ഋതുചക്രം



വസന്തം..

വസന്തത്തിന് ആരും നടാതെ തനിയേ വളര്‍ന്ന നിശാഗന്ധിയുടെ മണമാണ്
വസന്തത്തിലാണ് അഭിമന്യു നടക്കാന്‍ പഠിച്ചത്
അവനു ചിറകു മുളച്ചതും അവന്റെ മുട്ട് മുറിഞ്ഞതും  ഒരു വസന്തത്തിലാണ്
വസന്തത്തിലാണ് അവന്‍ തോട്ടാവാടിയോട് പിണക്കം നടിച്ചതും,
അപ്പൂപ്പന്‍താടിയോട് കൂട്ട് കൂടിയതും.
വസന്തം ആശിക്കാന്‍ മറന്ന സ്വര്‍ഗം.

ഗ്രീഷ്മം...

നെഞ്ചിന്റെ ചൂടില്‍ അവന്‍ അറിയാതെ പോയതാണ് ഗ്രീഷ്മത്തിന്റെ ഉഷ്ണം 
ഗ്രീഷ്മത്തിലാണ് അഭിമന്യു നായാട്ട് പഠിച്ചത്
അവന്‍ പെണ്ണിനെ കണ്ടതും  അവനു നൊമ്പരം വന്നതും ഒരു ഗ്രീഷ്മത്തിലാണ്
ഗ്രീഷ്മത്തിലാണ് അവന്‍ വിപ്ലവമെന്ന ലഹരിയറിഞ്ഞതും,
കാല്പനികതയുടെ സാധ്യതകളറിഞ്ഞതും
ഗ്രീഷ്മം ചോരത്തിളപ്പിന്റെ വസന്തം.

ശരത്ത്..

നിശാഗന്ധിയുടെ ഇലകള്‍ ചുവന്നപ്പോള്‍ മനംനൊന്ത് തീര്‍ഥാടനത്തിനു പോയതാണ് അമ്മ
ശരത്കാലത്താണ് അഭിമന്യു തലയെടുക്കാന്‍ പഠിച്ചത്
അവനെ കുളയട്ട കടിച്ചതും അവന്‍ വിളറി വെളുത്തതും ഒരു ശരത്കാലത്താണ്
ശരത്കാലത്താണ് അവന്‍ മകന്റെ ജാതകമെഴുതിച്ചതും,
പുരയിടത്തിനു മുള്ളുവേലി കെട്ടിയതും.
ശരത്ത് നിശാഗന്ധിയുടെ മോര്‍ച്ചറി.

ശിശിരം...

വെളുത്തമഞ്ഞ്, നരകളെ മായ്ച്ച മരീചിക.
ശിശിരത്തിലാണ് അഭിമന്യുവിനു വെള്ളെഴുത്ത് വന്നത്  
അവന്‍ തപ്പിത്തടഞ്ഞതും കണ്ണടവെച്ചതും ഒരു ശിശിരത്തിലാണ്
ശിശിരത്തിലാണ് അവന്‍ കണ്ണീര് തേടിയതും,
മരവിച്ചുപോയതും.
ശിശിരം വസന്തത്തിന്റെ സുവനിയര്‍.
           *****

അഭിമന്യു...
യൌവനത്തില്‍ മരിക്കാത്ത യോദ്ധാവ്,
കുരുക്ഷേത്രം കാണാത്തവന്‍.  

അഭിമന്യു...
ഒരു മനുഷ്യന്‍, ഒരമ്മയുടെ മകന്‍,
നിശാഗന്ധിയുടെ സ്നേഹിതന്‍.

വസന്തം...
വസന്തത്തിനു വീണ്ടും നിശാഗന്ധിയുടെ മണം....
 


  

Comments

  1. നിശാഗന്ധിയുടെ സ്നേഹിതന്‍...:-) beautiful...

    ReplyDelete

Post a Comment

Popular posts from this blog

തകരപ്പെട്ടി

കോട

വ്യാസചരിതം