച്ചു.

വായുവും ഉമിനീരുമല്ലാതെ വേറൊന്നും കഴിക്കാതെ അജയന്റെ വിശപ്പെങ്ങനെ മാറി എന്നല്ലേ. അവിടെയാണ് ആപേക്ഷികതാ സിദ്ധാന്തം കടന്നു വരുന്നത്.

മുറിവിന്റെയും വിശപ്പിന്റെയും വേദനയെ തൃണവല്‍ക്കരിച്ചുകൊണ്ട് അജയനില്‍ വയറുവേദന കടന്നുവന്നു എന്നുള്ളതാണ്.

വിശക്കുന്നതുപോലെ തന്നെ മനുഷ്യസഹജമാണ് വിസര്‍ജിക്കുന്നതും.

രണ്ടുദിവസം മുന്‍പാണ് അജയന്‍ കക്കൂസിന്റെ സുഖമറിഞ്ഞത്. ആ നിമിഷം ഭൂമിയില്‍ സ്വര്ഗ്ഗമെന്നൊന്നുണ്ടെങ്കില്‍ അത് കക്കൂസാണ് എന്ന് അജയന് തോന്നി.

ആരും നോക്കുന്നില്ല എന്നുറപ്പുളളതുകൊണ്ടും മറ്റൊരു വഴിയും കാണാത്തതുകൊണ്ടും അയാള്‍ പോട്ടക്കിണറിന്റെ വട്ടത്തില്‍, ചുമരുകളോട് ചേര്‍ന്ന് കാര്യം സാധിച്ചു.

****

വയറിന്റെ ആശ്വാസത്തോടെ വിശപ്പും മുറിവും പിന്നെ പുതുതായി മൂക്കും തങ്ങളുടെ സാന്നിധ്യമറിയിച്ചു

****

ആകാശം നീലിച്ച് ചുവക്കുന്നത് അയാള്‍ ആശ്ച്ചര്യമില്ലാതെ നോക്കിക്കിടന്നു. ഇരുള്‍ മൂടുന്നതും നക്ഷത്രങ്ങള്‍ പുറത്തേക്ക് വരുന്നതും അയാള്‍ നിസംഗനായി കണ്ടു.

ആ രാത്രി ഉറങ്ങുകയില്ലാ എന്ന് അജയന്‍ പ്രതിജ്ഞ എടുത്തിരുന്നു. തന്റെ മുറിവില്‍ മരുന്ന് വെച്ച രക്ഷകന്‍ വീണ്ടും വരുമെന്നും. അയാളിലാണ് തന്റെ സ്വാതന്ത്ര്യത്തിന്റെ പ്രതീക്ഷയെന്നും അജയന്‍ കരുതി.

പ്രതിജ്ഞകള്‍ പാലിക്കാന്‍ എന്നും ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും ഉറക്കത്തിന്റെ കാര്യത്തില്‍.

പക്ഷെ രാത്രിയുടെ നടുവില്‍ എന്തോ കേട്ട് അജയന്‍ ഉണര്‍ന്നു.
അയാള്‍ ഇരുളില്‍ പരതി...ഒന്നും തടഞ്ഞില്ല. പെട്ടെന്ന് ചുറ്റും എന്തൊക്കെയോ തിളങ്ങുന്നതായി അയാള്‍ക്ക് തോന്നി.

കണ്ണുകള്‍! ഉരുണ്ടു തിളങ്ങുന്ന ഉണ്ടക്കണ്ണുകള്‍!

ഒന്നും രണ്ടുമല്ല എണ്ണാവുന്നതിലുമപ്പുറം...



അയാള്‍ ഭയന്നു. എന്ത് ചെയ്യണമെന്നറിയാതെ പരിഭവിച്ചു. പെട്ടെന്ന് എവിടെ നിന്നോ ഒരു പൊടിവെളിച്ചം അവിടേക്ക് വന്നു. അതു പിന്നീട് രണ്ടും മൂന്നും പിന്നെ അന്‍പതും നൂറുമായി.

മിന്നാമിനുങ്ങുകള്‍! അവര്‍ അജയന് മുകളില്‍ പാറിക്കളിക്കുകയാണ്. ഇരുളിന്റെ ആഴങ്ങളിലേക്ക് സേതുബന്ധനാര്‍ത്ഥം തങ്ങളാല്‍ കഴിയുന്ന പ്രകാശം പരത്തുകയാണ്.

ആശ്ചരൃത്തില്‍ നിന്നുണര്‍ന്ന്, അജയന്‍ കണ്ണുകളിലേക്കു തിരിഞ്ഞു. ഉരുണ്ടു തിളങ്ങുന്ന ഉണ്ടക്കണ്ണുകള്‍.

തവളകള്‍! പൊട്ടക്കിണറ്റിലെ തവളകള്‍!

അവരാണ് അജയന് ചുറ്റും ഉറ്റുനോക്കി നില്‍ക്കുന്നത്.

മിന്നാമിനുങ്ങുകളുടെ വെളിച്ചത്തില്‍ അജയന്‍ അവരെ കണ്ടു. 

വര്‍ഷങ്ങള്‍ക്കു മുന്പ് താന്‍ ചാക്കിട്ടു പിടിച്ചിരുന്ന, ടൂട്ടോറിയലുകളിലെ  പരീക്ഷണങ്ങള്‍ക്ക് വിധേയരായി അകാലത്തില്‍ പൊലിഞ്ഞുപോയ ആ പഴയ തവളകളുടെ ബന്ധുക്കള്‍. അവര്‍ എന്തോ നിഗൂഡ ഉദ്ദേശത്തോടെ തന്നെ നോക്കി നില്‍ക്കുകയാണ്.

****

തവളക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും കൂട്ടത്തില്‍ അല്പം വലിപ്പമുള്ളതും കാണാന്‍ ഒട്ടുമേ വൃത്തിയില്ലാത്തതുമായ ഒരുവന്‍ മുന്നിലേക്ക് വന്നു.
തലയില്‍ കിരീടമൊക്കെയുണ്ട്

'ഞാന്‍ കണ്ടന്‍. ഇവരുടെയൊക്കെ രാജാവ്".


'ഞങ്ങളാണ് ഇന്നലെ നിങ്ങടെ കാലില്‍ മരുന്ന് വെച്ചത്.'

നന്ദി പറയുന്നതിന് പകരം അജയന്‍ ചോദിച്ചത് അവര്‍ എവിടെ നിന്ന് 
വന്നു എന്നും എങ്ങനെ സംസാരിക്കുന്നു എന്നുമാണ്.

കണ്ടന്‍ ഇതുകേട്ട് ചിരിച്ചു. പിന്നെ നിലത്തുകിടന്ന ഒരു കരിങ്കല്ലില്‍ ആഞ്ഞു ചവിട്ടി. പെട്ടെന്ന് പൊട്ടക്കിണറ്റിന്റെ ചുമരില്‍ ഒരു വാതില്‍ പ്രത്യക്ഷപ്പെടുകയും അത് തുറക്കപ്പെടുകയും ചെയ്തു.

അതിനു മുന്നിലേക്ക്‌ നീങ്ങിനിന്ന്‍ കണ്ടന്‍ അജയനെ സ്വാഗതം ചെയ്തു

'തവളരാജ്യത്തേക്ക് സ്വാഗതം.'

****

മുറിവേറ്റ കാലിനു പകരം താങ്ങായി തവളക്കൂട്ടം അജയന് ഒരു വടി നല്‍കി. അയാള്‍ രാജാവിന് പിന്നിലായി. തവളരാജ്യത്തെക്ക് നടന്നു.
മിന്നാമിനുങ്ങുകള്‍ വഴി തെളിച്ചു.

ആ തുരങ്കം ചെന്നെത്തിയത് കുറെ ചെറുതടാകങ്ങള്‍ നിറഞ്ഞ ഒരു പ്രദേശത്തായിരുന്നു. തടാകങ്ങല്‍ക്കിടയിലൂടെ വലയിലെ നൂലുപോലെ നടപ്പാത. തടാകങ്ങളില്‍ മുഴച്ചു നില്‍ക്കുന്ന പാറകളിലായി തവളകള്‍. അവരുടെ ക്രോം ക്രോം എന്നാ ശബ്ദം ഒരു ദേശത്തിന്റെ ശബ്ദമായി അവിടെ മുഴങ്ങിക്കെട്ടു

അജയനെ കണ്ടവര്‍ ക്രോം ക്രോം നിര്‍ത്തുകയും നല്ല പച്ച മലയാളത്തില്‍ സുഖാന്വേഷണങ്ങള്‍ നടത്തുകയും ചെയ്തു.
സ്വപ്നത്തില്‍ നിന്നുണരാനായി അയാള്‍ സ്വയം മീശയില്‍ പിടിച്ചു വലിച്ചു.

അജയന് നൊന്തു.

****

രാജ്യത്തിന്‌ നടുവിലെ കൂട്ടത്തില്‍ വലിയ തടാകത്തിലെ കൂട്ടത്തില്‍  വലിയ പാറയില്‍ രാജാവിരുന്നു.

കണ്ടന്‍ അജയനോട്‌ കാര്യവിവരങ്ങള്‍ തിരക്കി. രാത്രി കാല്‍ വഴുതി വീണതാണ് എന്ന് അജയന്‍ കളവു പറഞ്ഞു.

തവളരാജാവ് ഇതുകേട്ട് ചിരിച്ചു. മറ്റു തവളകളും ഏറ്റുചിരിച്ചു.

****

രാജകീയ വ്യവസ്ഥകളില്‍ വിശ്വസിച്ച്, രാജാവിന് മുന്നില്‍ ഒാഛാനിച്ചു  നില്‍ക്കുന്ന തവളകളെക്കണ്ടപ്പോള്‍ അജയന് കഷ്ടം തോന്നി. വാക്കുകളും നോട്ടങ്ങളുമില്ലാതെ വാ മൂടി കുനിഞ്ഞു കുമ്പിട്ടു നില്‍ക്കുന്നവര്‍. താനൊരു മനുഷ്യനായി ജനിച്ചതില്‍ അയാള്‍ അഭിമാനിച്ചു.
അയാളുടെ രോമങ്ങള്‍ എഴുന്നേറ്റുനിന്നു

പെട്ടെന്നാണ് അത് സംഭവിച്ചത്. കണ്ടന്‍ സിംഹാസനത്തിലിരുന്ന്  മൂത്രമൊഴിച്ചു.

അയാളൊരു ചൊറിയന്‍ മാക്രിയാകണം. അജയന്‍ കരുതി.
പെട്ടെന്ന് കണ്ടന്റെ ഇടതുവശത്ത്  കുനിഞ്ഞു കുമ്പിട്ടു നിന്ന ഒരുവന്‍ മൂത്രമൊഴിച്ചുകൊണ്ടിരുന്ന കണ്ടനു ഒരു തോഴി വച്ചുകൊടുത്തു. അയാള്‍ തെറിച്ച് വെള്ളത്തിലേക്ക് വീണു.

'കിടക്കുന്നിടത്താണോടോ പെടുക്കുന്നത്?' അവന്‍ കണ്ടനെ നോക്കി ആക്രോശിച്ചു.

രാജാവിനെ തോഴിച്ച പ്രജ! അവന്റെ അറുത്തെടുത്ത തലയാണ്  അജയന്‍ ആ വാക്കുകളില്‍ കണ്ടത്.

എന്നാല്‍ അവനെ ഞെട്ടിച്ചുകൊണ്ട് തവളരാജ്യത്തിന്റെ രാജാവായ കണ്ടന്‍   കലിതുള്ളി നില്‍ക്കുന്ന തന്റെ പ്രജയെ നോക്കി ഇളിഭ്യനായി ചിരിച്ചു. അവനോടു ക്ഷമ ചോദിച്ചു. കരിയില കോട്ടി വെള്ളം കൊണ്ടുവന്നു. അവിടം വൃത്തിയാക്കി. പിന്നീട് കിരീടമെടുത്ത് തലയില്‍ വെച്ച് അഭിമാനത്തോടെ ഇരുന്നു. ഇടത്തു നിന്നവന്‍ വീണ്ടും കുനിഞ്ഞു കുമ്പിട്ടു.

അജയന്‍ ഇതെല്ലാം അമ്പരന്നു നോക്കി നിന്നു.  

അതിനടയിലെപ്പോഴോ അയാളുടെ രോമങ്ങള്‍ നില്‍പ്പില്‍ നിന്നും ഇരിപ്പിലെക്ക് മാറി.

****

തവളരാജ്യത്തില്‍ നിന്നും മടങ്ങും മുന്പ് അവര്‍ അജയനെ പഴങ്ങളും പച്ചമീനും ചേര്‍ത്ത് സല്ക്കരിച്ചു. അയാള്‍ പഴങ്ങള്‍ മാത്രം കഴിച്ചു.
പോട്ടക്കിണറ്റിലേക്ക് നടക്കും വഴി അജയന്‍ ഇലകള്‍ കൊട്ടി വെള്ളം ശേഖരിച്ചു.

അയാള്‍ വിസര്‍ജിച്ചിടം വൃത്തിയാക്കി മൂക്കിനെ മോചിപ്പിച്ചു. പിന്നെ എല്ലാം മറന്നു ഉറക്കമായി.

****

പിന്നീടുള്ള ദിവസങ്ങള്‍ അയാള്‍ തവളരാജ്യത്തില്‍ ചിലവഴിച്ചു. ഉറങ്ങാനായി മാത്രം പോട്ടക്കിണറ്റിലേക്ക് വരും.

****

ഒരു മാസത്തോളം അജയന്‍ അവിടെ കഴിഞ്ഞു.

അജയന്‍ തവളകളോട് മനുഷ്യനെപ്പറ്റിയും അവന്റെ ബുദ്ധിയെപ്പറ്റിയും ശാസ്ത്രത്തെപ്പറ്റിയും പറഞ്ഞു. തവളകള്‍ കൂട്ടമായി ചിരിച്ചു.

ഒരുനാള്‍ അയാള്‍ അവരോടു പൊട്ടക്കിണറ്റിലെ തവളകളെക്കുറിച്ചു പറഞ്ഞു. അപ്പോഴും അവര്‍ കൂട്ടമായി ചിരിച്ചു.

****

തവളരാജ്യത്ത് രാജാവും രാജ്ഞിയും മന്ത്രിയും വിദൂഷകനും പ്രജകളുമെല്ലാമുണ്ടായിട്ടും എല്ലാവരും ഒരുപോലെ സ്വതന്ത്രരാണ് എന്ന് അജയന് തോന്നി. അവര്‍ തോന്നുമ്പോള്‍ ഇരപിടിക്കുകയും നൃത്തം ചെയ്യുകയും പാട്ടുപാടുകയും കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നു.

ജാതിയും മതവുമില്ലാത്ത രാജ്യമില്ലല്ലോ.

മനുഷ്യന്മാരെന്ന പോലെ തന്നെ തവളകള്‍ക്കിടയിലും ജാതികളുണ്ടായിരുന്നു. ചൊറിയനും, മാക്കാനും, ഇലത്തവളയും പാതാളത്തവളയും ആമത്തവളയുമെല്ലാം തന്നെ തവളരാജ്യത്തില്‍ വസിച്ചിരുന്നു. അവരാകട്ടെ യാതൊരു  ഭേദഭാവങ്ങളുമില്ലാതെ ഒരുമിച്ച് 
ഇരപിടിക്കുകയും നൃത്തം ചെയ്യുകയും പാട്ടുപാടുകയും കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തിരുന്നു

****.

തവളരാജ്യത്തു ഒരുനാള്‍ മഴ പെയ്തു.

മഴത്തുള്ളികളെ കണ്ട് മനം മറന്നു കണ്ടന്‍ തന്റെ രാജ്ഞിയെ ചുംബിച്ചു.
ചൊറിയനായ ഒരുവന്‍ മാക്കാനായ തന്റെ പ്രണയിനിയെ ചുംബിക്കുമ്പോള്‍ ഇത് കണ്ടുനില്‍ക്കുന്ന മാക്കാനായ ഒരുവന്‍ പാതാളക്കാരിയായ തന്റെ പ്രിയതമയെ വാരിപ്പുണരുന്നു. അങ്ങനെ ഇലത്തവളയും പാതാളത്തവളയും ആമത്തവളയുമെല്ലാം പരസ്പരം ചുംബിക്കുകയും പുണരുകയും ചെയ്യുന്നു.

മിന്നാമിനുങ്ങുകളുടെ വെളിച്ചത്തില്‍ അവിടമാകെ പ്രണയമയമായി മാറുന്നു.

ആ കാഴ്ചകള്‍ കണ്ടുനില്‍ക്കുന്നതിനിടയിലെപ്പോഴോ താനും പ്രണയിക്കുന്നതായി അജയനു തോന്നി. അയാള്‍ തന്റെ കൌമാരത്തിന്റെ നല്ലകാലങ്ങളിലെവിടേക്കോ തിരിച്ചുപോയി.

നഷ്ടപ്പെട്ടതും മറച്ചുവെച്ചതുമായ തന്റെ നിരവധി പ്രണയങ്ങള്‍ അയാള്‍ ഓര്‍ത്തു. ഒരൊരുത്തരെയായി അയാള്‍ കെട്ടിപ്പിടിച്ചു
അയാള്‍ പല അജയന്മാരായി മാറുകയും അവര്‍ ഓരോരുത്തരും മാര്ട്ടീനാ തോമ്സനെയും അനുരാധ ശിവശങ്കരനെയും അലീഷയെയും ആമിനയെയുമെല്ലാം കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു. അന്ന് ആ നിമിഷം നിരവധി അജയന്മാര്‍ പ്രണയിക്കുകയായിരുന്നു.


കാമിക്കുകയല്ല, പ്രണയിക്കുകയായിരുന്നു.

ഓര്‍മ്മയുടെ മധുരം ആവോളം നുകര്ന്നശേഷം അയാള്‍ ചുറ്റും നോക്കി. പ്രണയപരവശരായി നില്‍ക്കുന്ന തവളകളുടെ സ്ഥാനത്ത് അയാള്‍ നൂറുകണക്കിന് ക്രിസ്റ്റഫറുമാരെയും അനുഗ്രഹമാരെയും കണ്ടു.

അജയന്‍ തടാകത്തിലേക്ക് നോക്കി. 

അയാള്‍ ഞെട്ടിപ്പോയി. താടിരോമങ്ങള്‍ നിറഞ്ഞ, മുടി നീട്ടിവളര്‍ത്തിയ ഇരുപത്തെട്ടുകാരനായ അജയന്‍ ഒരു തവളയായി മാറിയിരിക്കുന്നു. ചൊറിയനോ മാക്കാനോ ഇലത്തവളയോ പാതാളത്തവളയോ ആമത്തവളയോ എന്നുപോലും തിരിച്ചറിയാനാകാത്ത ഒരു തവള.

അജയന്‍ നടപ്പാതയിലൂടെ ഓടി. അയാള്‍ പൊട്ടക്കിണറ്റിലേക്ക് കടന്നു തുരങ്കത്തിലേക്കുള്ള വാതിലടച്ചു.
ആകാശത്തിലേക്ക് നോക്കി.

അങ്ങ് മുകളില്‍ നിന്നും ക്രിസ്റ്റഫറും അനുഗ്രഹയും അവനെ നോക്കി പൊട്ടിച്ചിരിക്കുന്നതായി അയാള്‍ക്ക് തോന്നി. അവര്‍ ചിരിക്കുന്നത് അജയനെ നോക്കിയല്ല. ഒരു പൊട്ടക്കിണറ്റിലെ തവളയെ നോക്കിയാണ്.

അത് അവനാണ് എന്ന് അവര്‍ അറിയുന്നില്ല.

****

പിറ്റേന്നു ആരൊക്കെയോ കൂടെ ചേര്‍ന്ന് തന്നെ പിടിച്ചുയര്‍ത്തുന്നതും കയറില്‍ക്കെട്ടി പുറത്തെത്തിക്കുന്നതും അജയന്‍ ഓര്‍ക്കുന്നു.

പിന്നീട് കണ്ണ് തുറക്കുമ്പോള്‍ അയാള്‍ ആശുപത്രി കിടക്കയിലാണ്.
ഇരുവശങ്ങളിലായി ഇരുന്ന അനുഗ്രഹയെയും ക്രിസ്ടഫറിനെയും കണ്ടപ്പോള്‍ അജയന് അരിശം വന്നില്ല. അനുജത്തിയുടെ നെറ്റിയിലെ സിന്ദൂരം കണ്ട് അയാള്‍ പുഞ്ചിരിച്ചു.

ക്ഷീണിച്ച കൈകള്‍ കൂപ്പി അയാള്‍ ക്രിസ്ടഫറിനോട് മാപ്പ് പറഞ്ഞു. കൂപ്പിപ്പിടിച്ച കൈകളില്‍ ക്രിസ്ടഫറും അനുഗ്രഹയും ഒന്നിച്ചു തൊട്ടു

****

അയാള്‍ ഉറക്കത്തിലേക്ക് മടങ്ങിപ്പോയി.

അജയന്‍ പല അജയന്മാരായി മാറുന്നതായും അവര്‍ മാര്ട്ടീനാ തോമ്സനെയും അനുരാധ ശിവശങ്കരനെയും അലീഷയെയും ആമിനയെയുമെല്ലാം കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നതായും അയാള്‍ക്ക് തോന്നി.


ശിവങ്കുട്ടിയുടെ വടക്കേപ്പുറത്തെ പൊട്ടക്കിണറ്റില്‍ അപ്പോള്‍ മിന്നാമിനുങ്ങുകള്‍ ദീപങ്ങള്‍ കൊളുത്തി. തവളരാജ്യം ക്രോം ക്രോം എന്നുതുടങ്ങുന്ന ഒരു പ്രണയഗാനം ആലപിച്ചു. 

The End ;)      

Comments

  1. ഇരിക്കുന്നിടത്തും കിടക്കുന്നിടത്തും മൂത്രമൊഴിക്കാന്‍ അവകാശമുള്ള അഭിമാനിയായ മനുഷ്യന്‍ തവളരാജ്യത്ത് പോയിവരേണം
    സൂര്യപ്രകാശം ഇരുട്ട്പടര്‍ത്തുന്ന നമ്മുടെ ലോകത്ത് വെളിച്ചം പരത്തേണ്ട മിന്നാമിനുങ്ങുകള്‍ ജനിക്കുമ്പോള്‍തന്നെ മൃതിയടഞ്ഞുപോകും.

    സ്വാതന്ത്ര്യം എത്രയൊക്കെക്കിട്ടിയാലും അത് രാജ്യത്തിനുള്ളിലാകും എങ്കില്‍ അതും തടവറയാണ്

    ReplyDelete
  2. വിഷ്ണൂന്റെ ബ്ലോഗുകള്ക്ക് അഭിപ്രായമെഴുതി എന്റെ വാക്കുകള് വറ്റിത്തുടങ്ങിയിരിക്കുന്നു. പതിവുപോലെ മനോഹരമായ മറ്റൊരു സൃഷ്ടി. ഏറെ ഇഷ്ടമായി. ഇഷ്ടമായ കാര്യങ്ങളും ഇഷ്ടമായ തലങ്ങളും എടുത്തുപറഞ്ഞ് ചടങ്ങ് കഴിക്കേണ്ടതില്ല എന്നാണ് കരുതുന്നത്. മൊത്തമായും ചില്ലറയായും ഇഷ്ടമായി. വിമര്ശനങ്ങള് (ഉണ്ടെങ്കില്) ഒന്ന് ഇരുത്തി വിശകലനം ചെയ്ത ശേഷം അറിയിക്കുന്നതായിരിക്കും. എഴുത്ത് തുടരുക. :)

    ReplyDelete

Post a Comment

Popular posts from this blog

തകരപ്പെട്ടി

കോട

വ്യാസചരിതം