വേദനയുടെ കഥകൾ


പീറ്റർ പോൾ റൂബൻസ് എന്ന വിശ്വപ്രസിദ്ധനായ ചിത്രകാരനു  ‘ദ മാസക്കർ ഓഫ് ഇന്നസെന്റ്സ്’ എന്ന ചിത്രം വരയ്ക്കാന്‍ പ്രേരണ നല്‍കിയത് എന്താകാം എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. 

ക്രൂരത എന്ന വികാരത്തെ ചിത്രീകരിക്കുന്നതിലൂടെ ആ കലാകാരന്‍ ലോകത്തോട് എന്തു സന്ദേശം നല്‍കാനാകും ശ്രമിച്ചത്? 

ഭീഷണവും വേദനിപ്പിക്കുന്നതുമായ ഒരു കലാസ്രഷ്ടിയിലൂടെ എങ്ങനെയാണ് ഒരു കലാകാരന്‍ ലോകത്തെ മാറ്റുവാന്‍ ശ്രമിക്കുന്നത്? 

അന്ധകാരത്തിനെക്കുറിച്ചുള്ള അവബോധം സ്രഷ്ടിക്കാന്‍ അവശേഷിക്കുന്ന തരിവെളിച്ചത്തെക്കൂടെ മായ്ക്കുക വഴി എന്ത് ധര്‍മ്മമാണ് ഒരു കലാകാരന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്?
  
****

റൂബൻസിനോട്‌ അന്ന്  ചോദിക്കേണ്ടിയിരുന്ന ഈ ചോദ്യങ്ങള്‍ അബദ്ധവശാല്‍ ഏറ്റുവാങ്ങുകയും ഉത്തരം നല്‍കുവാന്‍ നിര്‍ബന്ധിതനാവുകയുമാണ്  വിക്ടര്‍ ഡാനിയേല്‍ എന്ന അല്പസ്വല്പം സമകാലീനനായ ഒരു എഴുത്തുകാരന്‍.

വികടര്‍ എന്നുമുതലാണ്‌ കഥകളെഴുതിത്തുടങ്ങിയതെന്നു അയാള്‍ക്കറിഞ്ഞുകൂടാ. ഒരുപക്ഷെ ആര്‍ക്കും തന്നെ അറിഞ്ഞുകൂടാ.

ജീവിതത്തിന്റെ ഹൃദയസ്പര്‍ശിയായ ഏടുകളെ ചിക്കിചികഞ്ഞെടുത്ത് അതിലൂടെ സര്‍ഗാത്മകമതയ്ക്ക് പൂര്‍ണത കൈവരുത്തുവാന്‍ ശ്രമിക്കുന്ന ലക്ഷക്കണക്കിനുവരുന്ന അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ കഥ പറച്ചിലുകാരില്‍ ഒരാള്‍ മാത്രമായിരുന്നില്ല വിക്ടര്‍. അയാളെ വ്യത്യസ്തനാക്കിയിരുന്നത് എഴുതിത്തുടങ്ങിയ കാലം മുതൽക്കേ അയാള്‍ക്ക് പറയാനുള്ളത് ഒന്നുമാത്രമായിരുന്നു എന്നുള്ളതാണ്.

വേദനയെ കുറിച്ച്. വേദനയെ കുറിച്ച് മാത്രം.

****

വിക്ടറിന്റെ കഥാപാത്രങ്ങള്‍ തീക്ഷ്ണവും ഭയാനകവുമായ വേദനകളിലൂടെ എപ്പൊഴും കടന്നുപോകുന്നു. അയാളുടെ കഥകളിലെ അമ്മമാര്‍ക്ക് ചാപിളളകളും അപവളര്‍ച്ചയുള്ളതുമായ കുട്ടികള്‍ മാത്രമുണ്ടാകുന്നു, പുരുഷന്മാരാകട്ടെ പലപ്പോഴും വന്ധ്യത ബാധിച്ച അവശന്മാരും, ഭീകരമായ രോഗങ്ങള്‍ക്ക് അടിമകളുമാകുന്നു, കുട്ടികള്‍ ദാക്ഷണ്യമില്ലാതെ കൊല്ലപ്പെടുന്നു, കുടുംബങ്ങള്‍ ചുട്ടെരിക്കപ്പെടുന്നു, സമൂഹങ്ങള്‍ വിഷം കലര്‍ന്ന കിണറുകളില്‍ നിന്നും വെള്ളം കുടിച്ചോ, വര്‍ഗീയ ലഹളകളില്‍പെട്ടോ കഥകളിലുടനീളം മരണത്തിലേക്ക് വഴുതിവീഴുന്നു.

ശുഭാന്ത്യത്തിലെത്തുന്ന  കഥകള്‍ എന്തുകൊണ്ട് എഴുതുന്നില്ല എന്ന് ചോദിക്കുന്ന സുഹൃത്തുക്കളോട് വിക്ടര്‍ മറുപടി പറയുന്നത് ഇങ്ങനെയാണ്

‘അന്ത്യമുള്ള ഒന്ന്‍ എങ്ങനെയാണ്  ശുഭകരമാകുക? അന്ത്യമെന്നത് അനന്തമായ വേദന തന്നെയല്ലേ?’

****

നൂര്‍ജഹാന്റെയും ആസിഫിന്റെയും ഉമ്മ നഫീസയുടെ പാചകക്കൂട്ടുകളില്‍  അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ദഹി ബതാത്തയായിരുന്നു.

ചെറിയ വീര്‍ത്ത പൂരിയും അവയ്ക്ക് ചുറ്റും തൈരും ചട്നിയും ഉരുളക്കിഴങ്ങുതരികളും രാഗ്ദയുമൊക്കെ ചേര്‍ത്ത് ഉമ്മ അതുണ്ടാക്ക്മ്പോള്‍ അവരുടെ ഗലിയില്‍ ഒരു പ്രത്യേക സുഗന്ധം പരക്കുമായിരുന്നു.

പ്രത്യേക സുഗന്ധങ്ങള്‍- അങ്ങനെ ഒരു ശീര്‍ഷകത്തിനു കീഴെയായി കണക്കു പുസ്തകത്തിനു പിന്നില്‍ ആസിഫ് ഒരു ലിസ്റ്റ് തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. അതില്‍ ഒന്നാം സ്ഥാനമാണ് ദഹി പൂരിയുടെ സുഗന്ധത്തിനു.

പുതുമഴയുടെയും, നൂര്‍ജഹാന്റെ തലമുടിയുടെയും, പുതിയ കളിപ്പാട്ടത്തിന്റെയും, ഉപ്പയുടെ മഷിക്കുപ്പിയുടെയും എല്ലാം പേരുകളുണ്ട് ആസിഫിന്റെ പ്രത്യേക സുഗന്ധങ്ങളില്‍.  ഒരാഴ്ച മുന്‍പാണ് അവന്‍ അവസാനമായി തന്റെ ലിസ്റ്റില്‍ മാറ്റം വരുത്തിയത്. ഉപ്പയോടോപ്പം പെട്രോള്‍ പമ്പില്‍ പോയപ്പോള്‍ അനുഭവിച്ച പെട്രോളിന്റെ ഗന്ധം എന്തോ അവനു ഒരുപാട് ഇഷ്ടമായി. 

ഷെല്‍ വര്‍ഷങ്ങള്‍ക്കും ഇതേ മണമാണെന്നു അന്ന് ഉപ്പ അവനോടു പറഞ്ഞിരുന്നു.

പതിനാറാം തിയതി തിങ്കളാഴ്ച അവരുടെ നിര്‍ബന്ധപ്രകാരമാണ് ഉമ്മ ദഹി ബതാത്തയുണ്ടാക്കിയത്. സാധാരണ ഇഫ്താര്‍ വിരുന്നുകളില്‍ മാത്രം അവര്‍ വിളമ്പാറുണ്ടായിരുന്ന വിഭവമായിരുന്നു അത്.

വളരെ സമയമെടുത്ത് പാചകം ചെയ്യേണ്ടതിനാലും കുട്ടികളെ സമയത്തിനു സ്കൂളിലയക്കേണ്ടതിനാലും  കുറഞ്ഞ അളവില്‍ മാത്രമാണ് അന്ന് ഉമ്മ ദഹി പൂരിയുണ്ടാക്കിയത്. അതായത് ഇരുവര്‍ക്കുമായി ഒരൊറ്റ ടിഫ്ഫിന്‍ ബോക്സില്‍ കൊളളുന്നത് മാത്രം.

കൂട്ടത്തില്‍ ഇളയവനായ ആസിഫിനോട് ഇച്ചിരിയെ ഉള്ളുവെന്നും ഇത്തയോട് പിണങ്ങാതെ ഒരുമിച്ച് കഴിക്കണമെന്നും അവര്‍ പ്രത്യേകം പറഞ്ഞിരുന്നു.

ഭക്ഷണം പങ്കുവയ്ക്കാത്തവരെ ഇബിലീസ് പിടിക്കുമത്രേ!

ഇബിലീസ്- കറുത്ത് നീണ്ട വികൃതരൂപിയായ ഇബിലീസിനെ കുറിച്ച് ഇസയ്ക്കിടെ ഉമ്മ പറയാറുണ്ട്. അവര്‍ക്ക് നീണ്ടു കറുത്ത മുടിപോലുള്ള താടിരോമങ്ങളുമുണ്ട്. നമ്മള്‍ തെറ്റുകള്‍ ചെയ്യുമ്പോള്‍ ഇബിലീസിനു ശക്തി കൂടുമത്രേ. അവന്‍ നമ്മെ തേടി വരുമത്രേ!

എങ്കിലും സ്കൂള്‍ബസ്സില്‍ വെച്ച് കൊതി സഹിക്കാന്‍ വയ്യാതെ വന്നപ്പോള്‍ ഇബിലീസിനു ശക്തി കൂടിക്കൊള്ളട്ടെ എന്നുതന്നെ ആസിഫ് കരുതി. അവന്‍ ഇത്തയറിയാതെ  ദഹിബതാത്തയുടെ ടിഫ്ഫിന്‍ ബോക്സ് തുറക്കുകയും അല്പമെടുത്ത് കഴിക്കുകയും ചെയ്തു.

ഇതെല്ലാം കാണുന്നുണ്ടായിരുന്നുവെങ്കിലും നൂര്‍ജഹാന്‍ പുറംകാഴ്ചകളില്‍ ലയിക്കുന്നതായി അഭിനയിച്ചകൊണ്ടേയിരുന്നു.

****

ആസിഫ് ലഞ്ച് ബെല്ലിനായി കാതോര്‍ത്തിരുന്നു. ബാഗിനുള്ളില്‍ നിന്നും ഇപ്പോഴും ദഹി ബതാത്തയുടെ സുഗന്ധം വമിക്കുന്നുണ്ട്. അവന്റെ നാവ് സ്വസ്ഥത കിട്ടാതെ  മറിഞ്ഞുതിരിയുകയാണ്. ഏത് നിമിഷവും ബെല്‍ മുഴങ്ങും.

പെട്ടെന്നാണ് ദഹി ബതാത്തയുടെ സുഗന്ധത്തെ അതിജീവിച്ച് കൊണ്ട് മറ്റെന്തോ അവന്റെ നാസേന്ദ്രിയങ്ങളെ തഴുകിയത്. അതെ താന്‍ അവസാനമായ് തന്‍റെ ലിസ്റ്റിലേക്ക് കൂട്ടിച്ചേര്‍ത്ത പെട്രോളിന്റെ ഗന്ധം!
എല്ലാരെയും ഞെട്ടിച്ചുകൊണ്ട് ഭയാനകമായ ഒരു ഇടിമുഴക്കമുണ്ടായി. ഭൂമി കുലുങ്ങുതായി തോന്നി അവനു. അങ്ങ് ജനലഴികള്‍ക്കപ്പുറത്തായുള്ള സ്കൂള്‍ കെട്ടിടം മണല്‍ കൂടാരം പോലെ തകര്‍ന്നു വീഴുന്നത് കണ്ടു. ആ കെട്ടിടത്തിന്റെ താഴെ നിലയില്‍ ഇതുപോലൊരു ജനലഴികള്‍ക്കപ്പുറമായി എന്തോ കാര്യമായി കുത്തിക്കുറിക്കുന്ന നൂര്‍ജഹാനെ അവന്‍ കുറച്ച് മുന്പ് ശ്രദ്ധിച്ചിരുന്നു.

ജനലഴികളെയോ നൂര്‍ജഹാനെയോ കെട്ടിടത്തെ തന്നെയോ അവനു കാണാനാകുന്നില്ല. ഉയര്‍ന്നു പൊങ്ങുന്ന പൊടിപടലങ്ങളും തുടര്‍ന്ന് കേള്‍ക്കുന്ന ഇടിമുഴക്കങ്ങളും നിലവിളികളും അവന്‍ കേട്ടു. എന്തെന്നും ഏതെന്നുമറിയാതെ അവന്‍ ആ ക്ലാസുമുറിയില്‍ പകച്ചുനിന്നു.
ചുറ്റും തെനീച്ചകളെപ്പോലെ പരിഭ്രാന്തരായി ഓടുന്ന തന്റെ സഹപാഠികളെ നോക്കി ദാഹിബതാത്തയുടെയും പെട്രോളിന്റെയും സുഗന്ധത്തെയും കെട്ടിപിടിച്ച് അവന്‍ അനങ്ങാതെ നിന്നു. അല്ല, അനങ്ങാനാകാതെ നിന്നു.

****

മഷീന്‍ ഗണ്ണുകളുടെ ശബ്ദം ആസിഫ് മുന്പ് കേട്ടിട്ടുള്ളതാണ്. ടെലിവിഷനില്‍ പണ്ടെപ്പോഴോ കേട്ടതില്‍ പിന്നെ വിരലുകള്‍ ചൂണ്ടി തന്റെ ശത്രുക്കള്‍ക്ക് നേരെ(അടുത്ത ഗലിയിലെ രഹിമിനെയും കൂട്ടുകാര്‍ക്കും നേരെ) ആസിഫ് തുരുതുരെ നിറയൊഴിക്കാരുണ്ടായിരുന്നു. 
ഇടനാഴിയില്‍ നിന്നും കേട്ട മഷീന്‍ ഗണ്‍ ശബ്ദം അവന്റെ മിടിപ്പാണെന്നു അവനു തോന്നി.

വാതില്‍ കടന്നെത്തിയ കറുത്ത് നീണ്ട മനുഷ്യന്റെ കൈയിലെ  മഷീന്‍ ഗണ്‍  നിറുത്താതെ ശബ്ദിച്ചു. ക്ലാസ്മുറിയുടെ വെളുത്ത ചുമരുകളില്‍ ചുവന്ന ഛായം തെറിച്ചു. നിലവിളികള്‍ ഓരോന്നായി ശമിച്ചുകൊണ്ടിരുന്നു.

അയാളുടെ കാല്കളില്‍ തൊഴുകൈയോടെ വീഴുന്ന ടീച്ചറെ ആസിഫ് കണ്ടു. അയാള്‍ അവരെ ആഞ്ഞു ചവിട്ടി നിലത്തോട്‌ ചേര്‍ത്തു. അവരുടെ പ്രാര്‍ത്ഥനകള്‍ തുളുമ്പുന്ന വായിലേക്ക് തോക്കിന്റെ അറ്റം തിരുകിക്കയറ്റി. ചുവരുകള്‍ വീണ്ടും ചുവന്നു.

കറുത്ത നീണ്ട മനുഷ്യന്‍ ഇപ്പോള്‍ ആസിഫിന് നേരെ നടന്നു വരികയാണ്. അയാള്‍ ധരിച്ചിരുന്ന മുഖംമൂടിയുടെ ഇടയിലൂടെ കറുത്ത് നീണ്ട മുടിപോലുള്ള താടി രോമങ്ങള്‍ ഇറങ്ങിവരുന്നതു അവന്‍ കണ്ടു!

ആസിഫിന്റെ കണ്ണുകള്‍ നിറഞ്ഞുകവിഞ്ഞു. താന്‍ ചെയ്ത തെറ്റിന് തന്നെ തേടി വന്ന ഇബിലീസ്! 
ക്രൂരനായ, അതിശക്തനായ ഇബിലീസ്!

അവന്‍ തന്റെ ദഹിബതാത്തയുടെ സുഗന്ധം വമിക്കുന്ന തന്റെ ബാഗ് ഇബിലീസിനു നേരെ നീട്ടി. പങ്കുവയ്ക്കാതെ കഴിച്ച ദഹി ബാതാത്തയ്ക്കായി അവന്‍ ഇബിലീസിനോട് മാപ്പപെക്ഷിച്ചു.

'ശക്തനായ ഇബിലീസേ നീ എന്നോട് ക്ഷമിക്കേണമേ. ഭക്ഷണം പങ്കുവയ്ക്കാത്തതിനു നീ ഈ ആസിഫിനോട് ക്ഷമിക്കേണമേ.' 

ചുവരുകള്‍ വീണ്ടും ചുവന്നു. ചോരയുടെയും പെട്രോളിന്റെയും  മണം ദഹിബതാത്തയുടെ സുഗന്ധത്തെ എന്നെന്നേക്കുമായി അവന്റെ ഓര്‍മ്മയില്‍ നിന്നും, അവനെ ഓര്‍മ്മയില്‍ നിന്നും മായ്ച്ചു 
കളഞ്ഞിരുന്നു.  
-   
                              - ബാല്യം, വിക്ടര്‍ ദാനിയേല്‍    

****

കഥയെന്നോ ചെറുകഥയെന്നോ അതോ ഇതുവരെ സമൂഹസമക്ഷം ആവിഷ്കരിക്കപ്പെടാത്ത ഏതോ പുതിയ രചനാരീതിയാണെന്നോ...അങ്ങനെ ഒന്നും തന്നെ വിക്ടര്‍ തന്റെ ഈ സ്രഷ്ടിയെ കുറിച്ച് പറയുന്നില്ല.

യാതൊരുവിധ അടിക്കുറിപ്പുകളും കൂടാതെ അയാള്‍  ഈ കഥയെ(അങ്ങനെ വിളിക്കാമെങ്കില്‍) അധികമൊന്നും പ്രശസ്തമല്ലാത്ത ഒരു മാസികയ്ക്ക് അയച്ചുകൊടുക്കുകയാണുണ്ടായത്.

****

യാദൃശ്ചികമെന്നു പറയട്ടെ അധികമൊന്നും അറിയപ്പെടാത്ത ഈ മാസിക യാതൊരു വിധ പോസ്റ്റ്‌മോര്ട്ടങ്ങളും കൂടാതെ തന്നെ അതിനെ പ്രസിദ്ധീകരിക്കുകയും അതു പിന്നീട് അറിയപ്പെടുന്ന ഒരു പത്രത്തിന്റെ സ്വന്തം ലേഖകന്റെ കണ്ണില്‍പ്പെടുകയുമുണ്ടായി.

അങ്ങനെ അധികമൊന്നും അറിയപ്പെടാത്ത മാസികയില്‍ പ്രസിദ്ധീകരിച്ച അധികമൊന്നും അറിയപ്പെടാത്ത ഒരു കഥാകാരന്റെ കഥ ഭാരതമഹാരാജ്യം മുഴുവനും ചര്‍ച്ചാവിഷയമായി.

ഏതൊരു മേഖലയിലുമെന്നപോലെ കലാകാരനും കര്‍ത്തവ്യങ്ങളുണ്ടെന്നും ഇങ്ങനെ കാലികമായ വ്യവസ്ഥകളെ ബഹുമാനിക്കാത്തതും വ്യക്തമായ ഒരു അന്ത്യമില്ലാത്തതും വായനക്കാരന് ഭീകരമായ ഒരു നോമ്പരമല്ലാതെ യാതൊരു സന്ദേശവും ലഭ്യമാക്കാത്തതുമായ ഒരു സ്രഷ്ടിയിലൂടെ  വിക്ടര്‍ ഡാനിയേല്‍ എന്ന എഴുത്തുകാരന്‍ തന്റെ വര്‍ഗത്തോടും സമൂഹത്തോടും ഭാവി തലമുറയോടും പൊറുക്കാനാവാത്ത തെറ്റ് ചെയ്തിരിക്കുന്നു എന്നുള്ള സംസാരങ്ങള്‍ തുടങ്ങുകയും കാലക്രമേണ ഈ സംസാരങ്ങള്‍   വിളംബരങ്ങളായി പരിണമിക്കുകയും ചെയ്തു.

****

അങ്ങനെ വിക്ടര്‍ ദാനിയേല്‍ എന്നാ എഴുത്തുകാരനു അയാളെ സംബന്ധിച്ചിടത്തോളം ഏറ്റവും ഭയാനകമായ രീതിയിലുള്ള ഒരു ഭ്രഷ്ട് കൈവരുന്നു.

അയാളുടെ വീടിനുമുന്നില്‍ പ്രക്ഷോഭങ്ങള്‍ അണിനിരക്കുകയും പകല്‍വെളിച്ചത്തില്‍ വിക്ടറിന്റെ നേര്‍ക്ക് മുട്ട, തക്കാളി, ചെരുപ്പ് തുടങ്ങിയവ പറന്നു വരികയും ചെയുന്നത് പതിവായി.
വിക്ടറിന്റെ ‘ബാല്യം’ അച്ചടിച്ചുവന്ന അറിയപ്പെടാത്ത മാസികയെയാകട്ടെ ഓരോ പ്രക്ഷോഭത്തിനിടയിലും യഥാര്‍ത്ഥ കലയുടെ അനുഭാവികള്‍ കത്തിച്ചകൊണ്ട് തങ്ങള്‍ക്ക് സംഭവിച്ച വൈകാരികമവും ധൈഷണികവുമായ വ്രണത്തിനുമേല്‍ മരുന്നു പുരട്ടി.

****

എന്നാല്‍ വിക്ടറിനെ ഒടുവില്‍ തകര്‍ത്തത്  ഇവയൊന്നുമായിരുന്നില്ല.
വിക്ടറിനെ തകര്‍ത്തത് പട്ടിണിയായിരുന്നു.

ആകെ ചെയ്തിരുന്ന തൊഴിലില്‍ നിന്നുമായിരുന്നു അയാള്‍ക്ക് ഭ്രഷ്ട് കല്പിക്കപ്പെട്ടിരുന്നത്.

ഭ്രാന്തിന്റെ ലക്ഷോപലക്ഷം കാരണങ്ങളില്‍ ഒന്ന് ദാരിദ്ര്യമാണെന്നത് വിശുദ്ധമായ ഒരു സത്യമാണ്. ദാരിദ്ര്യം മനുഷ്യനെ ഭ്രാന്തനാക്കുന്നു. ചിലര്‍ ആ ഭ്രാന്തിനെ ഉള്‍കൊണ്ട് ശക്തരും അപകടകാരികളുമായി മാറുന്നു, ചിലര്‍ അവസ്ഥവയെ അംഗീകരിക്കുകയും അനന്തമായ നിശ്ശബ്ദതയെ മനസ്സാവരിക്കുകയും ചെയ്യുന്നു.

ഇനിയും ചിലരാകട്ടെ നഷ്ടദുഖങ്ങളെ സന്തോഷങ്ങളാക്കി മാറ്റുന്ന മരീചികയുടെ ചിത്രം കൃഷ്ണമണികള്‍ക്ക് മുന്നില്‍ ഒട്ടിച്ചുവെയ്ക്കുകയും ഊട്ടോപ്പിയയുടെ തെരുവുകളിലൂടെ നഗ്നനായി ഇറങ്ങിയോടുകയും ചെയ്യുന്നു, അങ്ങനെ അവര്‍ ഒന്നുമില്ലായ്മയുടെ സ്വര്‍ഗത്തിലേക്ക് മറയുന്നു.. അങ്ങനെ നഗ്നനായി ഓടിയ ഭ്രാന്തന്മാരില്‍ ഒരാളാകുന്നു വിക്ടര്‍ ഡാനിയേല്‍ എന്ന കഥാകാരന്‍.

****

അധികമൊന്നും അറിയപ്പെടാത്ത വിക്ടര്‍ ഡാനിയേല്‍ എന്ന കഥാകാരനെ കുറിച്ച് പാര്‍വതി ഒരു പുസ്തകം എഴുതുന്നത് സുറുമി കാരണമാണ്.
സ്കൂളിലെ ഡ്രായിംഗ് മാഷായ മാധവന്‍ സാറിന്റെ ക്ലാസില്ലേ ഒച്ചപ്പാട് കേട്ടു എത്തുമ്പോള്‍ പാര്‍വതി കാണുന്നത് കണ്ണീര്‍ പൊഴിക്കുന്ന എട്ടാം ക്ലാസുകാരിയായ സുറുമിയെയാണ്.

കാരണമന്വേഷിച്ചപ്പോള്‍ മാഷ്‌ പാര്‍വതിക്ക് നേരെ സുരുമിയുടെ ഡ്രായിംഗ് ബുക്ക് വെച്ചുനീട്ടി.

“ ടീച്ചര്‍ കാണ് എട്ടാം ക്ലാസുകാരിയുടെ കലാവിരുത്! ടീച്ചറുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇമാജിനേഷന്‍!”

കഴിഞ്ഞയാഴ്ചയാണ് കുട്ടികളിലെ വായനാശീലവും ക്രിയാത്മകതയും വര്‍ധിപ്പിക്കാനായി സ്റാഫ് മീറ്റിങ്ങില്‍ പാര്‍വതി ഒരു പുതിയ അസൈന്മെന്റ് മുന്നോട്ട് വയ്ക്കുന്നത്. കുട്ടികളോട് ആഴ്ചയില്‍ ഒരു കഥ വായിക്കണമെന്നും അതില്‍ നിന്നും തങ്ങള്‍ക്ക് എന്ത് തോന്നുന്നുവോ അതിനെ തങ്ങളുടേതായ ഭാഷയില്‍ അവതരിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.തങ്ങളുടേതായ ഭാഷ എന്ന് പറയുമ്പോള്‍ അത് എന്തുമാകാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആ കഥ വായിച്ചു കഴിയുമ്പോളുണ്ടാകുന്ന  അനുഭൂതി, അത് കവിതയായോ ചിത്രമായോ, അഭിനയമായോ, ഉപന്യാസമായോ എങ്ങനെ വേണോ കുട്ടികള്‍ക്ക് അവതരിപ്പിക്കം.

****

അതായിരുന്നു സുറുമി ചെയ്ത തെറ്റ്. അവള്‍ വായിച്ച കഥയില്‍ നിന്നും അവള്‍ക്കുണ്ടായ അനുഭൂതി അവള്‍ അവളുടെ ഡ്രായിംഗ് ബുക്കില്‍ വരച്ചിടുകയാണുണ്ടായത്.

അവളുടെ ചിത്രത്തില്‍ ചങ്ങലകളാല്‍ ബന്ധിതമായി കെട്ടിപ്പിണഞ്ഞു കിടക്കുന്ന കുരിശും ത്രിശൂലവും ചന്ദ്രക്കലയും ബുദ്ധപ്രതിമയും കാണാം. അവയുടെ ചുറ്റും ചിതറിക്കിടക്കുന്ന തലയോട്ടികള്‍. ആ കബന്ധങ്ങളുടെ വലിപ്പം വെച്ച് അവ കുട്ടികളുടേതാണെന്നു തോന്നും.

ഇത്രയും ഭയാനകമായ ചിന്തകള്‍ ഒരു കുട്ടിയില്‍ എങ്ങനെ വന്നു എന്നായിരുന്നു അധ്യാപകര്‍ അന്ന് വൈകിട്ട്  ചര്‍ച്ച ചെയ്തതു. സാടിസത്തിലെക്ക് നീങ്ങുകയാണല്ലോ തങ്ങളുടെ മക്കള്‍ എന്നുപറഞ്ഞു അവര്‍ ആരെയൊക്കെയോ ശപിച്ചു.

പാര്‍വതി മാത്രം അതില്‍ നിന്നും മാറി സുറുമിയുടെ ചിത്രത്തിലേക്ക് നോക്കിയിരുന്നു. ചിതറിക്കിടക്കുന്ന ആ കുഞ്ഞു തലയോട്ടികളുടെ ഇരുളായി മാറിയ ഒരുനാള്‍ കണ്ണുകളാല്‍ അലങ്കരിക്കപ്പെട്ടിരുന്നിടത്തു  നിന്നും കണ്ണുനീര്‍ ഇറ്റുവീഴുന്നത് അവര്‍ കണ്ടു, ആ അസ്ഥികൂടങ്ങളുടെ  ചെറുകൈകള്‍ അരുതേ എന്ന് നിലവിളിക്കുന്നതായും അവര്‍ക്ക് തോന്നി.

സുറുമിയുടെ നോട്ടുബുക്കില്‍ അന്ന് പാര്‍വതിക്ക് മുന്നില്‍ തെളിഞ്ഞത് അവിശ്വാസികളായ ഭയാനകവും അപകടകരവുമായ ചിന്തകളെ ഉള്ളില്‍ പേറി നടക്കുന്ന ഭാവിയുടെ കുരുന്നുകളായിരുന്നില്ല മറിച്ച് അനുഭൂതികളെ മറച്ചുവയ്ക്കാന്‍ കഴിയാത്ത വേദനയുടെ ആഴങ്ങളറിയുന്ന, സര്‍ഗാത്മകതയെ അറിയുന്ന, സത്യമുള്ള ഒരു ഹൃദയമായിരുന്നു.

****

ഇത്രയും വിപുലമായി ഒരു കുഞ്ഞിനെ ചിന്തിപ്പിക്കാന്‍ മാത്രം ശകതമായ ആ കഥ ഏതാണന്നറിയാന്‍  പാര്‍വതിക്ക് ആഗ്രഹമുണ്ടാകുകയും ഒടുവില്‍ സുറമി തന്റെ അച്ഛന്റെ റേഷന്‍ കടയിലേക്ക് അവരെ കൂട്ടിക്കൊണ്ട് പോവുകയും പഞ്ചസാര പൊതിയുവാന്‍ കൂട്ടിവെച്ചിരുന്ന കടലാസുകള്‍ക്കിടയില്‍ നിന്നും തന്റെ ഹൃദയത്തില്‍ തറച്ച കഥ എടുത്തുകൊടുക്കുകയും ചെയ്യുന്നു.

കഥയുടെ പേര് ‘ബാല്യം’.

എഴുതിയത്: ‘വിക്ടര്‍ ഡാനിയേല്‍’

****

വിക്ടറിനെ തേടിയുള്ള യാത്രയില്‍ പാര്‍വതി മനസ്സിലാക്കിയത് സര്‍ഗാത്മകതയുടെ ദുര്‍ വ്യാഖ്യാനം ചെയ്യപ്പെട്ട സ്വാതന്ത്ര്യത്തെ കുറിച്ചാണ്. സ്വതന്ത്രമാണെന്ന് പറയുമ്പോഴും കല സ്വതന്ത്രമല്ല എന്നവര്‍ക്ക് തോന്നി. വിക്ടറിന്റെ എഴുത്തുകള്‍ അവര്‍ തേടിയെടുത്ത് വായിച്ചു. അവയിലെല്ലാം പക്ഷെ അപാരമായ ഒരു സ്വാതന്ത്ര്യമുളളതായി അവര്‍ക്ക് തോന്നി.

അന്ത്യമില്ലാത്ത വേദനകളെക്കുറിച്ച് പറയുമ്പോഴും തന്റെ സര്‍ഗസ്രഷ്ടിയില്‍ അയാള്‍ അസാമാന്യമായൊരു സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടായിരുന്നു.

ഒരു ലോകത്തിനു മുഴുവന്‍ ആ കഥാകാരനെ മനസ്സിലാക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഒരു എട്ടു വയസുകാരിക്കുമുന്നില്‍ അയാള്‍ സാക്ഷാത്കരിക്കപ്പെട്ടു എന്നുള്ളതില്‍ അവര്‍ അദ്ഭുതപ്പെട്ടു.

അവിടെ നിന്നും പാര്‍വതി വിക്ടറിനെക്കുറിച്ച് എഴുതിത്തുടങ്ങുകയാണ് അവര്‍ അയാള്‍ സഞ്ചരിച്ച വഴികളിലൂടെ നടന്നു തുടങ്ങുകയാണ്.

****

നഗ്നനായ ആ ഭ്രാന്തന്‍ നടന്നിടങ്ങളിലെല്ലാം അയാള്‍ ഒരു വരി തന്നെ തുടരെ എഴുതിക്കൊണ്ടിരുന്നുവത്രേ.

എവിടെയോ മരണത്തിന്റെ അനന്തമായ വേദനയിലേക്ക് ചിരിച്ചുകൊണ്ട് ഓടിക്കയറുന്നതിനു മുന്പ് ഭ്രാന്തുമായി ഓടിയ വഴികളിലെ ദാഹം ശമിപ്പിക്കാനിറങ്ങിയ ജലാശയങ്ങളിലും കൈകള്‍ നിവര്‍ത്തി നിന്ന അന്തരീക്ഷത്തിലും തണലിനായിരുന്ന മരച്ചുവടുകളിലും ക്ഷീണിച്ചിരുന്ന  പാറപ്പുറങ്ങളിലുമെല്ലാം നഗ്നനായി ഇറങ്ങിയോടിയ ആ ഭ്രാന്തന്‍ നഖംകൊണ്ടും കല്ലുകൊണ്ടുമൊക്കെ ആ വരി തന്നെ തുടരെ എഴുതി.

ഭ്രാന്തില്ലാത്ത അവസ്ഥയില്‍ എഴുതിയതെല്ലാം 
വേദനയെക്കുറിച്ചായിരുന്നുവെങ്കിലും എല്ലായ്പ്പോഴും അയാള്‍ അനന്തമായ വേദനയിലൂടെ ആവിഷ്കരിക്കാന്‍ ശ്രമിച്ചത് എന്തിനെയായിരുന്നുവെന്നുള്‍ക്കൊളളുന്ന  ആ വരി പാര്‍വതിയിലൂടെ പിന്നീട് ലോകം കേട്ടു  

‘വേദന അനന്തമാണ്‌, അതുകൊണ്ടുതന്നെ സ്നേഹവും’

****

പാര്‍വതി വിക്ടറിനെ കുറിച്ചുള്ള തന്റെ പുസ്തകത്തിന്റെ അവസാനം ഇങ്ങനെയെഴുതുന്നു.


പീറ്റർ പോൾ റൂബൻസ് എന്ന വിശ്വപ്രസിദ്ധനായ ചിത്രകാരന്റെ ദ മാസക്കർ ഓഫ് ഇന്നസെന്റ്സ് എന്ന ചിത്രത്തിലേക്ക് മറ്റെല്ലാവരെയും പോലെ വിക്ടറും സുറുമിയും നോക്കി. ഹെരോടിന്റെ ക്രൂരതയെയും നീലിച്ചു മരിച്ചുകിടക്കുന്ന കുഞ്ഞുങ്ങളെയുമായിരുന്നില്ല അവര്‍ കണ്ടത്. വാള്‍ത്തലപ്പുകള്‍ തുളച്ചുകയറുമ്പോഴും പിടിവിടാതെ തന്റെ കുഞ്ഞിനെ നെഞ്ചോട് ചെര്‍ത്തുപിടിച്ച അമ്മമാരെ  അവര്‍ കണ്ടു, മരണത്തിനു മുന്നില്‍ ഭയത്തോടെ നില്‍ക്കുമ്പോഴും അവരുടെ മുലകളില്‍ നിന്നും മുലപ്പാൽ കിനിയുന്നത്  അവർ  കണ്ടു.

കലാപങ്ങളും കൂട്ടക്കുരുതികളും പ്രകൃതിക്ഷോഭങ്ങളും അപവളര്‍ച്ചകളും സംഭവിക്കുമ്പോഴുണ്ടാകുന്ന  അനന്തമായ വേദനകളോടൊപ്പം ജന്മമെടുക്കുന്ന അനന്തമായ സ്നേഹവുമുണ്ട് പ്രപഞ്ചത്തില്‍. വിക്ടറും സുറുമിയും കണ്ട  പാല്‍ കിനിയുന്ന മുലകള്‍ പോലെ.

 ****

The End ;)

Comments

  1. ആവിഷ്കരണത്തിലെ നൂതന പരീക്ഷങ്ങൾ കൊണ്ട് താങ്കൾ അത്ഭുതപ്പെടുത്തുന്നു...കഥയോളം തന്നെ കഥ പറച്ചിലിനോടുമിഷ്ടം.

    ReplyDelete
  2. എത്ര അഭിനന്ദിച്ചാലും ഈ അധികപ്രസംഗത്തിന് അത് അധികമാവില്ല..
    ആശംസകൾ..

    ReplyDelete

Post a Comment

Popular posts from this blog

തകരപ്പെട്ടി

കോട

വ്യാസചരിതം