മാനത്തുകണ്ണികളുടെ രണ്ടു വരവുകൾ

ചെറുപുഷ്പത്തിന്റെയും മാണിക്കത്തിന്റെയും ബാല്യകാല സ്മരണകളില്‍ മിന്നിയും മറഞ്ഞും കുറെ മാനത്തുകണ്ണികള്‍ നീന്തിത്തുടിക്കുന്നുണ്ട്.

ഒരു വേലിക്ക് അപ്പുറവും ഇപ്പുറവുമായി ജനിച്ച്, ദീപാരാധനകള്‍ ഒരുമിച്ച് തൊഴുത്, സ്കൂള്‍ മുറിയിലെ നടുവിലെ കീറിനു ഇടത്തും വലത്തുമായി ഇരുന്ന് ആദ്യമൊക്കെ കുസൃതികളും പിന്നീടു നോട്ടങ്ങളും പങ്കുവെച്ച്, ടൂട്ടോറിയലുകളിലൂടെ പ്രണയിച്ചു, ക്രമേണ ഒരുമിച്ച് ജീവിക്കുകയും ചെയ്ത ഇരുവരേയും എന്തൊക്കെയോ ബോധ്യപ്പെടുത്താനായിരുന്നു മാനത്തുകണ്ണികള്‍ അവരുടെ ഓര്‍മ്മകളില്‍ ജന്മമെടുത്തത്

****

മാനത്തുകണ്ണികളുടെ ഒന്നാം വരവ്.



ചില്ലുകുപ്പിയിലെ മീനുകളെ ആദ്യമായി ചെറുപുഷ്പം കാണുന്നത് ജമീലയുടെ വീട്ടില്‍ വെച്ചാണ്. അവളുടെ ചേട്ടന്‍ എന്നും കുളികഴിഞ്ഞു വരുമ്പോള്‍ തോട്ടില്‍ നിന്നും അവള്‍ക്കായി മീനുകളെ പിടിച്ചുകൊണ്ട് വരും. അവള്‍ അവയെ ഹോര്‍ലിക്സ് കുപ്പിയിലിട്ടു വരാന്തയില്‍ കൊണ്ടുപോയി വയ്ക്കും. അങ്ങനെ പത്തോളം ഹോര്‍ലിക്സ് കുപ്പികള്‍ ജമീലയുടെ വീട്ടിറയത്തെ അലങ്കരിച്ചു.

ജമീലയുടെ മീനുകളെ ചെറുപുഷ്പം അസ്സൂയയോടെയും അത്ഭുതത്തോടെയും നോക്കി നിന്നു. അവയുടെ വെള്ളിമേനികളില്‍ പ്രകാശം പതിക്കുമ്പോള്‍ മഴവില്ലുകളുണ്ടാകുന്നത് അവള്‍ ശ്രദ്ധിച്ചു. മഴവില്ലുവര്‍ണ്ണത്തില്‍ ഹോര്‍ലിക്സ് കുപ്പിയുടെ ഇട്ടാവട്ടത്തിനുള്ളില്‍  ഓടിക്കളിക്കുന്ന മാനത്തുകണ്ണിയെ ഹൃദയത്തിലാക്കിയാണ് അന്നവള്‍ വീട്ടിലേക്ക് നടന്നത്.

മഴവില്ല് നിറമുള്ള മാനത്തുകണ്ണിയെ കുറിച്ച് മാണിക്കത്തോട് പറയുമ്പോള്‍ അവള്‍ക്കറിയാമായിരുന്നു അന്നിരുട്ടും മുന്പ് തന്നെ തന്റെ വരാന്തയിലും അവ ഓടിക്കളിക്കുന്നുണ്ടാകുമെന്ന്.

****

തോട്ടിലെ കണ്ണാടി വെള്ളത്തില്‍ അവര്‍ ഇരുവരും കൈപിടിച്ചിറങ്ങിച്ചെന്നു. ചെറുപുഷ്പം തന്റെ ചുവന്ന പട്ടുപ്പാവാട മുട്ടോളം ഉയര്‍ത്തിപ്പിടിച്ചു. ഒരു ചെന്താമരയെ പോലെ അവള്‍ ആ തോടിന്‍ നടുവില്‍ നിന്നു.

മാണിക്കം തന്റെ തോര്‍ത്ത് നിവര്‍ത്തിയെടുക്കുകയും അവര്‍ ഇരുവരും അതിന്റെ രണ്ടറ്റങ്ങളിലായി പിടിക്കുകയും ചെയ്തു. പിന്നെ മെല്ലെ കുനിഞ്ഞു തോടിന്റെ ചില്ലുജാലകങ്ങള്‍ തുറന്നു അതിനെ ആഴ്ത്തി വെച്ചു.

മീനുകള്‍ മിന്നായം പോലെ പാഞ്ഞു പോവുകയാണ്. ഓരോ തവണയും  പ്രതീക്ഷയോടെ തോര്‍ത്തുയര്‍ത്തുമ്പോഴും നിരാശയായിരുന്നു ഫലം. മാനത്തുകണ്ണികള്‍ അഹങ്കാരത്തോടെ ഓരോ തവണയും രക്ഷപ്പെട്ടുകൊണ്ടിരുന്നു.

 അവര്‍ എങ്ങുമുണ്ട്. അന്ന് ആ തോട്ടിനുള്ളില്‍ ജലകണങ്ങളക്കാളധികം മാനത്തുകണ്ണികളാണോ എന്ന് ചെറുപുഷ്പം സംശയിച്ചു. അതില്‍ ഒന്ന് പോലും തങ്ങളുടെ തോര്‍ത്തിനുള്ളില്‍ അകപ്പെടുന്നില്ലല്ലോ എന്നോര്‍ത്ത് അവള്‍ ആലോസരപ്പെട്ടു.

****

വെളുത്തിരുന്ന ആകാശം നീലിക്കുകയും ഒടുവില്‍ ചുവക്കുകയും ചെയ്തു. ചെറുപുഷ്പത്തിന്റെയും മാണിക്കത്തിന്റെയും തോര്‍ത്തുമുണ്ട് മാത്രം അപ്പോഴും വെളുത്ത് തന്നെയിരുന്നു. മാനത്തുകണ്ണികള്‍ ഒരു കൂസലുമില്ലാതെ നിന്തിനടക്കുകയും ചെയ്തു.

പെട്ടെന്നാണ് മാണിക്കം തോര്‍ത്തുമുണ്ട് ആഞ്ഞുയര്‍ത്തിയത്. അവന്‍ അതിന്റെ ഇരുതുമ്പുകളും ഒരുമിച്ചു ചേര്‍ത്തു. പിന്നെ വരമ്പത്തെക്കോടി. അവിടെ അവര്‍ക്കായി ഏറെ നേരമായി കാത്തിരിക്കുന്നുണ്ടായിരുന്ന ഹോര്‍ലിക്സ് കുപ്പിയുടെ വായിലേക്ക് അവന്‍ ശ്രദ്ധയോടെ തോര്‍ത്ത് മുണ്ട് ഇറക്കിവെച്ചു.

മഴവില്ല് നിറമുള്ള മാനത്തുകണ്ണിയെ മാണിക്കം ചെറുപുഷ്പത്തിനു സമ്മാനിച്ചു.

അവര്‍ കൈപിടിച്ച് വീടുകളിലേക്ക് തിരികെ നടന്നു.

****

ചെറുപുഷ്പത്തിന്റെ വരാന്തയില്‍  ഹോര്‍ലിക്സ് കുപ്പിയുടെ അതിരുകളെ മാനിച്ച് മാനത്തുകണ്ണി  ഓടിക്കളിച്ചു. അവള്‍ അതിനു ചോറ്റിന്‍ പറ്റുകള്‍ ഇട്ടുകൊടുത്തു. അത് ആര്‍ത്തിയോടെ കൊത്തി തിന്നുന്ന മാനത്തുകണ്ണിയെ കണ്ട ചെറുപുഷ്പം വിടര്‍ന്നു.
 ജമീലയുടെ ചേട്ടനെ പോലെ മാണിക്കം വീണ്ടും വീണ്ടും ചെറുപുഷ്പത്തിനായി മാനത്തുകണ്ണികളെ കൊണ്ടുവന്നു.
ചെറുപുഷ്പത്തിന്റെ വീട്ടിറയം പതിയെ ഹോര്‍ലിക്സ് കുപ്പികളാല്‍ നിറഞ്ഞു .

****

അതിനിടയില്‍ മാനത്തുകണ്ണികള്‍ ചത്തുപൊങ്ങുന്നുണ്ടായിരുന്നു.

 ആദ്യമായി വയറിലെ വെള്ളയും കാട്ടി അനക്കമറ്റു കിടന്ന മാനത്തുകണ്ണിയെ കണ്ടപ്പോള്‍ ചെറുപുഷ്പത്തിനു മരണത്തിന്റെ അര്‍ത്ഥമറിയില്ലായിരുന്നു. അവള്‍ കുപ്പി പതിയെ അനക്കിനോക്കി. പിന്നെ ചെറുതായൊന്നു കുലുക്കി, പൊങ്ങിക്കിടന്ന മീനിന്റെ വെള്ളയില്‍ ചെറുവിരല്‍ കൊണ്ട് തൊട്ട് അതിനെ ഉണര്‍ത്താന്‍ ശ്രമിച്ചു.

മരണത്തില്‍ നിന്നും ആരെയും ഉണര്‍ത്താന്‍ കഴിയില്ലെന്ന് അവളോട്‌ പറയുന്നത് മാണിക്കമാണ്

‘’അത് പോയി...ചത്തു പോയി....’’ അവന്‍ പറഞ്ഞു.

മരണത്തോടൊപ്പം മാനത്തുകണ്ണിയുടെ മേനിയിലെ മഴവില്ല് 
മാഞ്ഞുപോകുന്നത് അന്നവള്‍ ശ്രദ്ധിച്ചിരുന്നു.

****

മാനത്തുകണ്ണികള്‍ ചത്തുപൊങ്ങിക്കൊണ്ടേയിരുന്നു.

എങ്കിലും ചെറുപുഷ്പത്തിന്റെ വീട്ടിറയത്തിലെ ഹോര്‍ലിക്സ് കുപ്പികളുടെ എണ്ണം കുറഞ്ഞില്ല.

മാനത്തുകണ്ണികള്‍ ചാകുന്നത് വൈകിപ്പിക്കാന്‍ കുപ്പിയുടെ മുകളില്‍ മുട്ടപ്പായല്‍ വെച്ചാല്‍ മതി എന്ന് പറഞ്ഞത് ജമീലയുടെ ചേട്ടനായിരുന്നു. അന്ന് തന്നെ ചെറുപുഷ്പവും മാണിക്കവും മുട്ടപ്പായലുകള്‍ തേടിയിറങ്ങി. തോട്ടാവാടികളും ഓണത്തൊത്തികളും ഏല്‍പിച്ച മുറിവുകള്‍ വകവെയ്കാതെ അവര്‍ കുളങ്ങളായ കുളങ്ങളിലൊക്കെയും ഇറങ്ങിച്ചെല്ലുകയും മുട്ടപ്പായലുകള്‍ ശേഖരിക്കുകയും ചെയ്തു.

എന്നിട്ടും പക്ഷെ മാനത്തുകണ്ണികള്‍ ചത്തുപൊങ്ങിക്കൊണ്ടേയിരുന്നു.

****
ബിന്ദുട്ടീച്ചര്‍ പൂതപ്പാട്ട്‌ പാടിയപ്പോള്‍ അവര്‍ കേട്ടിരുന്നു. 

പൂതത്തെക്കുറിച്ചും ഉണ്ണിയെക്കുറിച്ചും നങ്ങേലിയെക്കുറിച്ചും അവര്‍ പാടിയപ്പോള്‍  ക്ലാസ് മുറിയുടെ നടുവിലെ കീറിനു ഇടത്തും വലത്തുമായിരുന്ന ചെറുപുഷ്പത്തിന്റെയും മാണിക്കത്തിന്റെയും ഹൃദയങ്ങളില്‍ നൊമ്പരമുണ്ടായി. ഉണ്ണിയെത്തേടി അലഞ്ഞുനടക്കുന്ന നങ്ങേലിയുടെ നിലവിളി അവരിരുവരെയും ഉറഞ്ഞു കുലുക്കി.

ഹോര്‍ലിക്സുകുപ്പികളിലെ മാനത്തുകണ്ണികളെ തേടി തോടായ തോടൊക്കെ തേടിയലയുന്ന അമ്മമീനുകള്‍ ചെറുപുഷ്പത്തിന്റെയും മാണിക്കത്തിന്റെയും പുസ്തകത്താളുകളില്‍ പ്രത്യക്ഷപ്പെട്ടു. അവ ഗത്യന്തരമില്ലാതെ നോട്ടുബുക്കുകളുടെ വരകള്‍ക്കിടയിലൂടെ നീന്തുകയാണ്. അവയില്‍ ചിലത് പുസ്തകത്തിനു പുറത്തേക്ക് തെറിക്കുന്നു. ശ്വാസം കിട്ടാതെ പിടയുന്നു. ഒടുവില്‍ ശാന്തമായ മരണത്തെ നോക്കി വെള്ള കാട്ടി കിടക്കുന്നു!

****

നാലു മണിയുടെ മണി അവസാനിക്കും മുന്പ് അവര്‍ വീട്ടിലേക്കോടി. 

ഹോര്‍ലിക്സ് കുപ്പികള്‍ ഓരോന്നായെടുത്ത് തോട്ടിലേക്ക് തുറന്നുവിട്ടു. അവയില്‍ നിന്നും മഴവില്ല് നിറമുള്ള മാനത്തുകണ്ണികള്‍ തോടിന്റെ ശാന്തതയിലേക്ക് ഒഴുകുന്നത് അവര്‍ കണ്ടു. അവര്‍ നീന്തിയകന്ന വരയ്ക്കപ്പെടാത്ത ജലപാതകളിലൂടെ ‘ആരോ’ ‘എന്തോ’ പുഞ്ചിരിക്കുന്നതായി അവര്‍ക്ക് തോന്നി.

****

പിന്നീട് എപ്പോഴോ അവരുടെ ഓര്‍മ്മകളില്‍ നിന്നും മാനത്തുകണ്ണികള്‍ മറഞ്ഞു പോയതാണ്. അതിനിടയില്‍ ചെറുപുഷ്പവും  മാണിക്കവും തമ്മില്‍ പ്രണയമുണ്ടായി.

നാം എന്തിനു പ്രണയിക്കണം എന്നല്ല നാം എന്തുകൊണ്ട് പ്രണയിക്കുന്നില്ല എന്നായിരുന്നു അവര്‍ പരസ്പരം ചോദിച്ചിരുന്നത്. അതുകൊണ്ട് തന്നെ അവര്‍ ഒടുവില്‍ ഒരുമിച്ചുചേര്‍ന്നു

****

മാനത്തുകണ്ണികളുടെ രണ്ടാം വരവ്



ചെറുപുഷ്പത്തിന്റെയും മാണിക്കത്തിന്റെയും കെട്ട് കഴിഞ്ഞു പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാനത്തുകണ്ണികള്‍ അവരുടെ സ്മരണകളിലേക്ക് വീണ്ടും വരുന്നത്.

വിവാഹം കഴിഞ്ഞു പന്ത്രണ്ട് കൊല്ലമായിട്ടും ചെറുപുഷ്പം തളിരിട്ടില്ല. ഒരു കുഞ്ഞെന്ന മോഹം അവര്‍ ഇരുവരെയും വേദനിപ്പിച്ചുകൊണ്ടേയിരുന്നു. ചികിത്സകളും പ്രാര്‍ത്ഥനകളുമൊന്നും ഫലം കണ്ടില്ല.

അങ്ങനെ വേദനയും നൊമ്പരവും തമ്മിലുള്ള അന്തരമറിയാതെ കഴിച്ചുകൂട്ടിയ ഇരുണ്ട ദിവസങ്ങളിലെന്നോ മാനത്തുകണ്ണികള്‍ അവരുടെ ഓര്‍മ്മകളില്‍ നീന്തിത്തുടിക്കാന്‍ തുടങ്ങി.

****

വേദന മനുഷ്യനെ ഒറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തല്‍ ആത്മവിചാരണയ്ക്ക് കളമൊരുക്കുകയും ചെയ്യുമത്രേ. ആ വിചാരണകള്‍ക്കൊക്കെയും ചോദ്യശരങ്ങള്‍ എറിഞ്ഞു കൊടുക്കുന്നത് ഓര്‍മ്മകളാണത്രേ. താഴിട്ട് പൂട്ടിയിട്ടും താക്കോല്‍പഴുതിലൂടെ ക്ഷണിക്കാതെ ഊര്‍ന്നു വരുന്ന ഓര്‍മ്മകള്‍.

ചെറുപുഷ്പത്തിന്റെ മനസ്സില്‍ പാപബോധമായി മാറി മാനത്തുകണ്ണികള്‍. താന്‍ ഹോര്‍ലിക്സ് കുപ്പികളിലൂടെ കൊന്നൊടുക്കിയ കുഞ്ഞു മാനത്തുകണ്ണികളുടെ തള്ളമീനുകളുടെ നിലവിളികള്‍ അവള്‍ കേട്ടു. അവരുടെ കണ്ണുനീര്‍ ആ പഴയ തോട്ടില്‍ ഉപ്പുകലര്‍ത്തുന്നത് അവള്‍ കണ്ടു.. അതിന്റെ രുചി അവളുടെ നാവില്‍ നിറഞ്ഞു. അവള്‍ നിശബ്ദയായി.

****

ചെറുപുഷ്പവും മാണിക്കവും ഈ ലോകത്തില്‍ ഒറ്റപ്പെടുകയാണ്.

സത്യത്തില്‍ ഓര്‍മ്മകള്‍ വേട്ടയാടുന്നത് ചെറുപുഷ്പത്തെയാണ്‌ . മാണിക്കത്തെയല്ല. പാപബോധം നിറയുന്നതും ചെറുപുഷ്പത്തിലാണ്. മാണിക്കത്തിലല്ല. എങ്കിലും ചെറുപുഷ്പം വാടുമ്പോള്‍ മാണിക്കവും ഒറ്റപ്പെടുന്നു

****

ചെറുപുഷ്പത്തിന്റെ കാതുകളില്‍ പൂതപ്പാട്ട് നിറഞ്ഞു കേട്ടുകൊണ്ടിരുന്നു.
“ആറ്റിന്‍കരകളിലങ്ങിങ്ങോളം
അവനെ വിളിച്ചു നടന്നാളമ്മ
നീറ്റില്‍ക്കളിക്കും പരല്മീനെല്ലാം
നീളവേ നിശ്ചലം നിന്നുപോയി
ആളില്ലാപ്പാടത്തിലങ്ങുമിങ്ങും
അവനെ വിളിച്ചു നടന്നാളമ്മ ...”
ജനിക്കാത്ത ഉണ്ണിയെ തേടി ചെറുപുഷ്പം കരഞ്ഞു. അവളുടെ ഓര്‍മ്മകളില്‍ കുറെ മാനത്തുകണ്ണികളും .

****

മനമില്ലാമനസ്സോടെയാണ് മാണിക്കം ആ തമിഴത്തിയുടെ കുഞ്ഞിനെ കായ് കൊടുത്ത് വാങ്ങുന്നത്. യാതൊരു വിഷമതയും കൂടാതെ അവള്‍ അവനെ അയാള്‍ക്ക് വിറ്റു

കുഞ്ഞുമായി വരുന്ന മാണിക്കത്തെ കണ്ടു ചെറുപുഷ്പം വിടര്‍ന്നു. അവള്‍ അതിനെ വാരിയെടുത്ത് ഉമ്മവെച്ചു.

****

എങ്കിലും മാനത്തുകണ്ണികള്‍ അവളില്‍ നീന്തിത്തുടിച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ തമിഴത്തിയാണ് നങ്ങേലിയായി ഏതോ തെരുവീഥിയില്‍ അലഞ്ഞു നടക്കുന്നത്. അവരുടെ കണ്ണിലെ കണ്ണുനീരും നെഞ്ചിലെ കനലും ചെറുപുഷ്പം കണ്ടു.  അവള്‍ തന്റെ കൈകള്‍ കൊണ്ട് ആ കുഞ്ഞിനെ പൊതിഞ്ഞു. അപ്പോള്‍ അവനു മഴവില്ല് വര്‍ണ്ണമുണ്ടാകുന്നതായും തന്റെ കൈകളുടെ അതിര്‍വരമ്പുകളെ മാനിച്ച് അവന്‍ അനങ്ങാന്‍ ശ്രമിക്കുന്നതായും അവള്‍ക്ക് തോന്നി. ചെറുപുഷ്പത്തിന്റെ  മിടിപ്പിനു വേഗത കൂടി.

****

പാലില്ലാത്ത മുലകളാണ് അവളെ കുഞ്ഞുമായി ആശുപത്രിയില്‍ പോകാന്‍ നിര്‍ബന്ധിച്ചത്. 
ഒരു അമ്മയ്ക്കറിയാമായിരുന്ന പലതും ചെറുപുഷ്പത്തിനറിയുമായിരുന്നില്ല . കുഞ്ഞിനെ ഊട്ടാനും ഉറക്കാനുമെല്ലാം അവള്‍ ഏറെ കഷ്ടപ്പെട്ടിരുന്നു.

****

അന്നാണ് ആ കുഞ്ഞിന്റെ മുഖത്തെ അപാകതകളെ കുറിച്ചും അവനുണ്ടായെക്കാവുന്ന ബുദ്ധിവൈകല്യങ്ങളെ കുറിച്ചും ഒപ്പം ക്രോമോസോമുകളെ കുറിച്ചും ഡോക്ടര്‍ അവളോട്‌ പറയുന്നത്. അത് അവളുടെ കുഞ്ഞല്ല എന്ന് അയാള്‍ക്കറിയാമായിരുന്നു. ‘ഇല്ലീഗല്‍ അടോപ്ഷനെ’ കുറിച്ച് ഒരു സ്റഡി ക്ലാസ് തുടങ്ങും മുന്‍പേ ചെറുപുഷ്പം അയാളെ തൊഴുതു. നിറകണ്ണുകളോടെ അവള്‍ പറഞ്ഞു.

‘എന്ക്കറിയണ്ട സാറേ..ഒന്നുമറിയണ്ട...അവന്‍ എന്നെ നോക്കി ചിരിക്കുന്നുണ്ട്, കിണ്ണത്തില്‍ കൊടുക്കുന്ന പാലും കുടിക്കുന്നുണ്ട്...എനിക്കിതിനെ മതി സാറേ...ഞാന്‍ പൊന്നുപോലെ നോക്കിക്കോളാം”

****

അന്നു ആ ആശുപത്രി വരാന്തയിലൂടെ നടന്നു നീങ്ങുമ്പോള്‍ ചെറുപുഷ്പത്തിനു  ചുറ്റും വീണ്ടും മാനത്തുകണ്ണികള്‍ നീന്തിത്തുടിക്കുന്നുണ്ടായിരുന്നു അവര്‍ അവളെ വേദനിപ്പിച്ചില്ല, മൃദുവായി, തേന്‍ തേടി വന്ന പൂമ്പാറ്റകളെ പോലെ അവ അവള്‍ക്ക് ചുറ്റും നീന്തിക്കളിച്ചു

****

തങ്ങളുടെ കുഞ്ഞിന്റെ വൈകല്യങ്ങളെല്ലാം മനസിലാക്കിത്തന്നെ ചെറുപുഷ്പവും മാണിക്കവും അവനെ സ്നേഹിച്ചു. അവരില്‍ ഇന്ന് പാപബോധങ്ങളില്ല. അന്ന് ആ മാനത്തുകണ്ണികളെ തിരികെ തോട്ടിലേക്ക് തുറന്നുവിട്ടപ്പോള്‍ അവര്‍ നീന്തിയകന്ന വരയ്ക്കപ്പെടാത്ത ജലപാതകളിലൂടെ ‘ആരോ’ ‘എന്തോ’ പുഞ്ചിരിക്കുന്നതായി അവര്‍ക്ക് തോന്നിയിരുന്നു അതുതന്നെയായിരുന്നു  ആ വൈകല്യങ്ങള്‍ക്കും ക്രോമോസോമുകള്‍ക്കും ഇടയിലൂടെ അവര്‍ വീണ്ടും കണ്ടത്.  

****

ഒരുനാള്‍ ആ പഴയ തോട്ടിലേക്ക് അവര്‍ മൂവരും കൈപിടിച്ചിറങ്ങിച്ചെന്നു. അവിടിപ്പോഴും മഴവില്ല് നിറമുള്ള മാനത്തുകണ്ണികളുണ്ട്. തന്റെ കൈക്കുമ്പിളില്‍ കുടുങ്ങിയ ചെറുമീനിനെ ആശ്ചര്യത്തോടെ  നോക്കി നില്‍ക്കുന്ന ഉണ്ണിയെ കണ്ടു ചെറുപുഷ്പം ഒന്ന് പരിഭവിച്ചു. ഒടുവില്‍ അവനതിനെ ആ ജലാശയത്തിന്റെ ആഴത്തിലേക്ക് തിരികെ വിട്ടപ്പോള്‍ അവന്റെ കവിളില്‍ വിരിഞ്ഞ ആയിരം പുഷ്പങ്ങളില്‍ ഒരു ചെറുപുഷ്പവുമുണ്ടായിരുന്നു.

The End ;)

  

Comments

  1. ഇതൊരു രണ്ടു രണ്ടര വരവായിപ്പോയി. കണ്മുന്നിൽ മാനത്തുകണ്ണികൾ ഓടിക്കളിക്കുന്നു.

    ReplyDelete
  2. നല്ല ഭംഗിയുള്ള എഴുത്ത് ,കൈക്കുള്ളിൽ ഇത്തിരി വെള്ളത്തിൽ ഒതുങ്ങിയിരിക്കുന്ന മാനത്തു കണ്ണികളെ പോലെ അക്ഷരങ്ങൾ ... അഭിനന്ദനങ്ങൾ.... .

    ReplyDelete

Post a Comment

Popular posts from this blog

തകരപ്പെട്ടി

കോട

വ്യാസചരിതം