ആഴം

"...അതോടെ അറിയാനാവാത്ത പൊരുള്‍ തേടിയുള്ള അന്വേഷണങ്ങളെല്ലാം അവസാനിക്കുകയും ആ പരംപോരുളിനു മുന്നില്‍‍ ആശ്ചര്യത്തോടെ മൌനമായി നില്‍ക്കുകയെ നിവൃത്തിയുള്ളൂവെന്ന് അറിയുകയും ചെയ്യും. ആ മൌനാത്മകമായ നിശ്ചലത നമ്മെ ആ പോരുളിലേക്ക്, താവോയിലേക്ക് നയിക്കും."
                          - ലാവോ ത്സൂ



ചക്രവ്യൂഹം ഭേദിക്കുന്നതെങ്ങനെ എന്ന്‍ അഭിമന്യുവിനറിയാം. ഭേദിച്ചശേഷം എന്ത്? എന്നവനറിയില്ലായിരുന്നു 

****

അഭിമന്യു സ്ഥലത്തെ പ്രധാന ബാങ്കില്‍ ഒരു കാഷ്യറായിരുന്നു. എന്നും രാവിലെ മുതല്‍ വൈകുന്നേരം വരെ അയാള്‍ ആ ഇരുമ്പുമുറിയിലിരുന്നു നോട്ടുകെട്ടുകള്‍ എണ്ണുകയും, അവയില്‍ റബ്ബര്‍ ബാണ്ടിടുകയും എഴുത്തുകുത്തുകള്‍ നടത്തുകയും ചെയ്തുപോന്നു.

കമ്പികള്‍ കൊണ്ട് വരിഞ്ഞുകെട്ടിയതായ ഇരുമ്പുമുറി പലപ്പോഴും അയാളെ ജൈയിലുകളെ ഓര്‍മ്മിപ്പിച്ചു. താന്‍ എന്തോ കുറ്റം ചെയ്തതായും അതിനു ശിക്ഷയെന്നോണമാണ് താന്‍ ദിവസവും ആ ഇരുമ്പുമുറിയിലിരുന്നു നോട്ടെണ്ണുന്നത് എന്നും മറ്റുമുള്ള ചിന്തകള്‍ പലപ്പോഴും അയാളില്‍ കടന്നുവന്നിരുന്നു. എങ്കിലും അവ വകവയ്ക്കാതെ പത്തിലും ഇരുപതിലും അന്പതിലും നൂറിലും അഞ്ഞൂറിലും ആയിരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് അയാള്‍ രക്ഷപ്പെട്ടുകൊണ്ടേയിരുന്നു.

ഓരോ ഇടപാടുകാരും അവനു കൈകളാണ്. അവര്‍ക്ക് മുഖമില്ലായെന്നും കൈകളിലൂടെയാണ് അവര്‍ സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും തുപ്പുകയും ഓക്കാനിക്കുകയും ചെയ്തിരുന്നത് എന്നും അഭിമന്യു കരുതി.

അവൻ ലോകത്തെ കണ്ടത് ആ ഇരുമ്പ് മുറിയിലെ കിളിവാതിലിലൂടെ നോട്ടുകെട്ടുകളുമായി പ്രത്യക്ഷപ്പെടുന്ന കൈകളിലൂടെയായിരുന്നു.

അവ മൈലാഞ്ചിയും ക്യൂട്ടക്സുമിട്ട മലര്‍മണമുള്ള പൂവിതളുകളായും, ചുക്കിച്ചുളിഞ്ഞ ഏതോ പുരാതനമായ വൃക്ഷത്തിന്റെ വേരുകളായും രോമാവൃതമായ വിയര്‍പ്പുമണക്കുന്ന ഏതോ ഉരഗമായുമൊക്കെ അവനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു.


****

ഈ പ്രപഞ്ചത്തില്‍ സത്യമെന്നൊന്നുണ്ടെങ്കില്‍ അത് സമയമാണെന്ന് അഭിമാന്യുവിനോടാരോ പറഞ്ഞിരുന്നു. എത്ര ചിന്തിച്ചിട്ടും അത് ആരുപറഞ്ഞതാണ് എന്ന് അയാള്‍ക്ക് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല.

അഭിമന്യുവിന്റെ ജീവിതം നയിച്ചിരുന്നത് അയാളുടെ സങ്കല്പത്തില്‍ സമയമായിരുന്നു. കുറച്ചുകൂടെ  വ്യക്തമായി പറഞ്ഞാല്‍ അയാളുടെ എച്.എം.റ്റി റിസ്റ്റ് വാച്ച്.

അഭിമന്യുവിനെ രാവിലെ ഉണര്ത്തിയിരുന്നതും, ഉച്ചയ്ക്ക് ഭക്ഷന്നം കഴിപ്പിച്ചിരുന്നതും, ഉറക്കിയിരുന്നതും അയാളുടെ റിസ്റ്റ് വാച്ചായിരുന്നു.



****

രണ്ടായിരത്തി പതിമൂന്നു നവംബര്‍ അഞ്ചാം തിയതി ഉച്ചയ്ക്ക് പന്ത്രണ്ടേ അഞ്ചിനു ഇരുമ്പുമുറിക്കുള്ളിലിരുന്നു ഏതോ ഒരു കൈയുമായി നോട്ടുകെട്ടുകള്‍ കൈമാറുമ്പോഴാണ് അഭിമന്യുവിന്റെ ഉള്ളില്‍ ചോദ്യങ്ങള്‍ വന്നു കൂടുന്നത്.

അതെ, അങ്ങനെ വേണം പറയാന്‍. ആ ചോദ്യങ്ങളൊന്നും തന്നെ അഭിമന്യു സ്വയം ഉണ്ടാക്കിയെടുത്തതല്ല. മറിച്ച് ആ  ചോദ്യങ്ങള്‍ എന്നോ എങ്ങനെയോ അഭിമന്യുവിലെക്ക് കടക്കുകയും അയാളിലുടനീളം വ്യാപിക്കുകയും പെട്ടെന്നൊരു ദിവസം (കൃത്യം പറഞ്ഞാല്‍ രണ്ടായിരത്തിപതിമൂന്നു നവംബര്‍ അഞ്ചാം തിയതി ഉച്ചയ്ക്ക് പന്ത്രണ്ടേ അഞ്ചിന്) പുറത്തേക്ക് ചാടുകയും അയാളുടെ ചുറ്റുമുള്ള അന്തരീക്ഷത്തില്‍ യാതൊരു നിയമപരിധികളും മാനിക്കാതെ ഇടം പിടിക്കുകയുമായിരുന്നു.

അന്നേരമാണ് അഭിമന്യു ആ കമ്പികള്‍ കൊണ്ട് വരിഞ്ഞു കെട്ടിയ ഇരുമ്പുമുറിയെ എന്നെന്നേക്കുമായി ഭേദിച്ച് പുറത്തേയ്ക്കിറങ്ങുന്നത്.

****


അഭിമന്യു നടന്നു.

പണ്ട് ചക്രവ്യൂഹത്തിലക്ക് എടുത്തുചാടും മുന്‍പുള്ള രാത്രിയില്‍ ചോരയും ചലവും നിറഞ്ഞ യുദ്ധഭൂമിയിലൂടെ വെറുതേ നടന്നിരുന്ന സുഭദ്രാപുത്രനെപ്പോലെ, സ്ഥലത്തെ പ്രധാന ബാങ്കില്‍ കാഷ്യറായിരുന്ന, എന്നാല്‍ അന്നേ ദിവസം പന്ത്രണ്ടേ അഞ്ചിന് ഒന്നുമല്ലാതായിത്തീര്‍ന്ന അഭിമന്യു നടന്നു.

കണ്ണുകള്‍ തുറന്നുവെച്ച് നിശ്ശബ്ദമായി ശ്വാസം വലിച്ച് അയാള്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു. താണ്ടുന്ന ദൂരത്തോടൊപ്പം അഭിമന്യു വിവസ്ത്രനായി. ആദ്യമൊക്കെ അയാളുടെ ലെതര്‍ ഷൂ കോണ്ക്രീറ്റ് തറകളില്‍ നിറുത്താതെ ചുംബിച്ചു. പിന്നീട് അയാളുടെ നഗ്നപാദങ്ങളും മഞ്ഞണിഞ്ഞ പുല്‍ത്തകിടികളും തമ്മിലായി ചുംബനം.

അതിനിടയിലെപ്പോഴോ അഭിമന്യുവിന്റെ റിസ്റ്റ് വാച്ച് ശബ്ദിച്ചു. സമയം പുലര്‍ച്ചെ മൂന്നേ അന്‍പത്. ദിവസം ഓര്‍മ്മയില്ല.

****

അഗസ്ത്യാര്കൂടത്തിന്റെ മുകളില്‍ നില്‍ക്കുമ്പോള്‍ അഭിമന്യുവിന്റെ ചുറ്റും മേഘങ്ങള്‍ വന്നുകൂടി. അവ അവനെ സ്നിഗ്ദ്ധമായി തലോടി. ഒന്നിന് പുറകെ ഒന്നായി അവ വന്നുകൊണ്ടേയിരുന്നു. അഭിമന്യുവിനെ തലോടാനായി മാത്രം. പരസ്പരം വഴക്കിടാതെ അവര്‍ അവസരമനുസരിച്ച് അവനെ തലോടി.

അങ്ങനെ വന്നുകൂടിയ മേഘങ്ങളില്‍ അച്ഛനും അമ്മയും അനുജത്തിയും രാധയുമുളളതായി അവനു തോന്നി.

****

അച്ഛന്‍,അച്ഛന്‍ വരാന്‍ വൈകണേയെന്നു പ്രാര്ത്ഥിക്കാറുണ്ടായിരുന്നു അഭിമന്യു. അച്ഛന്‍ പടിചവിട്ടുന്ന ആ നിമിഷം മുതല്‍ വീട്ടില്‍ എന്തൊക്കെയോ നിയമങ്ങള്‍ നിലവില്‍ വരുന്നതായി അവനു തോന്നിയിരുന്നു 

 അച്ഛന്‍ വന്നാല്‍ പിന്നെ ഉറക്കെ അലറി വിളിച്ചുകൂടാ, അനുജത്തിയുമായി വഴക്കിട്ടുകൂടാ, അമ്മയെ അടുക്കളയില്‍ ചെന്ന് ശല്യപ്പെടുത്തിക്കൂടാ, മുറ്റത്ത് മൂത്രമോഴിച്ചുകൂടാ...അങ്ങനെ അനവധി നിയമങ്ങളുമായി വരുന്ന കോടതിയായിരുന്നു കുട്ടിക്കാലത്ത് അച്ഛന്‍.

അഭിമന്യുവിന്റെ പ്രാര്ത്ഥന കേട്ട ദൈവങ്ങളായിരിക്കണം അത് ചെയ്തത്. ഒടുവില്‍ ഒരു ശനിയാഴ്ച രാത്രി അച്ഛന്‍ വീട്ടില്‍ വന്നില്ല. അച്ഛനില്ലാത്ത ഞായറാഴ്ച അഭിമന്യു ഉറക്കെ അലറി വിളിച്ചു, അനുജത്തിയുമായി മതിവരുവോളം വഴക്കിട്ടു, അമ്മയെ ഇരുട്ടുവോളം അടുക്കളയില്‍ ചെന്ന്‍ ശല്യപ്പെടുത്തി, മുറ്റത്ത് മൂത്രമൊഴിച്ചു.

അന്നുരാത്രി അച്ഛന്‍ അവസാനമായി വീട്ടിലേക്ക് വന്നു. മകന്റെ വികൃതികളെക്കുറിച്ച് അച്ഛനോട് പറഞ്ഞപ്പോള്‍ അഭിമന്യുവിന്റെ അമ്മ കരഞ്ഞിരുന്നു. എല്ലാം കേട്ടിട്ടും അദ്ദേഹം അനങ്ങിയില്ല. ചൂരലു  തേടി വടക്കേ മുറിയിലേക്ക് പോയില്ല. കാലുകള്‍ തമ്മില്‍ കൂട്ടിക്കെട്ടിയിരുന്നതിനാല്‍ അദ്ദേഹത്തിനു കിടന്നിടത്തുനിന്നും എഴുന്നേല്‍ക്കാനായില്ല.   

****

പിന്നീടുള്ള കാലം അഭിമന്യു കുരുക്ഷേത്രത്തിലായിരുന്നു. ആദ്യമൊക്കെ പാഠപുസ്തകങ്ങളോടും പിന്നീട് പി. എസ്. സി പരീക്ഷയോടും അഭിമന്യു യുദ്ധം ചെയ്തു. അതിനിടയില്‍ അനുജത്തി സര്‍വാഭരണവിഭൂഷിതയായി പടിയിറങ്ങി നടന്നുപോയി.

അമ്മയാകട്ടെ നക്ഷത്രങ്ങള്‍ക്കിടയില്‍‍ എവിടെയോയിരുന്ന് അച്ഛനോട് തന്റെ കുറ്റങ്ങള്‍ പറഞ്ഞുകൊടുക്കാൻ തിരക്കിട്ടുപോയി. 

****

രാധയെ അഭിമന്യു പ്രണയിച്ചിട്ടില്ല. അവന്‍ ആരെയും പ്രണയിച്ചിട്ടില്ല.
രാധയോടൊപ്പം അഭിമന്യു കിടക്ക പങ്കിട്ടിട്ടുണ്ട്. ഒന്നല്ല, പലതവണ. ഒരു വേശ്യയാണെങ്കിലും രാധയ്ക്ക് ഒരു പ്രത്യേക മണമാണ്. നിശാഗന്ധിയുടെ മണം.

നിശാഗന്ധി- രാത്രികളെ മണമുളളതാക്കുന്നത്.

അഭിമന്യുവിന്റെ രാത്രികള്‍ക്ക് മണമുണ്ടായിരുന്നുവെങ്കില്‍ അത് നിശാഗന്ധിയുടേതാണ്.


രണ്ടായിരത്തി പതിനാല് ജൂണ്‍ അഞ്ചാം തിയതി രാത്രി എട്ടെ മുപ്പതിന് അഗസ്ത്യാര്‍കുടത്തിലെ പച്ചമൂടിയ പാറയുടെ മുകളില്‍ നില്‍ക്കുമ്പോള്‍ അഭിമന്യുവിന്റെ കണ്ണുകള്‍ നിറഞ്ഞു.

നഷ്ടബോധമായിരുന്നില്ല കാരണം. തനിക്കുവേണ്ടി മാത്രം തുറന്നിരുന്ന വേശ്യയായ രാധയുടെ ഒറ്റമുറിവീടിന്റെ വാതില്‍ ഇനി മറ്റാര്‍ക്കെങ്കിലുമായി  തുറക്കപ്പെടുമോയെന്നുള്ള ഭയം, അസൂയ.

ധൈര്യശാലിയായ യോദ്ധാവല്ല അഭിമന്യു, സ്ഥലത്തെ പ്രധാന ബാങ്കില്‍ കാഷ്യറായിരുന്ന, എന്നാല്‍ ഇന്ന് ഒന്നുമല്ലാത്ത വിവസ്ത്രനായ, ഒരു എച്. എം. ടി വാച്ചിനുടമ.

****

മേഘങ്ങള്‍ അല്പമൊന്നു മാറിയപ്പോള്‍ അഭിമന്യുവിന്റെ അന്തരീക്ഷം വീണ്ടും തെളിഞ്ഞു. അതില്‍ നേരത്തെ ഇടംപിടിച്ചിരുന്ന ചോദ്യങ്ങള്‍ കൂടുതല്‍ തെളിഞ്ഞു കാണപ്പെട്ടു.

ചോദ്യങ്ങളാണ് എന്നും ഉത്തരങ്ങളേക്കാള്‍ മുന്‍പില്‍. ചോദ്യമുണ്ടായാലെ ഉത്തരമുള്ളൂ. എന്നാല്‍ ഉത്തരങ്ങളില്ലാതെയും ചോദ്യങ്ങളുണ്ടാകാം.

അഭിമന്യുവിന് ചുറ്റുമുള്ള ചോദ്യങ്ങള്‍ എണ്ണിയെടുക്കാനോ വായിച്ചെടുക്കാനോ കഴിയുമായിരുന്നില്ല. അവ രൂപത്തിലും ഭാവത്തിലും ഒന്ന് മറ്റൊന്നില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഒരു ഫിഷന്‍ റിയാക്ടറിനുള്ളിലെ കണികകളെക്കണക്കെ അവയോരോന്നും വളര്‍ന്നുകൊണ്ടിരുന്നു. വൈകുന്നേരം അഞ്ച് പന്ത്രണ്ടിന് വായിക്കപ്പെട്ട ചോദ്യം അഞ്ച് പതിമൂന്നാകുമ്പോഴേക്കും രൂപാന്തരപ്പെടുന്നു. അതിനു പിന്നിലെ ഉത്തരത്തിനായി ഇടയിലെ ഒരു നിമിഷം നടത്തിയ മസ്തിഷ്ക വ്യായാമമത്രയും വെറുതെയാകുന്നു.



അങ്ങനെ ഒന്നല്ല ലക്ഷക്കണക്കിന്‌, കോടിക്കണക്കിനു ചോദ്യങ്ങളാണ് അഭിമന്യുവിന്റെ അന്തരീക്ഷത്തിനു ചുറ്റും വന്നുകൂടിയത്.

****

ഞാന്‍  ആരാണ്?
ഞാന്‍  എന്തുകൊണ്ടാണ് വിവസ്ത്രനായി ഈ പാറയുടെ മുകളില്‍ നില്‍ക്കുന്നത്?
ഞാന്‍  എങ്ങനെ ഒരു മനുഷ്യനായി?
എന്തുകൊണ്ട് ഞാനൊരു തൂക്കണാംകുരുവിയോ പഴുതാരയോ ആയില്ല?
ഞാന്‍  എന്തിനാണ് കരയുന്നത്?
ഞാന്‍ എന്തുകൊണ്ട് ചിരിക്കുന്നില്ല?
എന്താണ് എന്റെ സന്തോഷം?
എന്റെ സമാധാനം?
ഇത്രകാലം എന്തിനാണ് ഞാന്‍ ഒരു ഇരുമ്പുമുറിക്കുള്ളിലിരുന്നു നോട്ടുകളെണ്ണിയിരുന്നത്?

.....അങ്ങനെ അങ്ങനെ ലക്ഷക്കണക്കിന്‌, കോടിക്കണക്കിനു ചോദ്യങ്ങള്‍.

പെട്ടെന്ന് എച്. എം. ടി ശബ്ദിച്ചു. രണ്ടായിരത്തിപതിനാല് മേയ് ഇരുപത്തിനാല്, സമയം ഒന്നേ മുപ്പത് പി എം.

ആ ശബ്ദം അഭിമന്യുവില്‍ വിശപ്പുണ്ടാക്കി. അയാള്‍ ചാഞ്ഞുനിന്നിരുന്ന പേരറിയാത്ത മരത്തിലെ ചുവന്ന കായ്കള്‍ പറിച്ചെടുത്ത്, ഇലകൊണ്ട് തുടച്ചശേഷം ഭക്ഷിച്ചു.

പിറ്റേന്ന് അയാള്‍ക്ക് വയറുവേദനയുണ്ടായി.

അതിനുശേഷം ചാഞ്ഞുനിന്നിരുന്ന പേരറിയാത്ത മരത്തിലെ ചുവന്ന കായ്കള്‍ അയാള്‍ കഴിച്ചിരുന്നില്ല.  

****  

തന്നിലേക്ക് വന്നുകൂടിയ ചോദ്യങ്ങളെക്കുറിച്ചോര്‍ത്ത് അല്പമൊക്കെ അഭിമന്യു അഹങ്കരിച്ചിരുന്നു. ബുദ്ധനിലും, ശങ്കരനിലും, രമണമഹര്ഷിയിലും, ലാവോ ത്സൂവിലും, ഗോദാരദിലും ബെര്‍ഗ്മാനിലും ഫെല്ലിനിയിലും, നിച്ചെയിലും, കാഫ്കയിലും, സോമര്‍സെറ്റ്‌ മോമിലുമെല്ലാം ഇങ്ങനെ ചോദ്യങ്ങള്‍ വന്നുകൂടിയിരുന്നല്ലോ എന്നോര്‍ത്ത് അയാള്‍ അല്പമൊക്കെ അഹങ്കരിച്ചിരുന്നു.

****

ഇരുമ്പുമുറിയില്‍ നിന്നും ചോദ്യങ്ങള്‍ കാരണം ഇറങ്ങിവന്ന അഭിമന്യുവിനു ഇന്നും ചോദ്യങ്ങളില്‍ നിന്നും മോചനം ലഭിച്ചിട്ടുണ്ടായിരുന്നില്ല.

ഇന്ന് സെപ്തംബര്‍ പതിനൊന്ന്‍ രണ്ടായിരത്തിപതിനാല്.

പേരറിയാത്ത ഏതോ പുഷ്പത്തില്‍ നിന്നും തേന്‍ കുടിക്കുന്ന ഒരു ശലഭത്തെ നോക്കി നില്‍ക്കുകയായിരുന്നു അഭിമന്യു. ഇതിനു മുന്‍പ് പല പ്രാവശ്യം അയാള്‍ അതിനെ അവിടെ കണ്ടിട്ടുണ്ട്. പലപൂവുകളില്‍ നിന്നായി പലനേരങ്ങളിലായി അത് തേന്‍ കുടിക്കുന്നു.

അപ്പോഴാണ്‌ അഭിമന്യുവിന്റെ എച്. എം. ടി അയാളില്‍ വിശപ്പുണ്ടാക്കാനായി  ശബ്ദിച്ചതും അതുകേട്ട് ഭയന്ന ശലഭം അവിടെനിന്നും പറന്നുപോയതും.

ഭൂമിയില്‍ സത്യമെന്നൊന്നുണ്ടെങ്കില്‍ അത് സമയമാണെന്നും ആ സത്യത്തെ ഒരു ശലഭം എന്തിനു ഭയക്കണമെന്നുമുള്ള പുതിയ ചോദ്യത്തിനെ കുറിച്ചാലോചിച്ച്  മണിക്കൂറുകളോളം അഭിമന്യു അവിടിരുന്നു.
ഒടുവില്‍ ആരോ മന്ത്രിച്ചത് കേട്ടുകൊണ്ടെന്നവണ്ണം അയാള്‍ തന്റെ എച്. എം. ടി റിസ്റ്റ് വാച്ച് അഴിച്ചെടുക്കുകയും ദൂരേയ്ക്കെറിയുകയും ചെയ്തു.


അവിചാരിതമെന്നു പറയട്ടെ അഭിമന്യു സമയവിമുക്തനായ സെപ്തംബര്‍ പതിനൊന്ന്‍ രണ്ടായിരത്തിപതിനാലിനാണ് എച്. എം. ടി വാച്ചസ് സമയത്തിനോടൊപ്പം ഓടിയെത്താനാകാതെ എന്നെന്നേയ്ക്കുമായി സമയത്തെ ഉപേക്ഷിച്ചതും.

****

സമയ-നിയമ പരിധികള്‍ക്കപ്പുറത്തു നിന്നപ്പോള്‍ അഭിമന്യുവിനു എന്തെന്നില്ലാത്ത ഒരു സന്തോഷവും സമാധാനവും അനുഭവപ്പെട്ടു.
ഇന്ന്‍, തിയതിയെത്രയെന്നും വര്‍ഷമെന്തെന്നും സമയമെന്തെന്നും അഭിമന്യുവിനറിയില്ല.

ഇന്ന് മേഘങ്ങള്‍ അയാളെ തലോടുമ്പോള്‍ അയാളില്‍ ആനന്ദം മാത്രമുണ്ടാകുന്നു.

****

ഇപ്പോൾ അഭിമന്യുവിനു മുന്നില്‍ ഒരു തടാകമാണ്. പേരറിയാത്ത,
ആഴമറിയാത്ത ഒരു ജലാശയം.

അഭിമന്യു അതിനൊരു പേരിട്ടു. ചക്രവ്യൂഹം.

അനങ്ങാതെ, എന്തൊക്കെയോ നിഗൂഢതകളൊളിപ്പിച്ച് ശാന്തമായി, നിശ്ചലമായി നിലകൊള്ളുന്ന ഒരു ജലാശയം.

തന്റെ മൂന്നു കാലങ്ങളും - ഭൂതവും ഭാവിയും വര്ത്തമാനവും ആ ആഴങ്ങളിലുളളതായി അഭിമന്യുവിനു തോന്നി.

വിവസ്ത്രനായ, സമയ-നിയമപരിധികളില്‍ നിന്നും വിമുക്തനായ അഭിമന്യു ചക്രവ്യൂഹത്തിലെക്ക് എടുത്തുചാടി. നീന്താന്‍ ശ്രമിക്കാതെ ആഴങ്ങളിലേക്ക് സ്വയം നീങ്ങാനനുവദിച്ചു.

മൂന്നുകാലങ്ങളുമുള്ള ചക്രവ്യൂഹം. നിഗൂഢതകളുടെ ആഴം.
മൌനം, അനാദിയായ അനന്തമായ മൌനം.

****


ഒരുപക്ഷേ യോദ്ധാവായ അഭിമന്യുവിനെ ചക്രവ്യൂഹത്തിലേക്ക് ക്ഷണിച്ചത് പാണ്ഡവപക്ഷത്തെ കുറിച്ചോര്‍ത്തുള്ള രോമാഞ്ചമായിരുന്നിക്കില്ല. ഒരുപക്ഷേ അയാളെ ആകര്‍ഷിച്ചത് ചക്രവ്യൂഹത്തിന്റെ നിഗൂഢതകളെക്കുറിച്ചുള്ള ചോദ്യങ്ങളാകാം. ശേഷമെന്തെന്നു ചിന്തിക്കാതെ, ഒരു കാഷ്യറായിരുന്ന, എന്നാല്‍ ഇന്ന് ഒന്നുമല്ലാത്ത, ഒരു എച്. എം. ടി വാച്ചിനുപോലും ഉടമയല്ലാത്ത, സാധാരണക്കാരില്‍ സാധാരണക്കാരനായ അഭിമന്യുവിനെപ്പോലെ, യോദ്ധാവായ അഭിമന്യുവും ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നതാകാം.

മൌനം...അനാദിയായ അനന്തമായ മൌനം...
The End;)

നന്ദി:  ഈയിടെ കണ്ട  പിയറോ ലെ ഫൂ, പെര്സോണ, ഞാൻ തുടങ്ങിയ സിനിമകൾക്കും  പിന്നെ കുറച്ചുകാലമായി  അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വത്വവ്യഥയ്ക്കും.   


  

Comments

  1. മറ്റു മനുഷ്യകഥാപാത്രങ്ങള്ക്ക് പ്രാധാന്യം കുറഞ്ഞ് ഒരു മനുഷ്യനെയും മനുഷ്യരല്ലാത്ത മറ്റു കഥാപാത്രങ്ങളെയും ചുറ്റിപ്പറ്റിപ്പോകുന്ന കഥകളാണ് വിഷ്ണു എഴുതിയതില് അധികവും എന്നു തോന്നുന്നു. മറ്റു മനുഷ്യരുടെ പ്രാധാന്യം എത്ര കുറയുന്നുവോ, വിഷ്ണുവിന്റെ കഥ അത്രയേറെ നന്നാവും എന്നാണ് ഫീല് ചെയ്തിട്ടുള്ളത്. ഇത് അത്തരത്തിലൊന്നായിരുന്നു. ക്ലാസ്സിക് സൃഷ്ടി. വളരെ ഇഷ്ടമായി. :)

    സ്വത്വവ്യഥയാണ് വിഷ്ണുവിനെ കഥാകാരനാക്കുന്നതെങ്കില് ആ വ്യഥയ്ക്ക് വായനക്കാരനും കടപ്പെട്ടിരിക്കുന്നു. തന്റെ സ്വത്വം ഒരു കഥാകാരന്റേതാണെന്ന് വിഷ്ണു തിരിച്ചറിയാതിരിക്കട്ടെ എന്ന് ആത്മാര്ഥമായി ആഗ്രഹിക്കുന്നു.

    ReplyDelete
  2. 1351 എന്ന കഥ മേല്പറഞ്ഞ നിരീക്ഷണത്തിന് ഒരപവാദമാണ്. മനുഷ്യരായി കുറച്ച് കഥാപാത്രങ്ങളുണ്ടായിരുന്നെങ്കിലും ഗംഭീരസൃഷ്ടിയായിരുന്നു അത്. :)

    ReplyDelete
    Replies
    1. ഇത്രയും സൂഷ്മമായി ഒരു ബ്ലോഗ്‌ വായിക്കുകയും, നിരീക്ഷിക്കുകയും യുക്തിപരമായും ഉദ്ദേശശുദ്ധിയോടും കൂടി വിമർശിക്കുകയും ചെയ്യുന്ന ഒരു വായനക്കാരൻ :))) #HONOURED :)

      Delete
    2. നമ്മളേക്കൊണ്ട് പറ്റണ, പൈസചെലവില്ലാത്ത, ഓരോ‌രോ കാര്യങ്ങള്. അതു ചെയ്യുമ്പൊ മ്മക്കും സന്തോഷം കിട്ടണുണ്ട്. പിന്നെ എന്തിന് ചെയ്യാണ്ടിരിക്കണം. :)

      Delete

Post a Comment

Popular posts from this blog

തകരപ്പെട്ടി

കോട

വ്യാസചരിതം